‘ജയനെ’ ഇനിയും ചെയ്ത് മോശമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല: രാജാ സാഹിബ്

Mail This Article
മിമിക്രി വേദികളിൽ നിരവധി പേർ ചലച്ചിത്രതാരം ജയനെ അനുകരിച്ചിട്ടുണ്ടെങ്കിലും അതിലെ തുടക്കക്കാരനെ തിരഞ്ഞുപോയാൽ ആ അന്വേഷണം അവസാനിക്കുക രാജാ സാഹിബ് എന്ന കലാകാരനിലായിരിക്കും. 2001ൽ ജയനെ വച്ച് അപരന്മാർ നഗരത്തിൽ എന്ന സിനിമ ചെയ്യാൻ കോട്ടയം നസീറും കലാഭവൻ നവാസും നിർമാതാവ് മോഹനനും തീരുമാനിച്ചപ്പോൾ, ഒരു നിയോഗം പോലെ ആ അവസരം വന്നു വീണത് ജയന്റെ നാട്ടുകാരൻ കൂടിയായ രാജാ സാഹിബിന്റെ അടുത്തായിരുന്നു. കൊല്ലത്ത് നിറഞ്ഞ തിയറ്ററിൽ ജയന്റെ കുടുംബാംഗങ്ങളുമൊത്ത് ആ സിനിമ കണ്ട നിമിഷം ഇന്നലെത്തേതുപോലെ ഇപ്പോഴുമുണ്ട് രാജാ സാഹിബിന്റെ കൺമുന്നിൽ! ജയന്റെ വേർപാടിന്റെ നാൽപ്പതാം വർഷത്തിൽ പ്രിയതാരത്തെക്കുറിച്ചുള്ള ഓർമകളുമായി രാജാ സാഹിബ് മനോരമ ഓൺലൈനിൽ.
ഷക്കീല തരംഗത്തെ കടത്തിവെട്ടിയ ജയൻ മാജിക്
ജയന്റെ സഹോദരന്റെ മകൻ കണ്ണൻ നായരും ഞാനും സഹപാഠികളാണ്. ചെറുപ്പം മുതലേ അദ്ദേഹം എന്റെയും 'ജയൻ അങ്കിൾ' ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഇരുന്നാണ് 'അപരന്മാർ നഗരത്തിൽ' എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നത്. തിയറ്റർ ഹൗസ് ഫുൾ ആയതുകൊണ് ഇരുമ്പുകേസരയിൽ ഇരുന്നാണ് ഞങ്ങൾ ആ സിനിമ കണ്ടത്. സിനിമയിൽ ജയന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാമെന്നും ഞങ്ങൾ കുടുംബത്തെ അറിയിച്ചിരുന്നു. അതൊന്നും വേണ്ടി വന്നില്ല. അന്ന് ഷക്കീല തരംഗമായിരുന്നു. അതിനെ കടത്തിവെട്ടിയാണ് ജയൻ തരംഗമായത്. തിയറ്ററുകളിൽ ജയൻ സിനിമ ഓടിത്തുടങ്ങി. മലബാറിൽ 90 ദിവസം ആ സിനിമ ഓടി. കൊല്ലത്ത് നാലാഴ്ചയോളം ആ സിനിമ കളിച്ചു.
ജയന്റെ പേരിൽ ജീവിച്ച വേദികൾ
ആ സിനിമയോടെ എനിക്കൊരുപാടു ഉദ്ഘാടനങ്ങൾ വന്നു ചേർന്നു. യാത്രകൾ വന്നു. ജയന്റെ വേഷത്തിൽ ഒരുപാടു കടകൾ ഞാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പ്രത്യേക ശൈലിയിലാണ് ഉദ്ഘാടനത്തിനുള്ള വരവ്. ഓപ്പൺ ജീപ്പിലാകും ഞാൻ വരിക. ആ സമയം ലോറിയോ മിനി ട്രക്കോ കാറോ ഞങ്ങളുടെ വാഹനത്തിന് കുറുകെ വന്നു നിൽക്കും. അപ്പോൾ ഞാൻ പുറത്തിറങ്ങി, 'വണ്ടി എടുത്ത് മാറ്റെടാ' എന്നു അലറും. മാറ്റില്ലെന്ന് അവർ പറയും. അപ്പോൾ പിന്നെ 'നീയാണോടാ അലവലാതി ഷാജി' തുടങ്ങി ജയന്റെ മാസ് ഡയലോഗ് അടിച്ച് സ്റ്റൈലായി വന്ന് കുറുകെ ഇട്ടിരിക്കുന്ന വണ്ടിയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കണം. ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്താണ് ഇറങ്ങുക. ആ വണ്ടിക്കാരന് ചില്ലു മാറ്റാനുള്ള പണം നേരത്തെ കൊടുത്തിരിക്കും. അങ്ങനെ ജയന്റെ പേരിൽ ഞാൻ കുറെ അരി വാങ്ങിച്ചിട്ടുണ്ട്. ഇപ്പോഴും പലരും എന്നെ ഓർക്കുന്നത് ആ വേഷത്തിന്റെ പേരിലാണ്. അതൊരു ദൈവാനുഗ്രഹമാണ്.
ആ ബെൽബോട്ടം ലുക്ക്
എന്റെ കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. ആദ്യമായി ഒരു വിഗ് കാണുന്നത് അദ്ദേഹത്തിന്റെ പക്കലാണ്. ആ വിഗ് വച്ചാലാണ് അദ്ദേഹം ജയൻ ആവുകയുള്ളൂ. അല്ലാതെ കണ്ടാൽ, നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. പിന്നീട്, അദ്ദേഹത്തിന്റെ ഫിഗർ ചെയ്യാൻ തുടങ്ങിയപ്പോൾ മേക്കപ്പ് ആർടിസ്റ്റ് പട്ടണം ഷാനവാസിന്റെ അടുത്ത് ചെന്ന് പ്രത്യേകം വിഗ് നിർമ്മിച്ചെടുത്തു. ജയനെ ചെറുപ്പം മുതലെ കണ്ടും കേട്ടും വളർന്നതുകൊണ്ട്, ആളെ അനുകരിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. ബെൽ ബോട്ടം പാന്റ്സും ഷർട്ടും വലിയ ബെൽറ്റുമിട്ട ഫിഗർ ചെയ്തു തുടങ്ങിയത് ഞാനായിരുന്നു. അന്ന് തിരുമല ചന്ദ്രൻ എന്ന കലാകാരൻ ചെയ്തിരുന്നത് കരിമ്പന എന്ന സിനിമയിലെ ജയന്റെ കഥാപാത്രത്തെ ആയിരുന്നു. പിന്നീട് ജയന്റെ ആ ബെൽബോട്ടം ലുക്കാണ് പലരും അനുകരിച്ചത്.
വന്നതെല്ലാം ജയൻ കഥാപാത്രങ്ങൾ
ജയനെ സിനിമയിൽ അവതരിപ്പിച്ചതുകൊണ്ട് ആകെയൊരു വിഷമം സംഭവിച്ചത് പിന്നീട് വന്ന കഥാപാത്രങ്ങളെല്ലാം 'ജയൻ' തന്നെ ആയിപ്പോയി എന്നതാണ്. അഭിനേതാവ് എന്ന നിലയിൽ വേണ്ടത്ര അവസരങ്ങളോ അംഗീകാരങ്ങളോ ലഭിച്ചില്ല. ആ സമയത്ത് എനിക്ക് അഞ്ചു സിനിമകൾ വന്നു. അഞ്ചിലും എന്റെ വേഷം ജയൻ തന്നെ. അങ്ങനെ ആ പടങ്ങൾ വേണ്ടെന്നു വച്ചു. 'അപരന്മാർ നഗരത്തിൽ' എന്ന സിനമയ്ക്കു വേണ്ടി മാന്യമായി ആ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ചെയ്ത് മോശമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. നല്ല പ്രതിഫലവും അവർ എനിക്ക് ഓഫർ ചെയ്തിരുന്നു. ഷക്കീലയുടെ സിനിമയിലേക്കും എന്നെ വിളിച്ചിരുന്നു. ഷക്കീലയും ജയനുമായുള്ള ഒരു കോമ്പിനേഷൻ വർക്കൗട്ട് ആകുമെന്ന് കണക്കുക്കൂട്ടിയവരായിരുന്നു ആ പ്രൊജക്ടിനു പിന്നിൽ. ഞാൻ അതിനൊന്നും പോയില്ല.
ഓവർ ആക്കി ചളമാക്കല്ലേ, പ്ലീസ്
ജയനെ അമാനുഷികനായി സ്റ്റേജിലും ടെലിവിഷനിലും അവതരിപ്പിച്ചപ്പോഴാണ് ഈ മരിച്ചു പോയ മനുഷ്യനെ വീണ്ടും പലരും ഓർത്തു തുടങ്ങിയത്. അങ്ങനെ അദ്ദേഹത്തിന് പ്രേക്ഷകരുടെ മനസിൽ ഒരു പുനർജ്ജന്മം ലഭിക്കുകയായിരുന്നു. ജഗതി ചേട്ടൻ എന്നെക്കൊണ്ട് പലപ്പോഴും ജയന്റെ ചുണ്ടു കൊണ്ടുള്ള സിഗ്നേച്ചർ ആക്ഷൻ ചെയ്യിപ്പിക്കുമായിരുന്നു. ജയന്റെ മാനറിസം പലതും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു പഠിച്ചതാണ്. അങ്ങനെയാണ് ആ ഫിഗർ സ്റ്റേജിൽ ചെയ്തു തുടങ്ങുന്നത്. ജയനെ മോശം രീതിയിൽ ചിത്രീകരിക്കാതെ അവതരിപ്പാക്കാൻ പലപ്പോഴും ഞാനെന്റെ മിമിക്രി രംഗത്തെ സുഹൃത്തുക്കളോടു പറയാറുണ്ട്. ഓവർ ആക്കി നശിപ്പിച്ച് ചളമാക്കുന്നവരുണ്ട്. ഒരാളെ വ്യക്തിഹത്യ ചെയത് അനുകരിക്കരുതെന്നാണ് എന്റെ നിലപാട്.