‘ഒറ്റയ്ക്ക് വഴിവെട്ടിയാണ് എല്ലാവരും വരുന്നത്’: മമ്മൂട്ടിയുടെ സഹോദരീപുത്രൻ ഇനി നായകൻ
Mail This Article
മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്ക്കർ സൗദാൻ നായകനായെത്തുന്ന ‘ഡിഎൻഎ’ തിയറ്ററുകളിലെത്തി. അഭിനേതാവ് എന്ന നിലയിൽ തനിക്കു കിട്ടിയ വലിയൊരു അവസരമാണ് ‘ഡിഎൻഎ’ എന്ന ചിത്രമെന്ന് അഷ്ക്കർ പറയുന്നു.
‘‘സിനിമാ പശ്ചാത്തലം ഉണ്ടായിട്ട് ഒരു കാര്യവുമില്ല. ഒരു അഭിമുഖത്തിൽ ഒരു വലിയ ആർടിസ്റ്റ് പറയുന്നത് കേട്ടു. ‘‘ഞങ്ങൾക്ക് സിനിമാ ബാക്ക് ഗ്രൗണ്ട് ഇല്ല. ഒറ്റക്ക് പോരാടി, ഒറ്റയ്ക്ക് വഴി വെട്ടി തെളിച്ചു വന്നു" എന്നൊക്കെ. എല്ലാവരും ഒറ്റയ്ക്ക് ആണ് വരുന്നത്.. അല്ലാതെ സിനിമാ പശ്ചാത്തലം ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. എനിക്ക് കഴിവ് ഉണ്ടോ? എന്നെ സപ്പോർട്ട് ചെയ്യാൻ ആരേലും ഉണ്ടോ? അതാണ് നോക്കേണ്ടത്.
എന്നെ ഒരു നിർമാതാവ് സപ്പോർട്ട് ചെയ്യാൻ ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്. അതിനു തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലാതെ, എനിക്ക് സിനിമാ പാരമ്പര്യം ഉണ്ട്, എനിക്ക് മമ്മൂട്ടി ഉണ്ട് എന്ന് പറഞ്ഞു ഇരുന്നതു കൊണ്ട് വല്ല കാര്യമുണ്ടോ? ഈ ആക്‌ഷൻ-കട്ട് ഇതിനിടയിലുള്ള പരിപാടി ഉണ്ടല്ലോ.. ഇതിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലേൽ ആരെങ്കിലും നമ്മളെ സ്വീകരിക്കുമോ?
സിനിമാ ഫിലിം ഇപ്പോള്‍ ഡിജിറ്റൽ ആയല്ലോ. ഫിലിമിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽ നിന്നാണ് ഞാൻ സിനിമയിൽ വരുത്. പക്ഷേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ നടൻ എന്നൊന്നുമല്ല പറയുന്നത്, ‘ഡിഎൻഎ’ റിലീസ് ചെയ്തതിനു ശേഷം ആളുകൾ വിലയിരുത്തട്ടെ. ചെറിയ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്, പൊട്ടിയിട്ടുണ്ട്, പരിഹാസം കേട്ടിട്ടുണ്ട്. നിനക്ക് നാണമില്ലേ, വേറെ പണിക്കു പൊയ്ക്കൂടെ എന്നു ചോദിച്ചവരുണ്ട്. അഭിനേതാവ് എന്ന നിലയിൽ എനിക്കൊരു പ്ലാറ്റ്‌ഫോം കിട്ടിയത് ഇപ്പോൾ ‘ഡിഎൻഎ’യിലൂടെയാണ്.
മാമച്ചി എന്നാണ് മമ്മൂക്കയെ വിളിക്കുന്നത്. എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.
സൗദയാണ് ഉമ്മ. പിതാവ് അബ്ദുൽകരീം തലയോലപ്പറമ്പ്. ഇളയ സഹോദരൻ അസ്‌ലം. സഹോദരി: റോസ്ന. ഭാര്യ സോണിയ എന്ന ശബ്ന. മകൻ അർസലാൻ മുബാറക്