ലിസ്റ്റിൻ സ്റ്റീഫൻ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്

Mail This Article
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എസ്.എസ്.ടി. സുബ്രഹ്മണ്യനെയും ട്രഷററായി വി.പി. മാധവനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്ത ഭരണസമിതിയിലെ അംഗങ്ങൾ തന്നെ എതിരില്ലാതെയാണ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തു തുടരൂന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ.
സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA യും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭമാണ്. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ
രംഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിർമാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്.
നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ടൊവിനോ നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണം, ദിലീപ് ചിത്രം, സുരാജ് നായകനാകുന്ന എക്സ്ട്രാ ഡീസന്റ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ.