‘റെയ്ൻ റെയ്ൻ കം എഗെയ്നി’ലെ ‘സാത്താൻ’ വില്ലൻ; ‘പണി’യിലെ കമ്മിഷണർ; രഞ്ജിത്ത് വേലായുധൻ അഭിമുഖം
Mail This Article
ജോജു ജോർജ് ഒരുക്കിയ ‘പണി’ തിയറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ കാസ്റ്റിങിന്റെ പുതുമയാണ് ഏവരെയും ആകർഷിച്ച ഒരു ഘടകം. സിനിമയിൽ തൃശൂർ ജില്ലാ പൊലീസ് കമ്മിഷണർ ആയി എത്തിയ താരത്തെ കണ്ട്, ‘ഇദ്ദേഹത്തെ എവിടെയൊക്കെയോ കണ്ടിട്ടില്ലേ?’ എന്ന് പ്രേക്ഷകർ തമ്മിൽ തമ്മിൽ ചോദിക്കുന്നുണ്ടായിരുന്നു. പ്രേക്ഷകരുടെ സംശയം ശരിയാണ്. 2003ൽ ജയരാജ് സംവിധാനം ചെയ്ത ‘റെയിൻ റെയിൻ കം എഗെയ്ൻ’ എന്ന ചിത്രത്തിൽ പ്രഫസറുടെ വേഷത്തിലെത്തിയ രഞ്ജിത് വേലായുധൻ ആണ് ആ താരം. ജയരാജിന്റെ തന്നെ മകൾക്ക്, ഫിംഗർ പ്രിന്റ്, കോബ്ര, വിണ്ണൈ താണ്ടി വരുവായാ, കങ്കാരു, ബംഗാർ രാജു തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രത്തങ്ങളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത താരത്തിന്റെ പ്രഫഷൻ ട്രാവൽ ആൻഡ് ടൂറിസം ആണ്. യാത്രയുടെ ഇടവേളകളിൽ സിനിമ ചെയ്യുക എന്നതാണ് രഞ്ജിത്തിന്റെ പതിവ്. ‘പണി’യിലെ കർക്കശക്കാരനായ കമ്മിഷണറുടെ വേഷത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത് എന്ന് രഞ്ജിത്ത് പറയുന്നു. യാത്രകളെ പ്രണയിച്ച താൻ എങ്ങനെ അപ്രതീക്ഷിതമായി സിനിമയിലെത്തിെയന്നും പത്തുവർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയെന്നും മനസ്സ് തുറക്കുകയാണ് രഞ്ജിത്ത് മനോരമ ഓൺലൈനിലൂടെ
വഴിതെറ്റി വന്ന റെയിൻ റെയിൻ കം എഗെയ്ൻ
ഞാൻ ആദ്യമായി അഭിനയിച്ചത് 2003ൽ മലയാളത്തിൽ ജയരാജ് സാർ സംവിധാനം ചെയ്ത റെയിൻ റെയിൻ കം എഗെയ്ൻ എന്ന സിനിമയിൽ ആയിരുന്നു. ആ സിനിമയിൽ നായകനായത് എന്റെ ഒരു സുഹൃത്താണ്. അവനും ഞാനും മുംബൈയിൽ ആയിരുന്നു അന്ന്. അവിടെ നിന്ന് തിരിച്ചു വരുന്ന വഴി ഞാൻ അവനോടൊപ്പം പടത്തിന്റെ ലൊക്കേഷനിൽ പോയി. അവിടെ വച്ച് എന്നെ കണ്ടപ്പോൾ ജയരാജ് സാർ ചോദിച്ചു ഈ കഥാപാത്രം ചെയ്യാമോ എന്ന്.
