ഇനി ഗന്ധർവനായി ഉണ്ണി മുകുന്ദൻ; സൂപ്പർഹീറോ ചിത്രം; ബജറ്റ് 40 കോടി

Mail This Article
സിനിമാ ജീവിതത്തിൽ ആദ്യമായി ഗന്ധർവന്റെ വേഷം അണിയാൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പുതിയചിത്രമായ ഗന്ധർവ ജൂനിയറിന്റെ പൂജ കൊച്ചിയിൽ നടന്നു. മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്.


സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ, വിഎഫ്എക്സ് മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഗന്ധർവ ജൂനിയർ നിർമിക്കുന്നത്.