ഹരിഹരസുതൻ തൂക്കി, ഇനി ‘ലാലേട്ടന്റെ അമൽ ഡേവിസ്’: സംഗീത് പ്രതാപ് അഭിമുഖം

Mail This Article
സംഗീത് പ്രതാപ് എന്ന പേരിനേക്കാൾ ആരാധകർക്ക് പരിചയം ‘അമൽ ഡേവിസ്’ എന്ന മേൽവിലാസമാണ്. നിത്യവർത്തമാനത്തിൽ വരെ കയറിക്കൂടിയ പ്രേമലുവിലെ ആ കഥാപാത്രം എഡിറ്ററും നടനുമായ സംഗീതിനു മുന്നിൽ ഉയർത്തിയ വെല്ലുവിളിയും മറ്റൊന്നായിരുന്നില്ല. അമൽ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്ന വെല്ലുവിളിക്ക് മറുപടിയാണ് ബ്രൊമാൻസിലെ ഹരഹരസുതൻ എന്ന എത്തിക്കൽ ഹാക്കർ. പൊട്ടിച്ചിരിയുടെ രഹസ്യപ്പൂട്ടു തുറക്കുന്ന ഹരഹരസുതന്റെ സ്വാഗും ഡയലോഗുകളും ആരാധകർ ഏറ്റെടുത്ത സന്തോഷത്തിലാണ് സംഗീത് പ്രതാപ്. ബ്രൊമാൻസിന്റെ വിശേഷങ്ങളുമായി സംഗീത് പ്രതാപ് മനോരമ ഓൺലൈനിൽ.

ഹാക്കർ ഹരിഹരസുതൻ
പ്രേമലുവിന് ശേഷമാണ് ബ്രൊമാൻസിലേക്കുള്ള ക്ഷണം ലഭിച്ചത്. അമൽ ഡേവിസ് ഹിറ്റായി നിൽക്കുന്ന സമയത്ത് ധാരാളം കഥകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. നസ്ലിനെയും മാത്യുവിനെയും മനസ്സിൽ കണ്ടെഴുതിയ കഥകളായിരുന്നു അവയിൽ ഭൂരിഭാഗവും. എന്നെ നേരെ നായകൻ ആക്കിയുള്ള പടങ്ങൾ പോലും അതിലുണ്ടായിരുന്നു. പക്ഷേ, ഒരു നല്ല പ്രോജക്ടിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് അരുൺ ചേട്ടനും (സംവിധായകൻ അരുൺ ഡി. ജോസ്) എഡിറ്റർ ചമൻ ചാക്കോയും ഈ പ്രോജക്ടുമായി എന്നെ സമീപിക്കുന്നത്. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കൃത്യമായി മനസ്സിലാക്കാൻ പറ്റി. അമൽ ഡേവിസിൽ നിന്ന് പൂർണമായും മാറി ചെയ്യാൻ പറ്റുന്നൊരു പരിപാടി ഇതിലുണ്ടെന്ന് തോന്നി. ‘ഹരിഹരസുതൻ’ എന്ന പേര് അപ്പോഴേ ഉണ്ട്. വേണമെങ്കിൽ പേരു മാറ്റാം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘പേരു മാറ്റല്ലേ... നല്ല രസമുണ്ട്’ എന്ന്.
മൂക്കുത്തിയും ബസ് ഹെയർ കട്ടും
ഹരിഹരസുതന്റെ ലുക്ക് എങ്ങനെയാകണം എന്നതിൽ കുറച്ചു ചർച്ചകൾ നടന്നിരുന്നു. അധികം താടി വരാത്ത കൂട്ടത്തിലുള്ള ആളാണ് ഞാൻ. അതുകൊണ്ട് ലുക്ക് മാറ്റി പിടിക്കാൻ എനിക്ക് പരിമിതികൾ ഉണ്ട്. വീട്ടിലിരുന്നപ്പോൾ ചെയ്ത ഹെയർ കട്ട് ആയിരുന്നു ‘ബസ് ഹെയർ കട്ട്’. ഫുട്ബോൾ താരങ്ങളൊക്കെ ചെയ്യുന്ന ഒരു ഹെയർ കട്ടാണ്. ആ റഫറൻസ് ഞാൻ കാണിച്ചിരുന്നു. ഒരു മൂക്കുത്തി കൂടി കൊടുത്താൽ നന്നാവില്ലേ എന്നു തോന്നി. അത് എല്ലാവർക്കും രസമായി തോന്നി. ഫൈനൽ ലുക്കിലേക്ക് സെറ്റ് ചെയ്തത് റോണക്സ് (മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യർ) ചേട്ടനായിരുന്നു. എന്തായാലും ഹരിഹരസുതന്റെ ലുക്ക് എല്ലാവർക്കും ഇഷ്ടമായി. പലരും ആ മുക്കുത്തിയെക്കുറിച്ച് എടുത്തു പറഞ്ഞു. തിയറ്റർ വിസിറ്റിനു ചെല്ലുമ്പോൾ പലരും ചോദിക്കുന്നത് ‘മൂക്കുത്തി എവിടെ’ എന്നാണ്! അതുപോലെ മഷർ ഹംസയായിരുന്നു കോസ്റ്റ്യൂം. ക്ലൈമാക്സ് സീക്വൻസിൽ മഞ്ഞ സ്യൂട്ട് ആയിരുന്നു എന്റെ വേഷം. മഞ്ഞ എങ്ങനെ ആകും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ, ഗോഡൗൺ ഫൈറ്റിൽ ഈ മഞ്ഞ കോട്ട് നന്നായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. മൂക്കുത്തി പോലെ തന്നെ വേഷവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റോണക്സ് ചേട്ടനും മഷർ ഹംസയ്ക്കും പ്രത്യേകം നന്ദി.