ചെറിയ കഥാപാത്രമൊന്നുമല്ല ആ പടത്തിലെ മെയിൻ വില്ലൻ. അന്ന് ഞാൻ വളരെ ചെറുപ്പമാണ്. പക്ഷേ എന്റെ പ്രായത്തിനേക്കാൾ പക്വതയുള്ള ഒരു കഥാപാത്രമായിരുന്നു അത്. അതുവരെ ഞാൻ ഒരു സിനിമയിൽ അഭിനയിക്കും എന്നൊരു ചിന്തയോ ആഗ്രഹമോ ഇല്ലായിരുന്നു. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ല. ആദ്യത്തെ സീൻ ഒരു കാർ സീൻ ആയിരുന്നു. അത് സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ ജയരാജ് സാർ എന്നോട് വന്നു പറഞ്ഞു ‘രഞ്ജിത്ത് ഇന്ത്യയിലെ തന്നെ ഒരു വലിയ നടനായി മാറും’. അദ്ദേഹം അങ്ങനെ പറഞ്ഞത് എനിക്ക് വലിയൊരു പ്രചോദനമായിരുന്നു. ആ സമയത്ത് ആ സിനിമയെപ്പറ്റി ആർക്കും ഒന്നും മനസ്സിലായില്ല. പക്ഷേ ഇപ്പോൾ പലരും ആ പടം കണ്ടിട്ട് നല്ല അഭിപ്രായം പറയുന്നുണ്ട്.
വിണ്ണൈ താണ്ടി വരുവായായിലെ ജെറി
പിന്നീട് ജയരാജ് സാറിന്റെ തന്നെ ‘മകൾക്ക്’ എന്നൊരു സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. അത് കഴിഞ്ഞ് ഫിംഗർപ്രിന്റ് എന്നൊരു സിനിമ ചെയ്തു. അതിനു ശേഷം ഞാൻ ചെന്നൈയിലേക്ക് പോയി. പിന്നീട് അഭിനയിച്ചത് വിണ്ണൈ താണ്ടി വരുവായാ എന്ന തമിഴ് സിനിമയിലാണ്. അതിൽ ജെസ്സിയുടെ സഹോദരൻ ജെറിയുടെ വേഷമായിരുന്നു. അതിനു ശേഷം തമിഴിൽ രണ്ടുമൂന്നു സിനിമകളിൽ ചെറിയ വേഷം ചെയ്തു. ഓരോ സിനിമ കഴിയുമ്പോഴും ഞാൻ എന്റെ ജോലിയിൽ ബിസി ആകും. 2016 ൽ തമിഴിൽ സാമി സംവിധാനം ചെയ്ത കങ്കാരു എന്ന സിനിമയിൽ നായകനായി. ഇതിനിടയിൽ കോബ്ര എന്ന മലയാളം സിനിമയിലും അഭിനയിച്ചു. പക്ഷേ മലയാളം സിനിമകൾ ഒന്നും വിജയിച്ചില്ല.
എന്റെ ജോലി യാത്രയുമായി ബന്ധപ്പെട്ടതാണ്. ഒരു സിനിമ കഴിയുമ്പോൾ ഞാൻ വീണ്ടും ലോക സഞ്ചാരത്തിന് പോകും. കോവിഡ് വന്നപ്പോൾ ടൂറിസം മേഖല മുഴുവൻ ബാധിച്ചു. യാത്രകൾ കുറഞ്ഞു. അമൽ നീരദിന്റെ സാഗർ എലിയാസ് ജാക്കിയിൽ ഒരു ചെറിയ വേഷം ഞാൻ ചെയ്തിട്ടുണ്ട്. 2021ൽ ഞാൻ നാഗാർജുനയോടൊപ്പം ബംഗാർ രാജു എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു. നാഗചൈതന്യ–നാഗാർജുന അവരുടെ സ്വന്തം നിർമാണം ആയിരുന്നു. അതിനു ശേഷം ജിന്ന എന്നൊരു തെലുങ്ക് സിനിമയിലും അഭിനയിച്ചു.
നല്ലൊരു ‘പണി’ തരാമെന്ന് ജോജു പറഞ്ഞിരുന്നു
2003 മുതൽ ജോജുവിനെ എനിക്ക് അറിയാം. ഞാൻ പരിചയപ്പെടുന്നവരോടെല്ലാം നല്ല കമ്പനി ആയിരിക്കും. ജോജുവിനോട് നല്ല സൗഹൃദമുണ്ട്. ജോജു ഇടയ്ക്കിടെ ചെന്നൈയിൽ വരാറുണ്ട്. ഞാൻ ജോജുവിനോട് പറഞ്ഞു, എനിക്ക് നല്ലൊരു സിനിമയിൽ നല്ലൊരു റോൾ ചെയ്യണം. അവൻ പറഞ്ഞു നീ വെയിറ്റ് ചെയ്യ്. ഞാൻ വിളിക്കുന്നെങ്കിൽ നിനക്ക് സെറ്റ് ആകുന്ന ഒരു സാധനത്തിനേ വിളിക്കൂ. അങ്ങനെ ജോജു എന്നെ ഓർത്തിരുന്നു വിളിച്ച ഒരു സംഭവമാണ് ഇത്. ഒരു കളങ്കവുമില്ലാത്ത ഒരാളാണ് ജോജു. എന്തായാലും ജോജു പറഞ്ഞതുപോലെ തന്നെ വളരെ നല്ല ഒരു കഥാപാത്രം തന്നെ തന്നു. വളരെ നല്ല അഭിപ്രായവും ആണ് പണിക്ക് കിട്ടുന്നത്.
കളഞ്ഞുകുളിച്ച ലിജോ സിനിമ
ഒരിക്കൽ ഹോംലി മീൽസ് എന്ന സിനിമയുടെ സംവിധായകൻ വിപിൻ ആറ്റ്ലി പറഞ്ഞിട്ട് ഒരു സംവിധായകൻ എന്നെ വിളിച്ച് എന്നെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു. ഞങ്ങൾ തമ്മിൽ കണ്ടു സംസാരിച്ചു. കഥ കേട്ടപ്പോൾ എനിക്ക് അത് ചെയ്യാൻ പറ്റുമോ എന്നൊരു സംശയം. ഞാൻ പതിയെ മുങ്ങി, ആ സംവിധായകൻ പിന്നെ എന്നെ ഒരുപാട് അന്വേഷിച്ചു എന്ന് വിപിൻ പറഞ്ഞു, പക്ഷേ ആ സിനിമ ഞാൻ ചെയ്തില്ല. ആ സംവിധായകൻ ആരാണെന്ന് അറിയണ്ടേ, സാക്ഷാൽ ലിജോ ജോസ് പെല്ലിശ്ശേരി. ആ സിനിമ 'നായകൻ' ആയിരുന്നു, ലിജോയുടെ ആദ്യത്തെ സിനിമ. അങ്ങനെ ഞാൻ നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഒരുപാട് ഉണ്ട്. ഇപ്പൊ അതോർത്തു ദുഃഖം തോന്നുന്നു. ‘പണി’ കണ്ടിട്ട് ലിജോ നല്ല അഭിപ്രായം പറഞ്ഞു.
യാത്രയാണ് ജീവശ്വാസം
അച്ഛൻ മിലിറ്ററിയിൽ ആയിരുന്നു അതുകൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി ആണ് പഠിച്ചത്. മഹാരാജാസ് കോളജിലും ഉസ്മാനിയ യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കി. ആഷിഖ് അബുവിന്റെ ജൂനിയർ ആയിരുന്നു. 2009 ൽ തന്നെ ഞാൻ വർക്ക് ചെയ്യാൻ തുടങ്ങി കോക്സ് ആൻഡ് കിങ്‌സ് എന്ന പേരിൽ ഒരു ട്രാവൽ കമ്പനി ഉണ്ടായിരുന്നു അവിടെയാണ് തുടക്കം. 2019 വരെ ആ കമ്പനിയിൽ ആയിരുന്നു ഈ സമയം മുഴുവൻ യാത്രയായിരുന്നു. ഒരുപാട് യാത്ര ചെയ്തു. അറുപതിനടുത്തു രാജ്യങ്ങളിൽ പലതവണ പോയിട്ടുണ്ട്. പുതിയ ഡെസ്റ്റിനേഷൻ കണ്ടുപിടിക്കുക, അവിടെയുള്ള കൾച്ചർ, ചരിത്രം ഒക്കെ മനസിലാക്കുക പുതിയ സ്ഥലങ്ങൾ കാണുക പുതിയ ആളുകളെ പരിചയപ്പെടുക ഇതൊക്കെയാണ് ചെയ്യുന്നത്.
