ADVERTISEMENT

മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാൽ വഴി ഗുണ കേവിലേക്കുള്ള യാത്ര– അത് വല്ലാത്തൊരു അനുഭവമാണ്. ആ യാത്രയിൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം പ്രേക്ഷകരും സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് ചിദംബരം എന്ന സംവിധായകന്റെ ക്രാഫ്റ്റും ബ്രില്യൻസുമാണെന്നു പറയാതെ വയ്യ. ഡെവിൾസ് കിച്ചണിൽനിന്ന് ഗുണ കേവിലേക്കുള്ള ദൂരം മാനവികതയുടേതു കൂടിയാണ്.

മറ്റെല്ലാ കലകളെയും പോലെ പ്രകൃതിയിൽനിന്നും മറ്റു കലകളിൽനിന്നും എന്നും പ്രചോദനം ഉൾകൊണ്ടിട്ടുള്ള കലാരൂപമാണ് സിനിമയും. പല കാലങ്ങളിൽ, പല ദേശങ്ങളിൽ, പല ഭാഷകളിൽ നിർമിക്കപ്പെട്ട അസംഖ്യം സിനിമകൾ ഇപ്പോഴും ഓരോ നവാഗത സംവിധായകനെയും പ്രചോദിപ്പിക്കാറുണ്ട്. ഒരു സംവിധായകനോടോ അഭിനേതാവിനോടോ ഗായകനോടോ സംഗീത സംവിധായകനോടോ ഉള്ള ആദരത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ പലപ്പോഴും സിനിമകളിൽ റഫറൻസുകൾ നൽകാറുണ്ട്. അത്തരത്തിൽ ചിന്തിക്കുമ്പോൾ കമൽഹാസനും ഇളയരാജയ്ക്കും എസ്. ജാനകിക്കുമുള്ള ആദരം കൂടിയായി മാറുന്നുണ്ട് മഞ്ഞുമ്മൽ ബോയ്സ്. 

പഴയ സിനിമകളിലെ ഗാനങ്ങളും സംഭാഷണ ശകലങ്ങളും കഥാപാത്രങ്ങളുമൊക്കെ മറ്റൊരു കാലഘട്ടത്തിൽ നിർമിക്കപ്പെടുന്ന സിനിമകളിൽ കടന്നുവരാറുണ്ട്. 1991-ൽ പുറത്തിറങ്ങിയ കമൽഹാൻ ചിത്രം ‘ഗുണ’യെ വിദഗ്ധമായി കഥാഗതിക്ക് അനുഗുണമായി പ്ലേസ് ചെയ്തു എന്നതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഹൈലൈറ്റ്. തിയറ്റർ വിട്ട് ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ ‘മനിതർ ഉണർന്ത് കൊള്ള, ഇത് മനിത കാതൽ അല്ലൈ അതൈയും താണ്ടി പുനിതമാനത്..’  എന്ന വരികൾ ഒരു നെടുവീർപ്പായി, ദീർഘനിശ്വാസമായി വന്ന് നിറയുന്നുണ്ടെങ്കിൽ സംവിധായകൻ ചിദംബരം  തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. 

ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ ബി.എസ്. വാർഡാണ് 1821 ൽ, ഇന്ന് ഗുണ കേവ് എന്ന പേരിൽ പ്രശസ്തമായ വമ്പൻ ഗുഹ കണ്ടെത്തുന്നത്. നിഗൂഢമായ ഗുഹയ്ക്ക് അദ്ദേഹം നൽകിയ പേരാണ് ഡെവിൾസ് കിച്ചൺ. കമല്‍ഹാസന്റെ ‘ഗുണ’ സിനിമയുടെ പ്രധാന ലൊക്കേഷൻ ഡെവിൾസ് കിച്ചണായിരുന്നു. ചിത്രത്തിലെ ‘കൺമണി അൻപോട് കാതലൻ’ എന്ന എവർഗ്രീൻ സോങ് ചിത്രീകരിച്ചത് ഇവിടെയായിരുന്നു. സിനിമ റിലീസായി പാട്ട് ഹിറ്റായതോടെ ഡെവിൾസ് കിച്ചണിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഡെവിൾസ് കിച്ചൺ അങ്ങനെ ഗുണ കേവായി. 

മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്കു യാത്ര തിരിച്ച യുവാക്കളുടെ സംഘവും ഗുണ കേവിലെത്തുന്നു. സംഘത്തിലെ ഒരു യുവാവ് ഗുഹയിൽ അകപ്പെടുന്നതും കൂട്ടുകാർ അയാളെ സാഹസികമായി രക്ഷപ്പെടുത്തുന്നതുമായ സംഭവകഥയ്ക്കാണ് ചിദംബരം ചലച്ചിത്ര ഭാഷ്യം ചമച്ചത്. 

1991-ൽ പുറത്തിറങ്ങിയ ഒരു സിനിമ 2006-ൽ മഞ്ഞുമ്മലിൽ നിന്നുള്ള യുവാക്കളുടെ സംഘത്തെ കൊടൈകനാലിലേക്ക് ആകർഷിക്കുന്നു. അവരുടെ യാത്രയിലെ അപ്രതീക്ഷിതവും അവിശ്വസനീയവുമായ സംഭവ വികാസങ്ങൾ 2024 ൽ സിനിമയാകുന്നു. ആ സിനിമ മഞ്ഞുമ്മലിലെ മനുഷ്യരിലൂടെ, ഗുണയെന്ന സിനിമയിലൂടെ, ‘കൺമണി അൻപോട് കാതലൻ’ എന്ന പാട്ടിലൂടെ, ഇളയരാജയുടെ സംഗീതത്തിലൂടെ, കമൽഹാന്റെയും എസ്. ജാനകിയുടെയും ശബ്ദത്തിലൂടെ പ്രേക്ഷകരെ ആലിംഗനം ചെയ്യുന്നു. സിനിമാറ്റിക് മാജിക് എന്നല്ലാതെ എന്താണ് പറയുക. പല കാലങ്ങളിൽ പല റഫറൻസുകൾ പല സിനിമകളിൽ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ അടുത്തകാലത്തൊന്നും തിയറ്ററിലെ പ്രേക്ഷകരെ ഒന്നടങ്കം ലിഫ്റ്റ് ചെയ്ത, എലിവേറ്റ് ചെയ്ത ഒരു സീൻ ഉണ്ടോയെന്നു സംശയമാണ്. 

പോസ്റ്റർ
പോസ്റ്റർ

‘മനിതർ ഉണർന്ത് കൊള്ള, ഇത് മനിത കാതൽ അല്ലൈ അതൈയും താണ്ടി പുനിതമാനത്..’  എന്ന എവർഗ്രീൻ വരികൾക്ക് ഒരു ആയിരം മാനങ്ങളും ആയിരം അർഥങ്ങളും അനുഭവപ്പെട്ട നിമിഷം. പ്രിയപ്പെട്ട ചിദംബരം, ‘ജാനേ മൻ’ എന്ന പേരിൽ നിങ്ങൾ ക്ലൈമാക്സിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്നേഹത്തിന്റെ നനവിനു കൊടൈക്കനാലിലും തുടർച്ച ഉണ്ടാകുന്നു. സ്നേഹത്തിന്റെ, ചേർത്തുപിടിക്കലിന്റെ മഞ്ഞുരുകുന്നു. നന്ദി ചിദംബരം, നന്ദി സിനിമ.

sab-john
സാബ് ജോൺ

കമല്‍ഹാസനും ഇളയരാജയ്ക്കും ജാനകിക്കുമൊപ്പം തീർച്ചയായും ഓർത്തിരിക്കേണ്ട പേരാണ് സാബ് ജോൺ എന്ന, ഗുണയുടെ എഴുത്തുകാരന്റെ പേരും. ചലച്ചിത്ര വിദ്യാർഥികൾക്ക് തിരക്കഥാ രചനയിൽ ക്ലാസുകൾ എടുക്കുന്ന സാബ് ജോൺ ഹിന്ദി, മലയാളം, തെലുങ്ക് സിനിമകൾക്കായും വെബ്സീരിസിനും വേണ്ടി തിരക്കഥകളൊരുക്കുന്നു. മഞ്ഞുമ്മൽ ബോയ്സിനൊപ്പം ഗുണയും കൺമണി അൻപോട് കാതലനും ചർച്ചയാകുമ്പോൾ തീർച്ചയായും ഓർമിക്കേണ്ട പേര് തന്നെയാണ് സാബ് ജോണിന്റേത്.

English Summary:

Malayalam Film Manjummel Boys Has This Kamal Haasan Connectio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com