പുച്ഛം വാരി വിതറുന്ന ഹാക്കർ
സംവിധായകൻ പറഞ്ഞത് ഹരിഹരസുതൻ അത്യാവശ്യം നല്ല പുച്ഛമുള്ള എന്നാൽ ഭയങ്കര സാധാരണക്കാരനായ ഒരാളാണ് എന്നായിരുന്നു. ആ കഥാപാത്രം ചെറായിക്കാരനാണെന്നും പറഞ്ഞു. എന്റെ വീട് ചെറായിയാണ്. അമൽ ഡേവിസും ഏറെക്കുറെ ഞാൻ തന്നെയായിരുന്നു. യഥാർഥ ജീവിതത്തിൽ എങ്ങനെയാണോ, അതുപോലെ അങ്ങ് ചെയ്യുക എന്നതായിരുന്നു രീതി. പെട്ടെന്നു ഈ കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ എങ്ങനെയാണോ അമൽ ഡേവിസ് അതുപോലെ തന്നെയാണല്ലോ ഹരിഹരസുതന്റെ ക്യാരക്ടർ ഡെഫിനിഷൻ എന്നു തോന്നി. അതെങ്ങനെ മാറ്റിയെടുക്കാം എന്നുള്ള ആലോചനയായി പിന്നീട്. ഹാക്കർ ആണെങ്കിലും നമ്മൾ സ്ഥിരം സിനിമകളിൽ കാണുന്ന ഹാക്കർ അല്ല ഹരിഹരസുതൻ. അതുകൊണ്ട് ഒരു ഫേക്ക് ജാഡ ഇടാമെന്നു കരുതി. ഓരോന്നു കണ്ടു പിടിച്ചു പറയുമ്പോൾ ഒടുക്കത്തെ ജാഡ ഇടുക, അല്ലാത്ത സമയത്ത് സാധാരണ പോലെ പെരുമാറും! ഇതായിരിക്കാം പ്രേക്ഷകർക്ക് റിലേറ്റ് ചെയ്തത്. ഫുൾ ടൈം ആ ജാഡ തന്നെ പിടിച്ചു പോയിരുന്നെങ്കിൽ ഇത്രയും വർക്ക് ആകില്ലായിരുന്നുവെന്ന് തോന്നുന്നു.

അപകടത്തിനു ശേഷം സെറ്റിലെത്തിയപ്പോൾ
കാർ അപകടത്തിനു ശേഷം ഒരു മാസം വിശ്രമം കഴിഞ്ഞാണ് ഞാൻ സിനിമയിൽ റിജോയിൻ ചെയ്തത്. ചെറിയ സീനുകളിൽ തുടങ്ങാം എന്നായിരുന്നു പ്ലാൻ. പക്ഷേ, തുടങ്ങിയതു തന്നെ പാട്ട് സീൻ ചെയ്താണ്. അപകടത്തിന്റെ വിശ്രമത്തിൽ ആയിരുന്നതിനാൽ ഒരു മാസമായി കാര്യമായി ശരീരം അനങ്ങിയിരുന്നില്ല. കൂടാതെ, ഞാൻ ഡാൻസ് കളിച്ചിട്ടും കുറച്ചു വർഷങ്ങളായിരുന്നു. എല്ലാം ആദ്യം മുതൽ തുടങ്ങുന്ന ഫീലായിരുന്നു. എത്രത്തോളം നടക്കാൻ പറ്റും, ശരീരം എത്രത്തോളം ചലിപ്പിക്കാൻ പറ്റും എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. അപടത്തിന്റെ ആഘാതം മൂവ്മെന്റ്സിൽ പ്രതിഫലിക്കുമോ എന്നുള്ള ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, മാത്യുവും അർജുൻ ചേട്ടനും, മഹിമയും അരുൺ ചേട്ടനും അങ്ങനെ എല്ലാവരും കട്ടയ്ക്ക് കൂടെ നിന്നു. പ്രേമലുവിൽ ചെറിയ ഹുക്ക് സ്റ്റെപ്സ് പ്ലാൻ ചെയ്തിരുന്നുവെങ്കിലും നടന്നില്ല. അതിന്റെ റിഹേഴ്സൽ സമയത്തൊന്നും എനിക്ക് അങ്ങനെ ഡാൻസ് സെറ്റ് ആവുന്നുണ്ടായിരുന്നില്ല. ഡാൻസ് എന്നെക്കൊണ്ട് പറ്റില്ലല്ലോ എന്ന പേടിയിലാണ് ചെന്നതു തന്നെ. പക്ഷേ, ഡാൻസ് വൃത്തിയായി ചെയ്യാൻ പറ്റി.

ഫൈറ്റിലെ ചിരി
ഡാൻസ് കഴിഞ്ഞ ഉടനെ തുടങ്ങിയത് ഫൈറ്റ് സീക്വൻസാണ്. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ എനിക്കു വലിയ പണികൾ ഉണ്ടായിരുന്നില്ല. കാരണം, എന്റേത് ‘ബുദ്ധിപരമായ’ നീക്കങ്ങൾ ആയിരുന്നല്ലോ. എങ്കിലും, ഓടി വന്ന് ഇടിച്ചു വീഴുന്നതും വലിയ ഉയരത്തിലേക്ക് ഓടി കയറുന്നതുമെല്ലാം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ ശാരീരികമായി അത്ര ഫിറ്റായിരുന്നില്ല. അതിനാൽ, നല്ല ക്ഷീണം തോന്നിയിരുന്നു. എന്നിട്ടും, എന്റെ സാന്നിധ്യം പലരും ശ്രദ്ധിച്ചു. തിയറ്ററിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. പലരും എന്റെ ഓരോ ഷോട്ട് പോലും ശ്രദ്ധിച്ചു. പലതിലും നല്ല ചിരി കിട്ടി. ചുമ്മാ ഒരു രസത്തിന് ‘പുഷ്പ’യിലെ സിഗ്നേച്ചർ ആക്‌ഷൻ ചെയ്തതു പോലും പ്രേക്ഷകർ ഓർത്തെടുത്തു പറഞ്ഞു.

കാറപകടം സൃഷ്ടിച്ച കണക്‌ഷൻ
ഷൂട്ട് തുടങ്ങി അധികം ദിവസം ആകുന്നതിനു മുൻപാണ് കാറപകടം നടന്നത്. അതുകൊണ്ട്, ഞങ്ങൾ പരസ്പരം അത്രയും സിങ്ക് ആയിരുന്നില്ല. എല്ലാവരും കൂടി കോംബിനേഷൻ ഉള്ള ആദ്യത്തെ സീൻ എടുക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. എല്ലാവരും കൂടി ഒരുമിച്ച് ഒരു വണ്ടിയിൽ ഇരുന്ന് ഹാപ്പിയായി പോകുന്നതിന് ഇടയിലായിരുന്നു അപകടം. അതോടെ ഷൂട്ട് താൽക്കാലികമായി നിറുത്തി. എല്ലാവരും അവരവരുടെ പരിപാടികളിലേക്ക് പോയി. പക്ഷേ, എന്തോ ഒരു കണക്‌ഷൻ എല്ലാവർക്കും ഇടയിൽ ഉണ്ടായി. തിരിച്ചു വന്നപ്പോൾ അതുവരെ ഇല്ലാത്ത ഒരു ബോണ്ടിങ് ഉണ്ടായി. ചിലപ്പോൾ തോന്നും, എന്നെ കംഫർട്ടബിൾ ആക്കാൻ വേണ്ടിയാണോ എല്ലാവരും ഇങ്ങനെ നിൽക്കുന്നതെന്ന്! പാക്കപ്പ് ആയപ്പോഴേക്കും എല്ലാവരും ഒരു കുടുംബം ആയിക്കഴിഞ്ഞിരുന്നു. പല കാരവാനുകളിൽ നിന്ന് ഒറ്റ കാരവാനിലേക്ക് എല്ലാവരും എത്തി. ഷൂട്ടിനേക്കാൾ എല്ലാവരും മിസ്സ് ചെയ്തത്, ഷൂട്ടില്ലാത്ത സമയത്തെ ഫൺ ആയിരുന്നു. പ്രേമലുവും ഇങ്ങനെ ആയിരുന്നു. സിനിമയ്ക്കു പുറത്തേക്ക് അതിലെ സൗഹൃദങ്ങൾ തുടർന്നു. ബ്രൊമാൻസിലും അങ്ങനെയാണ് സംഭവിച്ചത്. പലപ്പോഴും സിനിമയുടെ സമയത്ത് എല്ലാവരും നല്ല സൗഹൃദത്തിലാവുകയും സിനിമ കഴിയുമ്പോൾ മറ്റു തിരക്കുകളിലേക്ക് പോവുകയും ചെയ്യും. അതുപോലെ ആയിരുന്നില്ല പ്രേമലുവും ബ്രൊമാൻസും. വ്യക്തിജീവിതത്തിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

എഡിജെ പൊളിയാണ്
അരുൺ ചേട്ടൻ ആളൊരു ഗൗരവക്കാരനാണെന്നാണ് ഞാൻ കരുതിയിരുന്നത്. മാത്യുവിനും നസ്ളിനുമൊക്കെ അദ്ദേഹത്തെ മുൻപെ അറിയാം. അവർ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്ക് അദ്ദേഹത്തെ അത്ര പരിചയം ഇല്ലായിരുന്നു. എനിക്ക് ആദ്യം ബ്രൊമാൻസിന്റെ ഷൂട്ടിന് പോകാനുള്ള ഏറ്റവും വലിയ പേടി, അവിടെ അരുൺ ചേട്ടനുണ്ടല്ലോ എന്നതായിരുന്നു. അടുത്തു പരിചയപ്പെട്ടപ്പോൾ ആളൊരു അടിപൊളി മനുഷ്യനാണെന്നു മനസ്സിലായി. മാത്യുവും നസ്ളിനുമെല്ലാം അദ്ദേഹത്തെ കുറിച്ചു പറയുന്നത് സത്യമാണെന്നു തിരിച്ചറിഞ്ഞു. എഡിജെ എന്നാണ് അവർ അദ്ദേഹത്തെ വിളിക്കുക. എഡിജെ പൊളിയാണെന്ന് അവർ ഇടയ്ക്ക് പറയും. മൂത്ത സഹോദരനെപ്പോലെയാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരിക. ഓരോരുത്തരെയും അദ്ദേഹം ട്രീറ്റ് ചെയ്യുന്നതും അടിപൊളിയാണ്.

