റീ–സെന്സറിങ്ങിനു മുൻപ് ‘എമ്പുരാൻ’ കാണാൻ ജനപ്രവാഹം; ഇന്നലെ മാത്രം ഓൺലൈനിലൂടെ ബുക്ക് ചെയ്തത് 2 ലക്ഷം ടിക്കറ്റുകൾ!

Mail This Article
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ എമ്പുരാൻ കാണാൻ തിയറ്ററുകളിൽ ജനപ്രവാഹം. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. എമ്പുരാൻ സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് അടുത്ത ആഴ്ച തിയറ്ററുകളിൽ എത്തുമെന്ന സൂചന ലഭിച്ചതോടെയാണ് വെട്ടിമാറ്റുന്നതിനു മുൻപ് എമ്പുരാൻ കാണാൻ തിരക്കേറുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സിനിമയുടെ ബുക്കിങ് രണ്ടു ലക്ഷം കവിഞ്ഞു എന്ന് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. വീക്കെൻഡും ഈദ് അവധിയും ഒരുമിച്ച് വന്നതോടെ കുടുംബ പ്രേക്ഷകർ ഉൾപ്പടെയുള്ളവർ എമ്പുരാൻ കണ്ട് അവധി ആഘോഷിക്കാൻ എത്തുകയാണ്.
എമ്പുരാൻ റിലീസ് ചെയ്തതോടെ വൻ വിവാദങ്ങളാണ് കത്തിപ്പടർന്നത്. സിനിമയ്‌ക്കെതിരെ വലിയ വിമർശനങ്ങളൂം വിദ്വേഷവും ഉയർന്നതോടെ സിനിമ റീഎഡിറ്റ് ചെയ്തു പുതിയ പതിപ്പ് സെൻസറിങ്ങിനെത്തിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവുകയാണ്. സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുകയും ചില വാക്കുകൾ മ്യൂട്ട് ചെയ്യുകയും ചെയ്യും എന്നാണ് സൂചന. സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റേണ്ടി വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. ചില രംഗങ്ങൾ മാറ്റാനും ഏതാനും പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം തിങ്കളാഴ്ച റിലീസ് ചെയ്യുമെന്ന സൂചന വന്നതോടെ ശനിയും ഞായറും സിനിമയുടെ ടിക്കറ്റിനായി പ്രേക്ഷകർ നെട്ടോട്ടമോടുകയാണ്.
അതേസമയം, ഞായറും തിങ്കളും അവധി ആയതിനാൽ ചൊവ്വാഴ്ച മാത്രമേ സെൻസർ ബോർഡ് എമ്പുരാന്റെ റീ സെൻസറിങ് പരിഗണിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പുതിയ പതിപ്പ് വ്യാഴാഴ്ചയോടെയായിരിക്കും തിയറ്ററുകളിൽ എത്തുക. ഇതോടെ റീ എഡിറ്റ് ചെയ്യുന്നതിന് മുമ്പ് സിനിമ കാണുന്നതിന് കാഴ്ചകാർക്ക് കുറച്ചു ദിവസം കൂടി ലഭിക്കും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന കലാപ രംഗങ്ങളുടെ 17 ഭാഗങ്ങളാണ് റീ എഡിറ്റ് ചെയ്യുന്നത്. എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ചില സംഘപരിവാർ നേതാക്കളും ആർഎസ്എസ് മുഖപത്രം ഓർഗനൈസറും രംഗത്തെത്തിയിരുന്നു. അക്രമരംഗങ്ങളിൽ ഹിന്ദു സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നു എന്നാണ് സംഘപരിവാറിന്റെ പ്രധാന ആരോപണം.
ഇതിനിടെ സംവിധായകൻ മേജർ രവി സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമയിലെ നായകൻ മോഹൻലാലിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ നിർത്തണം എന്ന് മേജർ രവി പറയുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് മോഹൻലാൽ കണ്ടിരുന്നില്ല എന്നും സിനിമയിലെ ചില രംഗങ്ങൾ പ്രേക്ഷകരിൽ ചിലർക്ക് വേദനയാക്കിയതിൽ മോഹൻലാലിന് ദുഃഖമുണ്ടെന്നും മോഹൻലാൽ പ്രേക്ഷകരോട് മാപ്പ് പറയും എന്നും മേജർ രവി പറഞ്ഞു. സിനിമയിൽ ഉള്ള വിദ്വേഷപരമായ രംഗങ്ങളുടെ പൂർണ ഉത്തരവാദിത്തം തിരക്കഥാകൃത്ത് മുരളി ഗോപിയുടെയും സംവിധായകൻ പൃഥ്വിരാജിന്റേതുമാണെന്നും മേജർ രവി പറയുന്നു.