'നിങ്ങൾ എന്തിനാ എന്നെ ഈ പ്രായത്തിലും വേദനിപ്പിക്കുന്നത്, എല്ലാവർക്കും വേണ്ടതെല്ലാം ഞാൻ തന്നതല്ലേ...'

Mail This Article
വീട്ടില്‍ ആരോ വന്നിരിക്കുന്നു, ഉറക്കത്തിൽ നിന്നും ഉണരാൻ സമയമായി. പ്രായമായിട്ടും സഹായിക്കാൻ ആരും ഇല്ല ഇവിടെ, എല്ലാം സ്വയം ചെയ്യണം. പേരക്കുട്ടികളൊക്കെ എത്തിയിട്ടുണ്ട്, കുറച്ചു നാളുകളായി മക്കളെയും പേരക്കുട്ടികളെയും എല്ലാം ഒരുമിച്ചു കണ്ടിട്ട്. ഇപ്പോൾ എങ്കിലും എല്ലാവർക്കും എന്നെ കാണാൻ തോന്നിയല്ലോ, ഞാൻ കരുതി എല്ലാവരും എന്നെ മറന്നെന്ന്. പതിവില്ലാതെ വളരെ സന്തോഷം തോന്നുന്നു. പക്ഷേ ഇതും താൽക്കാലികമായി ആണ് എന്ന് ഓർക്കുമ്പോൾ ഒരു സങ്കടവും, എന്തിനാ ഞാൻ നാളത്തെ പറ്റി ആലോചിക്കുന്നത്? ഇന്നുള്ള സന്തോഷം എനിക്കെന്നും ഒരു നല്ല ഓർമയായി നിലകൊള്ളുമല്ലോ, പിന്നെ എന്തിനു ദുഃഖം? ലോകത്തിന്റെ വേരുകൾ നഷ്ടപ്പെട്ട വഴിയിൽ വീണു പോകുന്നുണ്ടെങ്കിലും, അവർ അവരുടെ വേരുകളെ മറന്നിട്ടില്ല, അതു മാത്രം മതി ഈ വേര് നഷ്ടപ്പെട്ട വൃക്ഷത്തെ പിടിച്ചു നിർത്തുവാൻ. ചിതലരിച്ചു തീരുന്നതിനും മുമ്പ് ഈ ഓർമ്മകൾ ഒക്കെ ഇന്ന് എന്നെ ജീവനോടെ നിലനിർത്തട്ടെ.
നിശബ്ദത മുഴങ്ങുന്നു, എന്നാലും എന്തായിരിക്കും ആരും എന്നെ കാണാൻ എന്റെ മുറിയിലോട്ട് വരാത്തത്, ആരുടെയും ഒരു അനക്കവും എനിക്കു കേൾക്കുവാൻ കഴിയുന്നില്ലല്ലോ. ഒന്നു ഉറക്കെ വിളിക്കുവാന്‍ പോലുമുള്ള ആരോഗ്യം ഇല്ലാതായി പോയി. അല്ലേ തന്നെ ഈ മുറിയിൽ നിന്നു വിളിച്ചാൽ ആരു കേൾക്കാനാ. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ. എല്ലാവരും എന്നെ മറന്നോ? അതോ ഞാൻ എല്ലാവരെയും മറന്നോ? ഓർക്കുവാൻ ഇനിയും ആരെങ്കിലും ബാക്കി ഉണ്ടോ? ഓർമ്മ കിട്ടുന്നില്ല ഒന്നും.
ഇനി ആരെയും നോക്കി ഇരിക്കാൻ എനിക്കു വയ്യ. ഞാൻ തന്നെ പുറത്തിറങ്ങി ചെല്ലാം, ഈ പ്രായമായ കാലത്തും ഇത് എന്റെ ആവശ്യമല്ലേ, എന്റെ സന്തോഷത്തിന് വേണ്ടി, അപ്പോൾ ഞാൻ തന്നെ ചെല്ലാം. ആർക്കും എന്നെ വേണ്ടെങ്കിലും എനിക്ക് അങ്ങനെ കളയാൻ കഴിയില്ലല്ലോ എന്റെ ഓര്‍മകളെ. നടക്കാൻ വയ്യ പക്ഷേ എനിക്ക് വേദനയോ തളർച്ചയോ ഒന്നും അനുഭവപ്പെടുന്നില്ല. ചിതലരിച്ചിട്ടും മായാതെ കിടക്കുന്ന ഓർമകൾ എനിക്ക് അന്നും ഇന്നും കരുത്തേകുന്നു. എല്ലാവരും ഇവിടെ തന്നെയുണ്ട്, മക്കളും പേരക്കുട്ടികളും എല്ലാം, എല്ലാവരെയും സന്തോഷത്തിൽ കാണുന്നത് മാത്രം മതി എനിക്കു സന്തോഷം തരാൻ.
പുറത്തുനിന്നു എന്തൊക്കെയോ പരിചിതമല്ലാത്ത ശബ്ദങ്ങൾ ആണല്ലോ കേൾക്കുന്നത്. ഇതൊന്നും പോയി നോക്കാൻ ഇവിടെ ആരുമില്ലേ, എല്ലാത്തിനും ഞാൻ തന്നെ വേണം, ആർക്കും ഒരു മാറ്റവുമില്ല. മുറ്റം നിറയെ വലിയ വാഹനങ്ങൾ. ഇവരിതെന്താ ചെയ്യുന്നത്, എന്റെ വേരുകൾ മുറിക്കുന്നുവോ. ഈ വൃക്ഷങ്ങൾ ആണ് ഇത്രനാളും എനിക്ക് സന്തോഷം തന്നിരുന്നത്. അതും കൂടെ എന്നിൽ നിന്നു പറിച്ചെടുക്കാൻ വേണ്ടിയായിരുന്നു അല്ലെ എല്ലാവരുടെയും ഈ വരവിനുള്ള ഉദ്ദേശം. ഇത് ഞാൻ അനുവദിക്കുവേല ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും. എന്റെ കണ്ണുകൾ അടഞ്ഞിട്ടു മതി ഇതൊക്കെ. ഞാന്‍ പറയുന്നത് അവര് കേൾക്കുമോ? എനിക്ക് അറിയില്ല. പക്ഷേ ഇതു കണ്ടുകൊണ്ട് നിൽക്കാൻ എനിക്കു സാധിക്കില്ല.
നിങ്ങൾ എന്തിനാ എന്നെ ഈ പ്രായത്തിലും വേദനിപ്പിക്കുന്നത്, എല്ലാവർക്കും വേണ്ടതെല്ലാം ഞാൻ തന്നതല്ലേ. എന്താ ഞാൻ പറയുന്നതിനു ആർക്കും ഒരു വിലയും ഇല്ലാത്തത്? എന്താ ആരും എന്നെ കേൾക്കാത്തത്? എല്ലാം എന്റെ മാത്രം കുറ്റമാണ്, ഞാൻ ഒരു കിളവനായിലെ, ഓർമ്മയൊക്കെ പോയി. ഇവരാരും എന്റെ ആരും അല്ല. എനിക്ക് ആരെയും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ. ഇവരാരും എന്റെ ഓർമ്മയിൽ ഉള്ളവരല്ല. എല്ലാം മനസ്സിലാക്കാൻ എനിക്ക് സമയം വേണ്ടിവന്നു.
പ്രായം എന്റെ പാതയിൽ പുകമറയുണ്ടാകുന്നു. എനിക്ക് ഓർമ്മ വന്നു. ഇവരാരും എന്റെ ആരുമല്ല ഞാനാണ് ഈ മണ്ണിൽ അധികപ്പറ്റായി പിടിച്ചുനിൽക്കുന്നത്. ‘ഈ മറവിയുടെ മണ്ണിൽ ഞാൻ അലിഞ്ഞു ചേർന്നിട്ടു വർഷങ്ങളായി എന്ന് പോലും ഞാൻ മറന്നു,’ ഓർമ്മയിൽ ഇനി ആരും ഇല്ല. അവസാനത്തെ വൃക്ഷവും മുറിഞ്ഞു കഴിഞ്ഞു. ഇനി ഞാൻ ഇല്ല, ഈ മണ്ണും ഇല്ല, എല്ലാം വെറും ഓർമ്മകൾ മാത്രം, അതും ഇന്നു അവസാനിക്കുന്നു, എന്നന്നേക്കുമായി ഞാൻ ഓർമ്മകളിൽ നിന്നും മറയുന്നു, മായുന്നു. എങ്ങും ഇരുണ്ട പുകമാത്രം ഇനി എനിക്കു ശബ്ദമില്ല..