പെണ്ണുകാണൽ ചടങ്ങു കഴിഞ്ഞു; 'എല്ലാവർക്കും ഇഷ്ടപ്പെട്ടു, പോകാൻ നേരമാണ് വരന്റെ അമ്മാവൻ സ്വരം താഴ്ത്തി പറഞ്ഞത്...'

Mail This Article
മക്കൾ ഒന്നും രണ്ടുമല്ല മൂന്നെണ്ണമാണ് പുര നിറഞ്ഞു നിൽക്കുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് എല്ലാവരെയും കെട്ടിച്ചു വിടണമെങ്കിൽ ഏഴു ജന്മം കഴിയണം. സ്വർണ്ണത്തിന്റെ വിലയാണെങ്കിൽ റോക്കറ്റ് മുകളിലേക്ക് പോകുന്ന വേഗത്തിലാണ് കുതിച്ചുയരുന്നത്. തൽക്കാലം ഒരാളെയെങ്കിലും കെട്ടിച്ചു വിടാനുള്ള വഴിയെന്തെന്ന് അയാൾ തല പുകഞ്ഞാലോചിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഞായറാഴ്ച്ച രാവിലെ പത്രം അരിച്ചു പെറുക്കുന്നതിന്റെ പ്രധാന കാരണം തന്നെ പറ്റിയ ആലോചനകൾ വല്ലതുമുണ്ടോ എന്നറിയാനാണ്.
ഈയിടെ പത്രത്തിൽ കണ്ട ഒരു പരസ്യത്തിന് മറുപടി അയച്ചു.. തിരിച്ചു വന്നതാകട്ടെ വി.പി.പി.യാണ്. സന്തോഷത്തോടെ കവർ പൊട്ടിച്ചു. ഒരു വിവാഹ ബ്യൂറോക്കാരുടെ കത്താണ്, കൂടെ മൂന്ന് പേരുടെ അഡ്രസ്സുമുണ്ട്. ഒരു അഡ്രസ്സിന് നൂറ് രൂപ വെച്ചാണ് ഈടാക്കിയിരിക്കുന്നത്. കൂടെ ഒരു കത്തും വെച്ചിട്ടുണ്ട്. "ഈ അഡ്രസ്സ് പറ്റിയില്ലെങ്കിൽ അറിയിക്കുക, വേറേ അയച്ചു തരാം.."
"പറ്റിയത് വല്ലതുമുണ്ടോ" അപ്പോഴേയ്ക്കും പ്രിയതമ എത്തി. "പറ്റിയതില്ല, പറ്റിച്ചതുണ്ട്" കാര്യം പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു. "ചേട്ടാ, ഇന്നത്തെ പത്രത്തിൽ ഒരെണ്ണം കണ്ടു, അവർക്ക് ഡിമാന്റൊന്നുമില്ല, അതൊന്ന് അയച്ചു നോക്ക്." ഏതായാലും ഭാര്യയുടെ ആഗ്രഹമല്ലേ, അയച്ചേക്കാം. പിറ്റേന്ന് തന്നെ വിശദ വിവരങ്ങൾ കാണിച്ച് കത്തയച്ചു. അധികം താമസിച്ചില്ല, മറുപടി വന്നു. ആലോചനകൾ പുരോഗമിച്ചു, അവർ പെണ്ണിനെ കാണാൻ വരുന്നു എന്നറിയിച്ചു. വന്നു, കണ്ടു, എല്ലാവർക്കും ഇഷ്ടപ്പെട്ടു. പോകാൻ നേരം വരന്റെ അമ്മാവൻ അടുത്ത് വന്ന് സ്വരം താഴ്ത്തി പറഞ്ഞു.
"രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട സ്ഥിതിയ്ക്ക് മറ്റു കാര്യങ്ങളൊക്കെ എങ്ങനാ, ഞങ്ങൾക്ക് അധികം താമസിയാതെ നടത്തണമെന്നാ.." "ഡിമാന്റൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് കൂടുതൽ എന്താലോചിക്കാനാ, ഉടനെ അങ്ങ് നടത്തുക തന്നെ," ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ അമ്മാവനൊന്ന് ചിരിച്ചു. "അല്ല ഞങ്ങളങ്ങനെ പ്രത്യേകിച്ച് ഡിമാന്റൊന്നും പറയുന്നില്ല, നിങ്ങളുടെ കൊച്ചിന് എന്തു കൊടുക്കണമെന്ന് നിങ്ങൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്.. അവന്റെ രണ്ട് പെങ്ങൻമാരെ അയച്ചത് പത്തിരുപത് ലക്ഷം കാശായിട്ടും പത്തിരുന്നൂറ് പവൻ സ്വർണ്ണമായിട്ടും കൊടുത്തിട്ടാ, ഒരാൾക്ക് കാറും കൊടുത്തു. അതിലൊട്ടും മോശമാകാതെ നിങ്ങൾ ചെയ്യുക, അല്ലാതെ ഞങ്ങളായിട്ട് പ്രത്യേകിച്ച് ഡിമാന്റൊന്നും പറയുന്നില്ല."
അമ്മാവന്റെ വിശദീകരണം കേട്ടപ്പോൾ ചേട്ടന് കാര്യങ്ങൾ പിടി കിട്ടാൻ തുടങ്ങി. വിവരമറിയിക്കാമെന്ന് പറഞ്ഞ് അവരെ യാത്രയാക്കി. "എന്നാലും ചേട്ടാ, ഡിമാന്റൊന്നും ഇല്ലെന്ന് പറഞ്ഞ് വന്നിട്ട്.." ഭാര്യയുടെ സ്വരത്തിൽ ദു:ഖം നിറഞ്ഞിരുന്നു. "ഡിമാന്റില്ലെന്ന് പറഞ്ഞ് വരുന്നവരെയാ കൂടുതൽ സൂക്ഷിക്കേണ്ടതെന്ന് തോന്നുന്നു." വിവാഹ പരസ്യങ്ങൾ നോക്കാൻ വീണ്ടും പത്രം എടുക്കുന്നതിനിടയിൽ അയാൾ നിരാശയോടെ പറഞ്ഞു..