കൃഷി ചെയ്തത് ഒന്നല്ല, രണ്ട് ഇനം; 300 കിലോ വിളവ്; തണ്ണിമത്തൻ കൃഷിയിൽ മികച്ച നേട്ടവുമായി അവറാച്ചി

Mail This Article
തണ്ണിമത്തൽ കൃഷിയിൽ മികച്ച നേട്ടവുമായി കോട്ടയം മണർകാട് സ്വദേശി പൈനിങ്കൽ പി.കെ.കുര്യാക്കോസ് എന്ന അവറാച്ചി. താൽപര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ കൃഷിയിൽ മികച്ച നേട്ടം കൊയ്യാമെന്നു കാണിച്ചുതരികയാണ് അദ്ദേഹം. ഗുഡ്സ് വാഹനമോടിക്കുന്ന അവറാച്ചിക്ക് കൃഷി ജീവനാണ്. വർഷങ്ങളായി കൃഷിയുമുണ്ട്. എന്നാൽ, ആ കൃഷി സ്വന്തം സ്ഥലത്തല്ലെന്നു മാത്രം.
സ്ഥലം നന്നായി പരിപാലിക്കണമെന്ന നിർദേശത്തോടെ പാട്ടമില്ലാതെ സൗജന്യമായി ലഭിച്ച മൂന്നു സ്ഥലങ്ങളിലാണ് അവറാച്ചിയുടെ കൃഷി. വാഴ, കപ്പ, പച്ചക്കറികൾ, പപ്പായ എന്നിവയാണ് പ്രധാന വിളകൾ. സീസൺ അനുസരിച്ച് തണ്ണിമത്തൻ കൃഷിയുമുണ്ട്. ഈ സീസണിലെ തണ്ണിമത്തൻ വിളവെടുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചു. കാമ്പിന് ചുവപ്പ്, മഞ്ഞ നിറമുള്ള 2 ഇനങ്ങളാണ് ഇത്തവണ കൃഷി ചെയ്തത്. ഒരേക്കറോളം സ്ഥലത്ത് 90 ചുവടുകളാണ് കൃഷി ചെയ്തത്. രണ്ടു ദിവസംകൊണ്ട് 200 കിലോയോളം വിളവെടുക്കാൻ കഴിഞ്ഞു. ഇത്തവണ ആകെ 300 കിലോയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് 500 കിലോയോളം വിളവെടുക്കാൻ സാധിച്ചിരുന്നതായി അവറാച്ചി. ഇത്തവണ വിത്തിടാൻ അൽപം താമസിച്ചതിനാൽ കാലാവസ്ഥ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. നവംബർ ആദ്യം വിത്തിടാൻ സാധിച്ചാൽ മികച്ച വിളവ് ഉറപ്പാണെന്നും അവറാച്ചി പറഞ്ഞു.
മഞ്ഞ നിറമുള്ളത് കിലോ 40 രൂപയ്ക്കും ചുവപ്പ് നിറമുള്ളത് 30 രൂപയ്ക്കുമാണ് ഇത്തവണ വിറ്റത്. ജൈവ രീതിയിലുള്ള കൃഷി ആയതിനാൽ സുഹൃത്തുക്കളും സമീപവാസികളുമെല്ലാം നേരിട്ട് കൃഷിയിടത്തിലെത്തി വാങ്ങി. പുറത്ത് കൊടുക്കേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ മികച്ച വില ലഭിച്ചുവെന്നതാണ് പ്രധാന നേട്ടം.

കുഴികുത്തി പച്ചില, കോഴിവളം, ചാണകം, കരി എന്നിവ ചേർത്ത് മൂടിയശേഷമാണ് വിത്ത് നടുന്നത്. വിത്ത് മുളച്ച് വള്ളി വീശിയശേഷം ചാണകവും കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ചേർത്ത് തയാറാക്കുന്ന ലായനി നേർപ്പിച്ച് ഇടയ്ക്ക് ഒഴിച്ചുകൊടുക്കും. കൃത്യമായി നനയുമുണ്ട്. വിത്തു കുത്തി 30 ദിവസം കഴിയുമ്പോൾ പൂവിടും 55–60 ദിവസത്തിൽ വിളവെടുപ്പ് ആരംഭിക്കാം. ഇപ്പോഴത്തെ വിളവെടുപ്പ് പൂർത്തിയാകുമ്പോൾ ഇവിടെ ഓപ്പൺ പ്രിസിഷൻ ഫാമിങ് രീതിയിൽ പച്ചക്കറി കൃഷി ചെയ്യാനാണ് തീരുമാനം.
ഇപ്പോൾ കൃഷി ചെയ്യുന്ന ഒരേക്കർ സ്ഥലം കൂടാതെ മറ്റൊരു സ്ഥലത്ത് വീണ്ടും തണ്ണിമത്തൻ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് അവറാച്ചി. മാർച്ച് 15ന് വിത്തു കുത്തി മേയ് 15 ആകുമ്പോഴേക്ക് വിളവെടുക്കും. കൃഷിപ്പണിക്ക് മറ്റാരുടെയും സഹായമില്ല. കള വെട്ടാൻ പുല്ലുവെട്ട് മെഷീനുണ്ട്. കൂടാതെ കിളച്ചു നിലമൊരുക്കാനും യന്ത്രമുണ്ട്. അതുകൊണ്ടുതന്നെ കൃഷിപ്പണികൾ അനായാസം മുൻപോട്ടു കൊണ്ടുപോകാൻ കഴിയുന്നു.
അവറാച്ചിയുടെ കൃഷിതാൽപര്യം കണ്ട് പാട്ടമില്ലാതെയാണ് കൃഷി ചെയ്യാൻ സ്ഥലം നൽകിയതെന്ന് സ്ഥലമുടമ വെട്ടിക്കുന്നേൽ വി.കെ.കുര്യൻ പറഞ്ഞു. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുള്ളതിനാൽ തനിക്ക് കൃഷി ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ കൃഷിയോടു താൽപര്യമുള്ള അവറാച്ചിക്ക് നൽകുകയായിരുന്നു. സ്ഥലം ഭംഗിയായി കിടക്കുമെന്നു മാത്രമല്ല നല്ല രീതിയിൽ വിളകളുണ്ടാകുന്നത് കാണുമ്പോൾ സന്തോഷമാണെന്നും കുര്യൻ പറഞ്ഞു.