എല്ലാ ദിവസവും ആവി പിടിക്കുന്നതു ശരിയല്ല; ഇനി ആവി പിടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
പനിയും ജലദോഷവും വന്നാൽ പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് – ‘ആവി പിടിച്ചു നോക്കൂ. നല്ലതാണ്’. മഴക്കാലത്ത് കഫം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവി പിടിക്കുന്നതു നല്ലതാണ്. പക്ഷേ, ശ്രദ്ധയോടെ ചെയ്യണമെന്നു മാത്രം. രോഗ ബാധിതനാകുമ്പോൾ നമ്മുടെ ശ്വാസനാളത്തിൽ അണുക്കൾ വന്നു നിറയും. ശ്വാസകോശ രോഗങ്ങളുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളിലേക്കു നയിക്കുന്നത് ഇത്തരം അണുക്കളാണ്. ശ്വാസനാളത്തിലെ ഇത്തരം അണുക്കളെ നശിപ്പിക്കുകയെന്നതാണ് ആവി പിടിക്കുന്നതിന്റെ ഒരു ദൗത്യം. അണുനാശന ഗുണങ്ങളുള്ള തുളസി, ചുക്ക്, ഉള്ളി, മഞ്ഞൾ തുടങ്ങിയവ കുറഞ്ഞ അളവിലിട്ട് ആവി പിടിക്കുന്നതു നമ്മുടെ ശ്വാസനാളത്തിലെ തടസ്സങ്ങൾ മാറ്റി ശ്വസനം ശരിയായ രീതിയിലാക്കാൻ സഹായിക്കും. അതുകൊണ്ടു തന്നെ അണുക്കളെ നശിപ്പിക്കാൻ ഇത്തരത്തിൽ ആവി പിടിക്കുന്നതു വഴി സാധിക്കും.
വർഷക്കാലത്തു മഴയിൽ നനയുകയും മറ്റും ചെയ്യുമെന്നതിനാൽ കഫക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഫം ഇളക്കി കളയാൻ സഹായിക്കുമെന്നതാണ് ആവി പിടിക്കുന്നതു കൊണ്ടുള്ള മറ്റൊരു നേട്ടം. ജലദോഷമുണ്ടാകുമ്പോൾ മൂക്കിലും ശ്വാസനാളത്തിലുമെല്ലാം കഫം അടിഞ്ഞു കൂടാം. ഇതിനെ അയച്ചു മുറുക്കം കുറയ്ക്കാൻ ആവി പിടിക്കുന്നതു സഹായിക്കും.
ആവി പിടിക്കുന്നതു രണ്ടു തരത്തിലാണ്. ശ്വാസനാളത്തിലെ തടസ്സം നീക്കാൻ ആവി മൂക്കിലൂടെ ശ്വസിക്കുന്നതാണ് ഒരു രീതി. എന്നാൽ തല മുഴുവൻ പുതപ്പിട്ടു മൂടി ആവി പിടിക്കുന്ന രീതിയുമുണ്ട്. ഇതോടെ ആവി പിടിക്കുന്നയാൾ മുഴുവൻ വിയർത്തു കുളിക്കും. കടുത്ത കഫക്കെട്ട് ഉണ്ടാകുമ്പോൾ ആവി പിടിക്കുന്നതിന് ഈ രീതിയാണു സ്വീകരിക്കുക. എന്നാൽ എല്ലാ ദിവസവും ആവി പിടിക്കുന്നതു ശരിയായ പ്രവണതയല്ല. ഡോക്ടറുടെ നിർദേശ പ്രകാരം ആവി പിടിക്കുന്നതാണു ശരി.
ചെവി, മൂക്ക്, തൊണ്ട എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ശരീര ഭാഗങ്ങളാണ്. ചെവി സംബന്ധമായി അസുഖങ്ങൾ ഉള്ളവരിൽ ചിലർക്ക് ആവി പിടിക്കുമ്പോൾ ചില അസ്വസ്ഥതകൾ തോന്നാൻ സാധ്യതയുണ്ട്.കണ്ണുകളിലേക്ക് നേരിട്ട് ആവിയെത്തരുത്. അതുകൊണ്ട് ആവി പിടിക്കുമ്പോൾ കണ്ണുകൾ അടച്ചു പിടിക്കണം. പൊള്ളലേൽക്കാനുള്ള സാധ്യതയുള്ളതിനാൽ മുഖത്തോടു കൂടുതൽ ചേർത്തുവച്ച് ആവി പിടിക്കരുത്. ആവി പിടിക്കുമ്പോൾ വെള്ളത്തിൽ ഇടാനായി ചില മരുന്നുകൾ ആയുർവേദം നിർദേശിക്കുന്നുണ്ടെങ്കിലും അത് അസുഖം എന്താണെന്നു മനസ്സിലാക്കി ഡോക്ടറുടെ നിർദേശ പ്രകാരമേ ഉപയോഗിക്കാവൂ.
(വിവരങ്ങൾ: ഡോ. എം.എസ്. നൗഷാദ്)
ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് സൂര്യനമസ്കാരം: വിഡിയോ