ബാലതാരമായി അരങ്ങേറ്റം, സംവിധായകനാക്കിയത് ജീത്തു ജോസഫ്; അർഫാസ് അയൂബ് അഭിമുഖം
Mail This Article
പതിനാലാം വയസ്സിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയതാണ് അർഫാസ് അയൂബ്. പിതാവും ടെലിവിഷൻ സംവിധായകനുമായ ആദം അയൂബായിരുന്നു വഴികാട്ടി. ആ യാത്ര ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽക്രോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ എത്തി നിൽക്കുകയാണിപ്പോൾ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ലെവൽക്രോസ് തിയറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ സംവിധായകൻ ചിത്രത്തെക്കുറിച്ചു സംസാരിക്കുന്നു.
ഒട്ടേറെ പുതുമകളുള്ള ചിത്രമാണ് ലെവൽക്രോസ്. ചിത്രത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു.
മനസ്സിൽ തോന്നുന്ന കഥകളുടെ ആശയം കുറിച്ചു വയ്ക്കുന്ന ശീലമുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസഫിനോട് ഈ കഥകളെപ്പറ്റി സംസാരിച്ചപ്പോൾ അവയിൽ ചിലതു മികച്ച സിനിമയാക്കാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തമായി സിനിമ ചെയ്യണമെന്ന് തോന്നിയപ്പോൾ ലെവൽക്രോസിന്റെ കഥയാണ് തിരഞ്ഞെടുത്തത്.
സമയത്തിനും കാലത്തിനും സ്ഥലത്തിനും അതീതമായി മുന്നോട്ടു പോകുന്ന സിനിമയാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്ന രണ്ടു വ്യക്തികൾ, തികച്ചും വ്യത്യസ്തരായ അവർ പ്രത്യേക സാഹചര്യത്തിൽ ഒത്തുചേരുന്നു. ആ കണ്ടുമുട്ടൽ സൃഷ്ടിക്കുന്ന വഴിത്തിരിവുകളും സംഘർഷങ്ങളും സിനിമ പറയുന്നു.
തുനീസിയ ലൊക്കേഷനായി തിരഞ്ഞെടുക്കാനുള്ള കാരണം.
രാജസ്ഥാനിൽ ചിത്രീകരിക്കാമെന്ന തീരുമാനത്തോടെയാണ് സിനിമയുടെ കഥയുമായി മുന്നോട്ടുപോയത്. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിൽ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ആ സിനിമയുടെ ലൊക്കേഷനു വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി നോർത്ത് ആഫ്രിക്കയിൽ പോയിരുന്നു. അവിടെ വച്ചാണ് തുനീസിയയിലെ അതിമനോഹരമായ ലൊക്കേഷനുകൾ മനസ്സിലുടക്കിയത്. നിർമാതാവ് രമേശ് പി.പിള്ളയോട് ഇതിനെപ്പറ്റി സംസാരിച്ചു.
ബജറ്റിന്റെ കാര്യത്തിൽ ആദ്യം ആശങ്ക നിലനിന്നിരുന്നെങ്കിലും ലൈൻ പ്രൊഡ്യൂസർ അലക്സാണ്ടർ നാസ് സഹായിയായി എത്തിയതോടെ ആ പ്രതിസന്ധിയും മറികടന്നു. പൂർണമായും തുനീസിയയിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ലെവൽക്രോസ്.
ജീത്തു ജോസഫുമായുള്ള ബന്ധം
10 വർഷമായി മുംബൈയിൽ ഹിന്ദി സിനിമകളിൽ അസോഷ്യേറ്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ‘ദ് ബോഡി’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ജീത്തു ജോസഫ് അവിടെ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. ആ ചിത്രത്തിൽ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി അവസരം ലഭിച്ചിരുന്നു.
പിന്നീട് റാം സിനിമയുടെ ചിത്രീകരണത്തിനായി നാട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു. ആ ബന്ധം വളരെ ഊഷ്മളമായി മുന്നോട്ടുപോവുകയാണ്. പിന്നീട് മലയാളത്തിൽ ചെയ്ത ചിത്രങ്ങളൊക്കെയും അദ്ദേഹത്തിനൊപ്പമായിരുന്നു. ദൃശ്യം 2, ട്വൽത്ത് മാൻ, കൂമൻ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. ലെവൽക്രോസ് അവതരിപ്പിക്കുന്നതും അദ്ദേഹമാണ്.