യാത്ര ചെയ്യുന്നത് എനിക്ക് ഒരുപാടിഷ്ടമാണ് അപ്പോൾ മനസ്സിൽ ഒന്നും ഉണ്ടാകില്ല യാത്രയുടെ വൈബിലും പ്രകൃതിയുടെ ഭംഗിയിലും മുഴുകി ആ സമയത്ത് ജീവിക്കുക അതാണ് ഇഷ്ടം. ഞാൻ ചിത്രങ്ങൾ എടുക്കുകയോ അത് സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാറില്ല. എനിക്ക് അതിൽ താല്പര്യമില്ല. ഫോൺ ഒന്നും ഇല്ലാതെ ആ നിമിഷം ആസ്വദിക്കുക എന്നത് എന്തൊരു സുഖമാണ്. എല്ലാവരും ചോദിക്കും പോകുമ്പോൾ ചിത്രങ്ങൾ എടുത്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തുകൂടെ എന്ന്. പക്ഷേ എനിക്ക് അതിൽ താല്പര്യമില്ല, ശരിക്കും എനിക്കൊരു സോഷ്യൽ മീഡിയ പ്രൊഫൈൽ ഇല്ല. ഇപ്പൊ ഫ്രീലാൻസ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്. ഇതിനിടയിലാണ് ഓരോ സിനിമകൾ ചെയ്യുന്നത്.
‘പണി’യിലെ കമ്മിഷണർ
പണി വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ്. ജോജു ആണ് പണിയുടെ പിന്നിലെ തലച്ചോർ. സിനിമയിൽ ഞാൻ ഞാൻ കമ്മിഷണർ രഞ്ജിത്ത്, എന്റെ പേര് തന്നെയാണ് കഥാപത്രത്തിന്റെ പേര്. എന്റെ ഒപ്പം അഭിനയിക്കുന്നതൊക്കെ യഥാർഥ പോലീസുകാർ ആയിരുന്നു. തൃശൂർ കമ്മിഷണർ ഓഫീസിൽ ആയിരുന്നു ഷൂട്ട്. ഞാൻ മേക്കപ്പ് ചെയ്തു കമ്മിഷണർ ഓഫിസിൽ ചെന്ന് കയറിയപ്പോൾ അവിടെ ജോലി ചെയ്യുന്ന ഒരാൾ ഓടിവന്ന് സല്യൂട്ട് ചെയ്തു. ഞാൻ അദ്ദേഹത്തെ സൈഡിലേക്ക് വിളിച്ചുകൊണ്ടുപോയി പറഞ്ഞു ഇത് ഷൂട്ടിങ് ആണ്, ഞാൻ ഒരു ആക്ടർ ആണ് എന്ന്. ആ യൂണിഫോമിന് ഉള്ള വെയ്റ്റ് ഒന്ന് വേറെ തന്നെയാണ്.
ജോജു പറയുന്നതുപോലെ ആണ് ഞങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഡബ്ബിങ് ചെയ്യുമ്പോഴും ജോജു വന്നിരിക്കും, ജോജു ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഡബ്ബ് ചെയ്യൂ. അല്ലെങ്കിൽ പിന്നെ ചിലപ്പോൾ വീണ്ടും ചെയ്യേണ്ടിവരും. ജോജു ഒരു വലിയ മനുഷ്യനാണ്, എല്ലാം അറിയാവുന്ന ഭാവമൊന്നും ഇല്ല, അറിയാത്ത കാര്യമുണ്ടെങ്കിൽ ജോജു അതെന്താടാ എന്ന് ചോദിക്കും. ഞാനും ആ കഥാപാത്രത്തിന് വേണ്ടി നന്നായി പണി എടുത്തു. ഒരു കമ്മിഷണറുടെ ഗാംഭീര്യവും ഡയലോഗ് ഡെലിവറിയും ഒക്കെ വരണമല്ലോ. കഥാപാത്രത്തെപ്പറ്റി വളരെ നല്ല അഭിപ്രായം കിട്ടുന്നുണ്ട്. വലിയ സന്തോഷമുണ്ട് .
അടുത്തത് തമിഴ് സിനിമ
പുയൽ എന്നൊരു തമിഴ് സിനിമയിൽ ആണ് അടുത്തതായി അഭിനയിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ അസിസ്റ്റന്റ് ആയിരുന്ന സെന്തിൽ ആണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരൻ പ്രൊഡക്‌ഷൻ. ജീവ എന്ന തമിഴ് താരമാണ് നായകൻ. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യണം, നല്ല സംവിധായകരുടെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു.