കണ്ടൽ V/s കാൻസർ; ലൈഫ് ഓഫ് മാൻ ഗ്രോവ് വരുന്നു
Mail This Article
എവിടെയും പടരുന്ന ക്യാൻസറിനു മുഖാമുഖം നിൽക്കുകയാണ് എവിടെയും വേരൂന്നുന്ന കണ്ടൽക്കാട്. കടൽ വെള്ളത്തിൻ്റെ ഉപ്പുരസത്തെയും തോൽപിച്ച് കായലോരത്തിൻ്റെ കവചമായി കരുത്തു കാട്ടുന്ന കണ്ടൽ. തോൽപ്പിക്കാനാവില്ല നാടിനെ കാക്കുന്ന ഈ കരുത്തിനെ. ആരെയും വീഴ്ത്തുമെന്ന് ഹുങ്കു കാട്ടുന്ന ക്യാൻസറിനെതിരെ പ്രതിരോധക്കരുത്തിൻ്റെ പ്രതീകമാകുകയാണ് കണ്ടൽക്കാടുകൾ. ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന സിനിമ ഈ പ്രതിരോധത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കഥ പറയുകയാണ്, ഒപ്പം കാൻസറിനെതിരെയുള്ള പോരാട്ടത്തിൻ്റെയും ജാഗ്രതയുടെയും ധൈര്യത്തിൻ്റെയും പ്രകൃതി സംരക്ഷണത്തിൻ്റെയും കഥ. കണ്ടൽക്കാട്ടിൽ പെട്ടു പോകുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിചാരങ്ങളിലൂടെ ഒരു ഗ്രാമത്തിൻ്റെയും ഒരു രോഗത്തിൻ്റെയും തുടർന്നുള്ള അതിജീവനത്തിൻ്റെയും ദൃശ്യാവിഷ്കാരമാകുകയാണീ ചലച്ചിത്രം. ക്യാൻസറിൻ്റെ ഭീകരത കാണിക്കുന്ന ഒരൊറ്റ ഷോട്ടു പോലുമില്ലാതെയാണ് ആത്മവിശ്വാസം കുത്തിവയ്ക്കുന്ന ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. എൻ. എൻ. ബൈജു തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം വൈകാതെ പ്രദർശനത്തിനെത്തും. ഏതു രോഗത്തെയും ചങ്കുറപ്പോടെ നേരിടാനുള്ള വഴി നടത്തം കൂടിയാണീ ചിത്രം.
ഒരു ഗ്രാമം, ഒരു രോഗം
അമിത കീടനാശിനി പ്രയോഗം മൂലം, വെള്ളത്താൽ ചുറ്റപ്പെട്ട ഒരു കാർഷികഗ്രാമം ഒന്നാകെ ക്യാൻസറിനു കീഴ്പ്പെടുന്നതിൻ്റെ അനുഭവത്തിൽ നിന്നാണ് ഈ ചിത്രത്തിൻ്റെ പിറവി. ക്യാൻസർ മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ജുവെന്ന കുട്ടിയുടെയും കണ്ടൽ സംരക്ഷണം ഏറ്റെടുക്കുന്ന ചാത്തനെന്ന വ്യക്തിയുടെയും വ്യത്യസ്ത കാഴ്ചകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് . കണ്ടൽ ആദ്യമവൾക്കൊരു അദ്ഭുതമായിരുന്നു, ഭയമായിരുന്നു - കാൻസറിനെപ്പോലെ. അടുത്തറിഞ്ഞപ്പോൾ, അതിജീവനത്തിൻ്റെ കരുത്തറിഞ്ഞപ്പോൾ ആശങ്ക ആത്മവിശ്വാസമായി, രോഗത്തെ തോൽപ്പിക്കാമെന്ന ആത്മവിശ്വാസം. അവളെ ക്കുറിച്ചും ഗ്രാമത്തെ ക്കുറിച്ചും കണ്ടലിനെക്കുറിച്ചും അവളെഴുതുന്ന പുസ്തകത്തിൻ്റെ പേരാണ് ലൈഫ് ഓഫ് മാൻ ഗ്രോവ്. തൃശൂർ ചേറ്റുവയിലെ സുന്ദരമായ കണ്ടൽ കാട്ടിലായിരുന്നു ഷൂട്ടിങ്. തൃശൂരിലെ അമല ക്യാൻസർ ആശുപത്രിയിലും ചിത്രീകരണം നടന്നു. പരിസ്ഥിതി മലിനീകരണം മൂലം ക്യാൻസറിന് കീഴ്പ്പെടുന്ന പല പ്രദേശങ്ങളുണ്ട് കേരളത്തിൽ. ചുറ്റുപാടുകളിൽ നിന്ന് അതിജീവനക്കരുത്ത് നേടാനുള്ള ഓർമപ്പെടുത്തൽ കൂടിയാണീ ചിത്രം. എവിടെയും തോറ്റുപോകാതെ തലയുയർത്തി നിൽക്കുന്ന കണ്ടൽ പോലെ ഉയരണം ആത്മവിശ്വാസവും പ്രത്യാശയുമെന്ന് ഉദ്ബോധിപ്പിക്കുന്ന ചിത്രം. സുധീർ കരമന, കോബ്രാ രാജേഷ്, നിയാസ് ബക്കർ, ദിനേശ് പണിക്കർ എന്നിവരടക്കമുള്ളവരാണ് താരങ്ങൾ. അഞ്ജുവായി അഭിനയിക്കുന്നത് അയ്ഷ് ബിൻ ആണ്.
അമലയിലെ അനുഭവം
ക്യാൻസർ അതിജീവിതയായ ഒരു പെൺകുട്ടിയുടെ പോരാട്ടമാണ് സിനിമയൊരുക്കാൻ പ്രേരിപ്പിച്ചത്. ഒരു ക്രിസ്മസ് സീസണിൽ അമല ആശുപത്രിയിൽ കണ്ട കാഴ്ച. കേക്ക് സ്റ്റാൾ ഒരുക്കി ജീവിതമാർഗത്തിനു ശ്രമിച്ച ആ പെൺകുട്ടിയുടെ ജീവിതത്തിൽ നിന്നാണ് ചിത്രത്തിൻ്റെ ആദ്യ ചിന്ത ഒരുങ്ങുന്നത്. കണ്ടലിൻ്റെ അതിജീവനവുമായി അതിനെ ചേർത്തുവച്ച് പുതിയ പ്രകാശം പരത്താൻ ശ്രമിക്കുന്നു. തകഴിയുടെ കാത്ത, മാടായിപ്പാറ എന്നിവയടക്കം ഒരു പാട് ഡോക്യു ഫിക് ഷനുകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് എൻ. എൻ. ബൈജു.