നൈക്കിയുടെ ബാസ്കറ്റ് ബോൾ വിജയ ഗാഥ; ‘എയർ’ അഥവാ ഒരു സൂപ്പർ ബ്രാൻഡ് ഉണ്ടാക്കിയ കഥ

Mail This Article
സത്യത്തിൽ 'എയർ' എന്നു പേരുള്ള ഈ സിനിമയിലെ നായകൻ ആരാണെന്ന ചോദ്യത്തിന് സിനിമ കണ്ടു ദിവസങ്ങൾക്ക് ശേഷവും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. ഒരു പക്ഷേ അതിനി കിട്ടുകയുമില്ല. കാരണം ഈ കഥയിലെ നായകൻ എന്തായാലും ഒരാളല്ല, ഒരു ബ്രാൻഡും ഇന്നേ വരെ ഒരാൾ ഒറ്റക്ക് കെട്ടിപ്പെടുത്തിട്ടില്ല, അങ്ങനെ കഥകൾ കൊണ്ടാടാറുണ്ടെങ്കിലും. ഒരു പക്ഷേ ആ ബ്രാൻഡിന് പുറത്തു നിൽക്കുന്ന ഒഒരാളായിരിക്കും ആ ബ്രാൻഡിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രേരിപ്പിച്ചത്, ചിലപ്പോഴൊക്കെ നിർബന്ധിതരാക്കിയത്. അങ്ങനെ നോക്കുമ്പോൾ ഇതിലെ ഹീറോ ഒരമ്മയാണ്, തന്റെ മകന്റെ കഴിവിൽ അവനെക്കാൾ ഏറെ വിശ്വാസമുണ്ടായിരുന്ന ഒരമ്മ. അല്ലെങ്കിൽ നാൽപത്തിയേഴാം വയസ്സിൽ പ്രശസ്തിയുടെ കൊടുമുടിയുടെ അറ്റത്ത് നിൽക്കുമ്പോൾ ഇപ്പോഴും തന്റെ അമ്മ തന്നെ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് നോക്കുന്നത് എന്ന് ആ മകൻ എങ്ങനെ ലോകത്തിനു മുന്നിൽ പരസ്യമായി പ്രഖ്യാപിക്കും?
അപ്പോഴാണ് തന്റെ ജീവിതം വളർന്നു വരുന്ന ബാസ്കറ്റ് ബോൾ കളിക്കാരെ കണ്ടെത്തുന്നതിനായി ഉഴിഞ്ഞു വച്ച ഒരു ഭ്രാന്തനില്ലായിരുന്നെങ്കിൽ ഈ കഥയിൽ ഈ അമ്മയുടെ റോൾ എന്താകുമായിരുന്നു എന്ന ചോദ്യം ഉയർന്നു വരുന്നത്. ഒരു തരത്തിലും താൻ ഭാഗമായ ബ്രാൻഡിന്റെ മുഖമാകാൻ താല്പര്യം കാണിക്കാത്ത കളിക്കാരനെ എന്ത് വില കൊടുത്തും കൈക്കലാക്കാൻ പണം മാത്രം പോരെന്ന് തിരിച്ചറിഞ്ഞ മനുഷ്യൻ. കച്ചവടത്തിന്റെ പതിവ് രീതികൾ അയാൾക്ക് മുന്നിൽ വിലങ്ങുതടിയായി മാറിയപ്പോൾ സൗഹൃദങ്ങളെപ്പോലും ചവറ്റുകുട്ടയിലെറിഞ്ഞു മനസ്സ് പറഞ്ഞതിന്റെ പിന്നാലെ പോയ ഒരാൾ. അതെ, അയാൾ ആ അമ്മയെ കണ്ടില്ലായിരുന്നെങ്കിൽ ഈ കഥയുണ്ടാകുമായിരുന്നില്ല, ലോകം ഏറ്റവും കൊണ്ടാടിയ സൂപ്പർ ബ്രാൻഡുകളിൽ ഒരെണ്ണവും!

പക്ഷേ അയാളുടെ അഭിനിവേശത്തെയും അമ്മയുടെ നിശ്ചയദാർഢ്യത്തെയും കോർപറേറ്റ് ലോകത്തിന്റെ നിയമങ്ങളും നൂലാമാലകളും ചൂണ്ടിക്കാണിച്ചു ഒറ്റ നിമിഷം കൊണ്ട് ചവറ്റു കൊട്ടയിലെറിയാൻ കഴിയുമായിരുന്ന ഒരാൾ കൂടിയുണ്ട് ഈ സിനിമയിൽ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു ഡിപ്പാർട്മെന്റ് നാലോ അഞ്ചോ കളിക്കാർക്കായി നീക്കി വച്ചിരുന്ന വലിയ തുക മുഴുവനും കച്ചവടത്തിന്റെ വഴികൾ വഴങ്ങാത്ത ഒരാളുടെ ചിന്തയെ മുഖവിലക്കെടുത്ത് ഒറ്റ താരത്തിന് വേണ്ടി ചെലവാക്കാൻ തീരുമാനിച്ച മനുഷ്യൻ. ആ തീരുമാനം അയാളുടെ സിഇഓ പദവി തന്നെ അപകടത്തിലാക്കുമായിരുന്നു. ആ തീരുമാനമെടുക്കുന്നതിലേക്ക് അയാളെ എന്താണ് നയിച്ചത് എന്ന് ചോദിച്ചപ്പോൾ 'താൻ ഒന്ന് ജോഗ് ചെയ്യാൻ പോയി' എന്നുത്തരം പറഞ്ഞവൻ.

കഴിഞ്ഞിട്ടില്ല, കരുത്തയായ ആ അമ്മ, ശരികളിൽ നിന്ന് അണുവിട മാറാൻ തയാറല്ലാത്ത ഒരു മനുഷ്യൻ, അവർക്കൊപ്പം തന്റേതടക്കമുള്ള ബ്രാൻഡുകൾക്ക് വലിയ അധികച്ചെലവുകൾ വരുമെന്നറിഞ്ഞിട്ടും ലോകത്തിലെ മുഴുവൻ കായികതാരങ്ങളുടെയും ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ട് വന്ന ഒരു തീരുമാനം ഒട്ടും ശങ്കിക്കാതെ എടുത്ത ഒരു ബിസിനസ്സുകാരൻ, ഇവരുടെയെല്ലാം സ്വപ്നങ്ങളെ തന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുമായി ചേർത്തു പിടിച്ച ഒരു മാർക്കറ്റിങ് തലവൻ. പക്ഷേ അവരുടെയെല്ലാം വിജയഗാഥക്ക് പിന്നിൽ ഒരാൾ കൂടിയുണ്ടായിരുന്നു. അണിയേണ്ട കളിക്കാരന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് ഈ സൂപ്പർ ബ്രാൻഡ് സ്വന്തം കൈ കൊണ്ട് രൂപകൽപന ചെയ്തു പുറത്തു കൊണ്ട് വന്ന ഒരു ഷൂ ഡിസൈനർ. മിഡ് ലൈഫ് ക്രൈസിസിൽ കൂടി കടന്നു പോയിക്കൊണ്ടിരുന്ന ആ മനുഷ്യൻ എൻബിഎ കളിക്കാർ അണിയുന്ന ഷൂസിൽ അൻപത്തിയൊന്ന് ശതമാനം വെളുത്ത നിറം വേണമെന്ന നിയമത്തെ കാറ്റിൽ പറത്തി 23 ശതമാനം മാത്രം വെള്ളയും ബാക്കി മുഴുവൻ ചുവപ്പു നിറവുമായി ചെയ്‌തെടുത്ത ആ ഡിസൈനാണ് ലോകത്തിനു ഒരു സൂപ്പർ ബ്രാൻഡ് സമ്മാനിക്കുന്നത്. ഈ കുറ്റത്തിന് പിഴയായി അതണിയുന്ന കളിക്കാരനിൽ നിന്ന് ഓരോ മത്സരത്തിലും പിഴയായി എൻബിഎ ഈടാക്കുന്ന 5000 ഡോളർ അടക്കാൻ തയാറായി തന്നെ ചെയ്ത ഡിസൈൻ, ആ മാന്ത്രികതയുടെ പേരാണ് 'എയർ ജോർദാൻ'.


'ഡെലോറിസ് ജോർദാൻ' എന്ന അമ്മ, 'സണ്ണി വക്കാറോ' എന്ന സ്പോർട്സ് മാർക്കറ്റർ, 'ഫിൽ നൈറ്റ്' എന്ന കമ്പനി ഉടമ, 'പീറ്റർ മൂർ' എന്ന ഷൂ ഡിസൈനർ, റോബ് സ്ട്രസ്സാർ എന്ന മാർക്കറ്റിങ് തലവൻ ഇവർക്കൊപ്പം ലോകം കണ്ട ഏറ്റവും പ്രശസ്തരായ കായിക താരങ്ങളിൽ ഒരാളായ മൈക്കേൽ ജോർദാന്റെ പേര് കൂടി ചേരുമ്പോൾ പിറന്നത് 'എയർ ജോർദാൻ' എന്ന പേരിൽ പ്രശസ്തമായ 'നൈക്കി'യുടെ ബാസ്കറ്റ് ബാൾ ഷൂ ശ്രേണി. 'നൈക്കി' എന്ന ബ്രാൻഡിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള കായിക താരങ്ങളുടെ തല വര മാറ്റി വരച്ച സൂപ്പർ ബ്രാൻഡ്. പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ബെൻ അഫ്‌ളെക് സംവിധാനം ചെയ്ത 'എയർ' എന്ന സിനിമ പറയുന്നത് ആ സൂപ്പർ ബ്രാൻഡിന്റെ പിറവിയുടെ കഥയാണ്.
