അഞ്ചു പോത്തുകളെ വളർത്തി നേടാം മാസം 10,000 രൂപ, ഇത് യുവകർഷകന്റെ രീതി: പോത്തിലും ഇന്റഗ്രേഷൻ
![buffalo-1 പോത്തുകുട്ടികൾക്കൊപ്പം അജോ](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/pets-world/images/2024/9/15/buffalo-1.jpg?w=1120&h=583)
Mail This Article
പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണ സംരംഭങ്ങളിലൊന്നാണ് പോത്തുവളര്‍ത്തല്‍. പോത്തിനു ശരീരത്തൂക്കം കൂടുംതോറും ആദായവും വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്ത് മടക്കിനല്‍കും. വളര്‍ത്തിത്തുടങ്ങിയ ഉടന്‍ തന്നെ വരുമാനം പോക്കറ്റിലെത്തില്ലെങ്കിലും പോത്തിനെ ക്ഷമയോടെ പരിപാലിച്ചാല്‍ ഒന്ന്- ഒന്നര വര്‍ഷത്തിനകം ലാഭം ഉറപ്പ്.
പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താമെന്നതും തീറ്റച്ചെലവ് ഉള്‍പ്പെടെ പരിപാലനച്ചെലവ് കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും വലിയ അധ്വാനമില്ലാതെ പരിപാലിക്കാമെന്നതുമൊക്കെ പോത്തുവളര്‍ത്തലിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിൽ പോത്തിറച്ചിക്കു വലിയ വിപണിയുള്ളപ്പോഴും പോത്തുൽപാദനവും ഡിമാന്‍ഡും തമ്മിൽ വലിയ വിടവാണുള്ളത്. കശാപ്പിനായി ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽനാടുകളിൽനിന്നുതന്നെ. മാംസാഹാരപ്രിയരേറെയുള്ള കേരളത്തില്‍ മാംസോൽപാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്തുവളര്‍ത്തലിനു മികച്ച സാധ്യതയാണുള്ളത്. അപ്പോഴും സാഹചര്യമറിഞ്ഞും വിപണി കണ്ടും വേണം ഈ സംരംഭത്തിനിറങ്ങാൻ. അതുപോലെ പോത്ത് ആനപോലെ വലുപ്പം വച്ചാല്‍ വലിയ നേട്ടം നേടിത്തരുമെന്നു ചിന്തിക്കുകയും വേണ്ടാ.
![buffalo-2 buffalo-2](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/pets-world/images/2024/9/15/buffalo-2.jpg)
വിപണി അറിഞ്ഞ് വിപണനം
എന്നാണ് വിൽക്കാനാവുക, എത്ര രൂപയ്ക്കു വിൽക്കണം, എത്ര ലാഭം വേണം എന്നതെല്ലാം മുൻകൂട്ടി കണ്ടു വേണം സംരംഭത്തിനിറങ്ങാനെന്ന് തൃശൂർ കുറ്റൂർ സ്വദേശി കൊള്ളനൂർ പാറയ്ക്കൽ കെ.ഡി.അജോ. ഒരു പോത്തിനെ വളർത്തി വിൽക്കുമ്പോൾ കുട്ടിയുടെ വിലയും ചെലവും കിഴിച്ച് 25,000 രൂപയെങ്കിലും ലഭിക്കണം. ഇത് മാസവരുമാനമായി കണക്കുകൂട്ടിയാൽ ഒരു പോത്തിൽനിന്ന് മാസം 2000 രൂപയെങ്കിലും ലഭിക്കണം. 5 എണ്ണമുണ്ടെങ്കിൽ മാസം 10,000 രൂപ! അതു ലാഭമെന്നു കരുതുകയും വേണ്ടാ. അത്രയും നാൾ വളർത്തിയതിന്റെ കൂലിയായി കണ്ടാല്‍ മതി.
എട്ടു വർഷം മുൻപ് ഒരു പോത്തിനെ കൗതുകത്തിനു വാങ്ങി വളർത്തിയാണ് അജോ ഈ രംഗത്ത് എത്തിപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം വീടിനോടു ചേർന്ന് വർക്‌ഷോപ് ഉണ്ട്. ജോലിക്കൊപ്പം പോത്തുകൃഷിയും മുൻപോട്ടു പോയി. തുടക്കകാലത്ത് പോത്തുകുട്ടികൾ ചത്തുപോയ അനുഭവങ്ങളും രണ്ടു വർഷം വളർത്തി വലുതാക്കിയിട്ടു ലാഭമില്ലാതെ വിൽക്കേണ്ട അവസ്ഥയും ഉണ്ടായി. എങ്കിലും അനുഭവപാഠമുള്‍ക്കൊണ്ട് ആത്മവിശ്വാസം കൈവിടാതെ ഈ രംഗത്തു കൂടുതല്‍ ശ്രദ്ധിച്ചു.
ഇപ്പോൾ 5 പോത്തിൻകുട്ടികളുണ്ട്. അത് അടുത്ത വർഷത്തേക്കുള്ളതാണ്. വലിയ കുട്ടികളെ വാങ്ങി വളർത്തുന്നതാണ് തന്റെ അനുഭവത്തിൽ നേട്ടമെന്ന് അജോ. 150 കിലോയെങ്കിലും തൂക്കമുള്ളവയെയാണ് വാങ്ങുക. ലക്ഷ്യം വലിയ പെരുന്നാളാണ്. അപ്പോഴേക്ക് പോത്തുകൾ 350–400 കിലോ എത്തിയിട്ടുണ്ടാകും. 10–12 മാസം വളർത്തിയാൽ 60,000–65,000 രൂപ ലഭിക്കും. ഇടയ്ക്ക് 200 കിലോയുള്ളവയെയും വാങ്ങാറുണ്ട്. മുതൽമുടക്ക് കൂടുമെങ്കിലും കുറഞ്ഞ കാലത്തെ പരിചരണംകൊണ്ട് വിൽപനയ്ക്കു തയാറാകും. എന്നാൽ, ഇണങ്ങാൻ ബുദ്ധിമുട്ടായതിനാൽ സ്ഥലസൗകര്യമുള്ളവർക്കേ പ്രായം കൂടിയവയെ വളർത്താൻ സാധിക്കൂ.
![buffalo-3 buffalo-3](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/pets-world/images/2024/9/15/buffalo-3.jpg)
പുല്ല് യഥേഷ്ഠം ലഭിച്ചാൽ പോത്തുവളർത്തൽ ലാഭകരമാണ്. തരിശുപാടത്ത് കെട്ടിയാണു വളർത്തുന്നത്. കൈത്തീറ്റച്ചെലവ് തുടക്കത്തിൽ 15–20 രൂപയിലും വേനൽക്കാലത്ത് 30 രൂപയിലുംനിര്‍ത്താനാകണം. വലിയ തുക മുടക്കി കൂടുതൽ സാന്ദ്രിത തീറ്റ നൽകുന്നതിനോട് അജോയ്ക്കു യോജിപ്പില്ല. വലിയ പെരുന്നാളിന് ഒരുമിച്ച് വിൽക്കാൻ കഴിയുന്നതുകൊണ്ടുതന്നെ നല്ലൊരു തുക ഒരുമിച്ചു കയ്യിലെത്തും.
പോത്തിലും ഇന്റഗ്രേഷൻ
![dr-sreelakshmi-3 dr-sreelakshmi-3](https://img-mm.manoramaonline.com/content/dam/mm/mo/karshakasree/farm-management/images/2024/3/25/dr-sreelakshmi-3.jpg?w=845&h=440)
കോഴി വളർത്തലിൽ സുപരിചിതമായ ഇന്റഗ്രേഷൻ രീതി പോത്തുവളർത്തതിലും പരീക്ഷിക്കുകയാണ് തൃശൂർ അയ്യന്തോൾ താണിക്കൽ ഡോ. സി.എം.ശ്രീലക്ഷ്മി. വെറ്ററിനറി ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് സ്വന്തം മീറ്റ് സ്റ്റാളുണ്ട്. കോഴി, പോത്ത് എന്നിവയെ സ്വന്തമായി വളർത്തി സ്വന്തം സ്ഥാപനത്തിലൂടെ വിൽക്കുന്നതായിരുന്നു രീതി. എന്നാൽ, സ്വന്തമായി കൂടുതൽ എണ്ണം പോത്തിൻകുട്ടികളെ വളർത്തുന്നത് വെല്ലുവിളിയായി തോന്നിയപ്പോഴാണ് ഇന്റഗ്രേഷൻ പരീക്ഷിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 25ൽപ്പരം സ്ത്രീകൾക്ക് പോത്തുകുട്ടികളെ നൽകിയശേഷം വളർച്ചയെത്തിയപ്പോൾ മാർക്കറ്റ് വില നൽകി തിരികെ വാങ്ങുകയായിരുന്നു. ഇത്തരത്തിൽ 60–100 കിലോ തൂക്കമുള്ള 63 പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. ഒന്നര വർഷംകൊണ്ട് ഇവ 350 കിലോയ്ക്കു മുകളിൽ തൂക്കമെത്തി. തിരികെ വാങ്ങുമ്പോഴാണ് കുട്ടിയുടെ വിലയെടുക്കുക. അതു കുറച്ച് ബാക്കി തുകയാണ് കർഷകർക്കു നൽകുക. ഇതിലൂടെ രണ്ടു കൂട്ടർക്കും നേട്ടമെന്ന് ശ്രീലക്ഷ്മി.
മാംസാവശ്യത്തിനായി പോത്തുകളെ വലിയ തോതിൽ വളർത്തുമ്പോൾ രോഗങ്ങൾ പിടിപെടാന്‍ സാധ്യതയേറും. ഒന്നും രണ്ടുമായി വളർത്തുമ്പോൾ അപകടസാധ്യത കുറയുന്നു. കർഷകർക്കാവട്ടെ, വീട്ടിലെ കഞ്ഞിവെള്ളവും പുല്ലും നൽകി വലിയ ചെലവില്ലാതെ വളർത്താം. പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ വിൽക്കാനും എളുപ്പം. ഒന്നര വർഷം മുൻപു വിതരണം ചെയ്ത 63 പോത്തുകളിൽ അവസാനത്തെ പോത്തിനെ ഏതാനും ആഴ്ച മുൻപാണ് തിരിച്ചെടുത്തതെന്നും ഡോ. ശ്രീലക്ഷ്മി. പോത്തുകുട്ടികളെ നൽകുക മാത്രമല്ല, കൃത്യമായ ആരോഗ്യ പരിശോധനയും നടത്തും. വളർച്ചയ്ക്കാവശ്യമായ ധാതുലവണമിശ്രിതവും മൂന്നു മാസം കൂടുമ്പോൾ വിരമരുന്നും നൽകും.
ഫോൺ: 99478 63454 (അജോ)