‘സലാറി’ന്റെ ആദ്യദിന കലക്‌ഷൻ പുറത്തുവിട്ട് നിർമാതാക്കൾ; കേരളത്തിൽ നിന്ന് 4.65 കോടി
Mail This Article
ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി സലാർ. 178 കോടിയാണ് ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന കലക്‌ഷനാണിത്. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് കലക്‌ഷൻ പുറത്തുവിട്ടത്.
വിജയ്‌യുടെ ‘ലിയോ’ സിനിമയുടെ റെക്കോർഡ് ആണ് സലാർ തകർത്തത്. 148.5 കോടിയായിരുന്നു ലിയോയുടെ ആദ്യദിന കലക്‌ഷൻ. ഷാറുഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്.
കേരളത്തിൽ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്‌ഷൻ 4.65 കോടിയാണ്. കർണാടക–11.60 കോടി. നോർത്ത് ഇന്ത്യ–18.6 കോടി. തമിഴ്നാട്–6.10 കോടി.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. കേരളത്തില്‍ റിലീസ് ദിവസം രാവിലെ ഏഴ് മണി മുതൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു.
കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്.
രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമാണം.
രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ.
ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.