ബെൻ അഫ്ലെക്കിന്റെ സിനിമകൾക്ക് കേരളത്തിലും ആരാധകർ ഏറെയുണ്ട്. ഇന്ത്യയുടെ ബെൻ അഫ്ലെക്ക് ആണ് മമ്മൂട്ടിയെന്നു ഇന്ത്യൻ സിനിമകളെ സ്നേഹിക്കുന്ന അമേരിക്കൻ സിനിമാ നിരൂപകൻ ഡെറിക് മാൽക്കം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നടനെന്ന നിലയിൽ മാത്രമല്ല സംവിധായകനെന്ന നിലയിലും ബെൻ അഫ്ലെക്കിന്റെ സൃഷ്ടികൾ അയാളുടെ പ്രതിഭയെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയഞ്ചാം വയസ്സിൽ മാട്ട് ഡേമനുമായി ചേർന്നെഴുതിയ 'ഗുഡ് വിൽ ഹണ്ടിങ്' എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ അവാർഡ് നേടിയ ബെൻ, 2012 ൽ സംവിധാനം ചെയ്ത 'ആർഗോ'യിലൂടെ മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡും കരസ്ഥമാക്കി. എയറിൽ കേന്ദ്ര കഥാപാത്രമായ സണ്ണി വക്കാറോയെ അവതരിപ്പിച്ച മാട്ട് ഡേമനൊപ്പം ബെൻ ആരംഭിച്ച 'ആർടിസ്റ്റ് ഇക്വിറ്റി'യുടെ ബാനറിൽ ആണ് ഇത് വരെ ലോകം കണ്ട ഏറ്റവും മികച്ച ബ്രാൻഡ് സ്റ്റോറി 'എയർ' എന്ന പേരിൽ സിനിമയായി നമ്മുടെ മുന്നിലെത്തിയത്. ആമസോൺ നിർമാണ പങ്കാളികളായ സിനിമ അവർ പ്രൈമിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തിയറ്ററിൽ റിലീസ് ചെയ്ത രണ്ടാമത്തെ സിനിമ കൂടിയാണ്. ഇപ്പോൾ ആമസോൺ പ്രൈമിൽ ഈ സിനിമ ലഭ്യമാണ്.
അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരുന്ന 'നൈക്കി'യുടെ ബാസ്കറ്റ് ബാൾ ഷൂ ഡിവിഷനെ എക്കാലത്തെയും അവരുടെ ഏറ്റവും വലിയ ശത്രുക്കളായ 'അഡിഡാസി'നെയും പിൽക്കാലത്ത് അവർ ഏറ്റെടുത്ത 'കോൺവെർസി'നെയും തോൽപ്പിച്ചു വിജയകിരീടം ചൂടിച്ച മാന്ത്രികതയയുടെ കഥ മാത്രമല്ല 'എയർ'. ഞങ്ങളുടേതാണ് ഏറ്റവും മികച്ച ഉത്പന്നങ്ങൾ, അത് നിങ്ങൾ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞിരുന്ന ബ്രാൻഡുകൾക്കിടയിൽ നിന്ന് നിങ്ങൾക്ക് വേണ്ടി മാത്രമായി ഡിസൈൻ ചെയ്യപ്പെട്ട ഉത്പന്നങ്ങളാണ് ഞങ്ങൾ ഉണ്ടാക്കുന്നതെന്ന് ബ്രാൻഡുകളെക്കൊണ്ട് പറയിപ്പിക്കാൻ തുടങ്ങിയതിന്റെ ചരിത്രം കൂടിയാണത്. അങ്ങനെയാണ് 'നൈക്കി' മൈക്കേൽ ജോർദാൻ എന്ന 21 കാരനെ അവരുടെ ബ്രാൻഡ് അംബാസഡർ ആയി കൂടെ ചേർക്കുന്നത്.
ഒരു കായിക താരത്തിന്റെ പേരിൽ പുറത്തിറങ്ങുന്ന ബ്രാൻഡ്, നൈക്കിയുടെ പ്രശസ്തമായ സ്വൂഷ് ലോഗോക്കൊപ്പം ജോർദാൻ പന്തുമായി ഉയർന്നു ചാടുന്ന മറ്റൊരു ലോഗോ കൂടി. വിൽക്കുന്ന ഓരോ ഷൂസിനും ഒരു നിശ്ചിത തുക പോകുന്നത് ജോർദാന്റെ പോക്കറ്റിലേക്ക്. ആദ്യമായി ഒരു കായികതാരം അയാൾ ബ്രാൻഡ് അംബാസഡർ ആകുന്ന ഉല്പന്നത്തിന്റെ വിൽപ്പനയിലെ ലാഭത്തിന്റെ കൂടെ പങ്കാളിയാകുന്നു. നൈക്കിയും ജോർദാനും കൈകോർത്ത് ആ തുടക്കം ഇന്ന് ലോകമെമ്പാടുമുള്ള കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത് കോടിക്കണക്കിനു രൂപയുടെ അധിക വരുമാനം. ആ തീരുമാനത്തിന് നൈക്കിയെ നിര്ബന്ധിതരാക്കിയത് മൈക്കേൽ ജോർദാന്റെ അമ്മ ഡെലോറിസിന്റെ നിശ്ചയ ദാർഢ്യം.
ഒരു ബ്രാൻഡ് എങ്ങനെ സൂപ്പർ ബ്രാൻഡ് ആയി മാറുന്നു എന്നറിയാൻ ഇതിലും നല്ലൊരു സിനിമ റെക്കമൻഡ് ചെയ്യാനില്ല. ചില ഭ്രാന്തൻ ചിന്തകൾ, ചില കടുത്ത തീരുമാനങ്ങൾ, അതിന്റെ വിജയത്തിനായി തെരെഞ്ഞെടുക്കേണ്ടി വരുന്ന വേറിട്ട വഴികൾ, അതിനെല്ലാം മുകളിൽ ഈ ലക്ഷ്യത്തിനായി മറ്റെല്ലാം ഉപേക്ഷിച്ചിറങ്ങാൻ തയാറാകുന്ന ഒരു കൂട്ടം മനുഷ്യർ. 'നൈക്കി'യും 'കൊക്ക കോള'യും 'കെഎഫ്സി'യും 'മക് ഡൊണാൾഡ്'സും 'ആപ്പിളും' 'വിൻഡോസും' 'ടെസ്‌ല'യും 'വിർജിനു'മെല്ലാം നമ്മുടെ മനസ്സിൽ ഉണർത്തുന്ന ചില മുഖങ്ങളുണ്ട്. ആ മുഖങ്ങൾ നമ്മൾ ഓഫിസിന്റെ ചുവരിൽ ഒട്ടിച്ചു വെച്ച് ആരാധനയോടെ ഉറ്റു നോക്കാറുണ്ട്, പക്ഷേ അവരുടെ വിജയത്തിന് പിന്നിൽ അവർക്കൊപ്പം അണിനിരന്ന എന്തിനും പോന്നൊരു ടീം ഉണ്ട്, എന്തിനു ആ ടീമിനെപ്പോലും വേറിട്ട് ചിന്തിക്കാൻ നിർബന്ധിതരാക്കിയ മറ്റു ചിലർ പുറത്തു നിൽപ്പുണ്ട്. അവരെ നമ്മൾ ഒരിക്കലും കാണുന്നില്ലെങ്കിലും.
ഈ സിനിമയിൽ മൂന്ന് തവണ ആവർത്തിക്കപ്പെടുന്ന ഒരു സംഭാഷണമുണ്ട്. "A shoe is always just a shoe until someone steps into it".ആദ്യമായി ഇത് പറയുന്നത് 'നൈക്കി'യുടെ മാർക്കറ്റിങ് തലവനായ റോബ് സ്ട്രസ്സർ ആണ്. ഇതേ വാക്കുകൾ ജോർദാൻ കുടുംബവുമായുള്ള മീറ്റിങ്ങിൽ സണ്ണി വക്കാറോ ആവർത്തിക്കുന്നുണ്ട്. ഇത് തന്നെയാണ് ഓരോ എയർ ജോർദാൻ ഷൂസും വിൽക്കുമ്പോൾ അതിന്റെ ഒരു നിശ്ചിത ശതമാനം തന്റെ മകന് കിട്ടണമെന്ന് ആവശ്യത്തിനു ബലം നൽകാൻ ഡെലോറിസ് എന്ന അമ്മയും പറയുന്നത്. 'എയർ' എന്ന സിനിമയും 'എയർ ജോർദാൻ' എന്ന ബ്രാൻഡും നിങ്ങളോട് പറയുന്നത് അത് തന്നെയാണ്. ഒരാളുടെ കൈകളിൽ എത്തും വരെ നിങ്ങളുടെ ബ്രാൻഡ് ഒരുത്പന്നം മാത്രമാണ്, അതുപയോഗിക്കുന്നവരിലൂടെയാണ് അതൊരു വികാരമായി മാറുന്നത്.