'ഉറങ്ങാനേ കഴിയുന്നില്ല, രണ്ടു വർഷം നീണ്ടുനിന്ന പ്രണയത്തിനാണ് തിരശീല വീണത്...'

Mail This Article
ആ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. മുറിയിൽ അവളുടെ കണ്ണീരും വിഷാദവും തളം കെട്ടി നിന്നു. എങ്ങനെ കരയാതിരിക്കും? രണ്ടു വർഷം നീണ്ടുനിന്ന പ്രണയത്തിനാണ് ഇന്ന് തിരശീല വീണത്. അവൾ അയാളെ ഗാഢമായി സ്നേഹിച്ചിരുന്നു. തന്റേതാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ച മുതൽ അവളുടെ സ്വപ്നങ്ങളിൽ നിറയെ അയാളായിരുന്നു. രണ്ടുപേരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. വല്ലപ്പോഴുമുള്ള സൗഹൃദസംഭാഷണങ്ങളൊഴിച്ചാൽ അവർ തമ്മിൽ പറയത്തക്ക ഒരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷേ, അവൾക്കയാൾ എല്ലാമായിരുന്നു.. എല്ലാം.. അവള്‍ക്ക് വന്ന നാലു കല്യാണാലോചനകൾ ഒഴിവുകഴിവുകൾ പറഞ്ഞ് അവൾ തള്ളിക്കളഞ്ഞത് അയാൾക്ക് വേണ്ടിയായിരുന്നു. എന്നാൽ അയാളതൊന്നും അറിഞ്ഞിരുന്നില്ലെന്നു മാത്രം.
അന്ന് വാലന്റൈൻസ് ഡേ ആയിരുന്നു. അവളുടെ കാത്തിരിപ്പിന്റെ സുഗന്ധം നിറഞ്ഞ ഒരു പ്രണയ സമ്മാനം; അയാളെക്കുറിച്ചെഴുതിയ ഒരു കൊച്ചു പുസ്തകം മടിച്ച് മടിച്ച് അവൾ അയാൾക്ക് നൽകി. ഒന്നു തുറന്നു നോക്കുക പോലും ചെയ്യാതെ ‘സോറി’ എന്നു പറഞ്ഞുകൊണ്ട് അയാൾ നടന്നു നീങ്ങി. തിരിഞ്ഞു നോക്കുമെന്നും മറ്റെന്തെങ്കിലും കൂടി പറയുമെന്നും അവൾ കൊതിച്ചെങ്കിലും അതുണ്ടായില്ല. ഭൂമി അവൾക്കു മുൻപിൽ കറങ്ങി കറങ്ങി ഇല്ലാതാവും പോലെ അവൾക്കു തോന്നി. അയാൾക്കു നേരെ നീട്ടിയ അയാളെക്കുറിച്ചുള്ള പുസ്തകം അഥവാ, ജീവന്റെ തുടിപ്പുകളുള്ള മറ്റൊരു ‘അയാളെ’ അവളറിയാതെ അവിടെ ഉപേക്ഷിക്കപ്പെട്ടു. അവളുടെ സൂര്യൻ അസ്തമിച്ചു. കണ്ണിലും മനസ്സിലും ഇരുട്ടു പടർന്നു. വീട്ടിലെത്തിയപ്പോള്‍ ഒരുപാട് ‘അയാൾ’ അവളെ നോക്കി പരിഹസിച്ചു ചിരിച്ചു. അവളുടെ സ്വപ്നങ്ങൾ ചുറകുവെച്ച് പറന്നകന്നു. അയാളില്ലാതെ അവൾ ഒന്നുമല്ലെന്ന് അവള്‍ക്ക് തോന്നി. ഷെൽഫിൽ നിന്നും കിട്ടിയ ഒരു തുണ്ട് ബ്ലേഡെടുത്ത് ആദ്യമായി പെൻസിൽ പിടിക്കുന്ന കുട്ടിയെപ്പോലെ കൈത്തണ്ടയിൽ നാലഞ്ചു കോറൽ കോറി. ചുവപ്പിൽ കുതിർന്ന് ഒരു ചെമ്പനീർപ്പൂവുപോലെ അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി.
അയാളും അന്ന് വളരെ അസ്വസ്ഥനായിരുന്നു. ഒരു മയവുമില്ലാതെ അവളെ അവഗണിച്ചതിൽ അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. അവളെ ഒരുപാട് കാലമായിട്ട് അറിയാം. വെറുക്കാൻ വേറെ കാരണങ്ങളൊന്നുമില്ല. മറ്റൊരു പ്രണയം തന്നെ കാത്തിരിക്കുന്നില്ല. എന്നാൽ അവളോട് പ്രണയം തോന്നിയിരുന്നില്ല എന്നത് യാഥാർഥ്യം. എങ്കിലും അൽപം സ്നേഹത്തോടെ സംസാരിക്കാമായിരുന്നു. അയാൾ പുറത്തിറങ്ങി നടന്നു. അവളുമായി കണ്ടുമുട്ടിയ സ്ഥലത്തെത്തി.. നേര്‍ത്തവെളിച്ചത്തിൽ അവൾ നൽകിയ പ്രണയ സമ്മാനം ദൃശ്യമായി. അയാളതെടുത്ത് നെഞ്ചോട് ചേർത്തു. റൂമിൽ ചെന്ന് അതിന്റെ താളുകൾ മറിച്ചു നോക്കി. അയാൾ പോലും അറിയാത്ത അയാളെ അയാൾക്കാ പുസ്തകത്തിൽ നിന്നും കണ്ടുകിട്ടി!
അപ്പോഴേക്കും മറ്റൊരു പ്രണയസമ്മാനം അയാളുടെ കൈപ്പടയിൽ അവൾക്കായി ഒരുക്കപ്പെട്ടിരുന്നു. അയാളുടെ ആകാശത്ത് നക്ഷത്രങ്ങൾ വിരിഞ്ഞു. സ്വപ്നങ്ങളിൽ അവൾ നിറഞ്ഞുനിന്നു. നേരം വെളുക്കാൻ അയാൾ നോമ്പു നോറ്റിരുന്നു. പിറ്റേന്ന് എല്ലാവർക്കും നേരം വെളുത്തു. പക്ഷേ അയാളുടെ ജീവിതത്തിൽ പിന്നീടൊരിക്കലും ഒരു സുപ്രഭാതം ഉണ്ടായില്ല.