നസ്ലിൻ പറഞ്ഞത്
അരുൺ ചേട്ടന്റെ ആദ്യ രണ്ടു സിനിമകളിലും നസ്ലിൻ ഉണ്ടായിരുന്നതുകൊണ്ട് ബ്രൊമാൻസിന്റെ കഥയും കാര്യങ്ങളും നസ്ലിന് അറിയാം. സംഭവം എങ്ങനെ വന്നിട്ടുണ്ടെന്ന് എന്നൊക്കെ ഇടയ്ക്ക് ചോദിക്കും. ഷൂട്ടിന് ഇടയിൽ കഥാപാത്രത്തിന്റെ ലുക്കും മറ്റു പരിപാടികളും അയച്ചു കൊടുത്തിരുന്നു. അതെല്ലാം ഇഷ്ടപ്പെട്ടിരുന്നു. സിനിമ കണ്ടിട്ട് നസ്ലിൻ വിളിച്ചിരുന്നു. ‘ഹരിഹരസുതൻ തൂക്കി’ എന്നായിരുന്നു നസ്ലിൻ പറഞ്ഞത്. ഭയങ്കര സന്തോഷത്തിൽ എന്നെ വിളിച്ചു. ‘എല്ലാ സീനിലും നല്ല കയ്യടിയും ചിരിയും വരുന്നുണ്ട്. ഭയങ്കര ഇഷ്ടമായി’ എന്നൊക്കെ പറഞ്ഞു.

പഴയതൊന്നും അങ്ങനെ മാറില്ല
എപ്പോഴും ഗ്രൗണ്ടഡ് ആയി നിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. പറ്റുന്ന തരത്തിലുള്ള എല്ലാ സന്തോഷങ്ങളും പിടിക്കും. പഴയ ജീവിതം കളഞ്ഞിട്ട് എനിക്കൊന്നിനും കഴിയില്ല. ഞാൻ ഭയങ്കര ഹോം സിക്ക് ആണ്. അതൊന്നും മിസ്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അച്ഛൻ ആണെങ്കിലും അമ്മ ആണെങ്കിലും ചെറുപ്പം മുതൽ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നത് അവരായിരുന്നു. അമ്മ സ്കൂൾ അധ്യാപിക ആയിരുന്നു. എല്ലാ പരിപാടികൾക്കും അമ്മ എന്റെ പേരു കൊടുക്കും. ചെറുപ്പത്തിൽ മോണോ ആക്ട് ഒക്കെ ചെയ്യുമായിരുന്നു. പിന്നെ, ഫാൻസി ഡ്രസ്. അന്നൊക്കെ അമ്മ ആയിരുന്നു കോസ്റ്റ്യൂമറും മേക്കപ്പ് ആർടിസ്റ്റും. അച്ഛൻ സിനിമയിൽ ആയിരുന്നല്ലോ. അച്ഛന്റെ സ്വപ്നത്തിന്റെ തുടർച്ച എന്നിലൂടെ പൂർത്തിയാകുന്ന പോലെയാണ്. അതിൽ അച്ഛന് ഏറെ സന്തോഷമുണ്ട്. ഭാര്യയും ഏറെ ഹാപ്പിയാണ്. എല്ലാ സെറ്റിലും ഭാര്യ എന്റെ കൂടെ വരുന്നതല്ല. മിക്കവാറും എനിക്ക് എന്തെങ്കിലുമൊക്കെ വയ്യായ്കൾ വരും. അപ്പോഴാണ് ഭാര്യ സെറ്റിലേക്ക് വരുന്നത്.

ലാലേട്ടന്റെ ‘അമൽ ഡേവിസ്’
ഹൃദയപൂർവത്തിൽ ലാലേട്ടന്റെ ഒപ്പമുള്ള ഒരു കഥാപാത്രമാണ്. ‘ലാലേട്ടന്റെ അമൽ ഡേവിസ്’ എന്നു പറയാൻ പറ്റുന്ന ഒരു പരിപാടി. ചെറുപ്പം മുതൽ കണ്ടു വളർന്ന നടനും താരവുമാണ് അദ്ദേഹം. അങ്ങനെ ഒരു വ്യക്തി നമ്മുടെ തോളിൽ കൈ പിടിച്ചു നിന്ന്, നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുക.... അതും ഒരു ദിവസം മൊത്തം! ഇതൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കുന്ന കാര്യമല്ലല്ലോ. സത്യത്തിൽ ഞാൻ ഷൂട്ടിനേക്കാൾ ആസ്വദിക്കുന്നത്, ഷോട്ടുകൾക്ക് ഇടയിലുള്ള സമയമാണ്. അദ്ദേഹം തുടർച്ചയായി ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. അതിങ്ങനെ കേട്ടു കൊണ്ടിരിക്കുക... ചിരിക്കുക... തിരിച്ച് ചെറുതായി അങ്ങോട്ടും തമാശ പറയുക... അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.