‘പ്രേക്ഷകർ കരഞ്ഞപ്പോൾ ഞാൻ ചിരിച്ചു, ജൂഡ് ആവശ്യപ്പെട്ടത് ചെയ്തു കൊടുക്കുകയായിരുന്നു’; 2018ന്റെ സംഗീതസംവിധായകൻ പറയുന്നു
Mail This Article
മലയാള സിനിമയിൽ ഇടക്കാലത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടെത്തിയ ചിത്രമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. കേരളം അഭിമുഖീകരിച്ച മഹാപ്രളയവും അതിജീവനവും പശ്ചാത്തലമാക്കി എടുത്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. സിനിമയോടൊപ്പം തന്നെ പ്രളയത്തിന്റെ ഭീകരതയും വേർപാടിന്റെ നോവും സാന്ത്വനത്തിന്റെ ആർദ്രതയും സമന്വയിപ്പിക്കുന്ന സംഗീതവും ആസ്വാദകരെ ഏറെ ആകർഷിച്ചിരുന്നു. ഒരു നായ്ക്കുട്ടിയും ഒരു യുവാവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥപറഞ്ഞെത്തിയ ‘ചാർളി’ എന്ന കന്നഡ ചിത്രത്തിനു സംഗീതമൊരുക്കിയ മലയാളിയായ നോബിൻ പോൾ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് 2018. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് നോബിന്റെ മകൾ ആണെന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് നോബിൻ പോൾ. മാതൃഭാഷയിലെ ആദ്യചിത്രത്തിലെ പാട്ടുവിശേഷം പങ്കിട്ട് നോബിൻ പോൾ മനോരമ ഓൺലൈനിനൊപ്പം.
ഇരട്ടിമധുരമായി മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്
ആദ്യമായി മലയാളത്തിൽ സംഗീതം ചെയ്ത ചിത്രം വിജയിക്കുന്നതു കാണുമ്പോൾ സന്തോഷം ഇരട്ടിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം കഴിയാറായപ്പോഴാണ് ഞാൻ ഇതിലേക്കു വരുന്നത്. ചാർളി കണ്ടിട്ടാണ് ജൂഡ് എന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു. 2018ന്റെ ഷൂട്ടിങ്ങിനിടെ സെറ്റിൽ വച്ചാണ് ഞാൻ ജൂഡിനെ കാണുന്നത്. ഈ ചിത്രത്തിലേക്കാണെന്ന് അപ്പോഴും കരുതിയില്ല. ഈ ചിത്രത്തിനു വേണ്ടിയാണെന്നറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി. കേരളത്തെ ഞെട്ടിച്ച ദുരന്തം സിനിമയാകുന്നു, വലിയൊരു താരനിര അണിനിരക്കുന്നു, ആ ചിത്രത്തിലേക്ക് ക്ഷണം കിട്ടുന്നത് മലയാളത്തിൽ ഒരു അരങ്ങേറ്റം ആഗ്രഹിക്കുന്ന എന്നെപ്പോലെ ഒരാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച അവസരമാണ്. ആദ്യം ടീസർ ചെയ്തു. പിന്നെ ബാക്ഗ്രൗണ്ട് സ്കോർ ചെയ്തു. മൂന്നു പാട്ടുകൾ ആണ് ഞാൻ ഈ ചിത്രത്തിനു വേണ്ടി ചെയ്തത്. ഒരു പാട്ട് വില്യം ഫ്രാൻസിസ് എന്ന സംഗീതസംവിധായകൻ ആണ് ചെയ്തിരിക്കുന്നത്. ഇതിലും വലിയ ഒരു തുടക്കം എനിക്ക് മലയാളത്തിൽ കിട്ടാനില്ല. ഒരുപാട് സന്തോഷമുണ്ട്.
മകൾ ആദ്യമായി പിന്നണി പാടി
ഒരു കുഞ്ഞു മോൾ പാടുന്ന പാട്ടുണ്ട് ചിത്രത്തിൽ. അത് എന്റെ മകൾ എസ്മ നോബിൻ ആണ് പാടിയിരിക്കുന്നത്. അത്തരത്തിൽ ഇരട്ടിമധുരമായി ഈ വരവ്. മകൾ ഈ പാട്ട് പാടിയത് അപ്രതീക്ഷിതമായിട്ടാണ്. അവസാനം ഒരു കുഞ്ഞിന്റെ പാട്ട് ആണ് ചിട്ടപ്പെടുത്തിയത്. മലയാളത്തിൽ നിന്ന് ഏതെങ്കിലും കുഞ്ഞു ഗായികയെകൊണ്ടു പാടിക്കണം എന്നായിരുന്നു വിചാരിച്ചത്. ആദ്യം ഞാൻ എന്റെ ശബ്ദത്തിൽ പാടി ജൂഡിന് അയച്ചു. പിന്നീട് കുഞ്ഞുങ്ങളുടെ പിച്ച് അറിയാൻ വേണ്ടി ഞാൻ എന്റെ മകളെക്കൊണ്ട് പാടിച്ച് അയച്ചു. ജൂഡ് അതുകേട്ടിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു അവളെക്കൊണ്ട് തന്നെ പാടിച്ചാൽ മതി എന്നുപറഞ്ഞു. അവളുടെ ആദ്യത്തെ റെക്കോർഡിങ് ആണ് ഇത്. എസ്മ പാട്ടും ഗിറ്റാറുമൊക്കെ പഠിക്കുന്നുണ്ട്. അവൾക്കിപ്പോൾ ഒൻപത് വയസ്സുണ്ട്. എത്ര നേരം വേണമെങ്കിലും നിന്ന് പാടാനും പഠിക്കാനും മടിയില്ല. രാത്രി 12 മണി മുതൽ രാവിലെ മൂന്നുമണി വരെ ആണ് ഈ പാട്ട് പഠിക്കാൻ അവൾ എന്റെ കൂടെ ഇരുന്നത്. അങ്ങനെ ഈ സിനിമയിൽ കൂടി അവൾക്കും പിന്നണി പാടാൻ കഴിഞ്ഞത് ഇരട്ടി മധുരമായി.
ചലഞ്ചിങ് ആയ സംഗീതം
ഈ സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യുന്നത് നല്ല ചലഞ്ചിങ് ആയിരുന്നു. മഴയും വെള്ളവുമാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. സംഗീതത്തിൽ ഉടനീളം മഴയുടെയും വെള്ളത്തിന്റെയും ശബ്ദം വേണം. അതിനൊപ്പം സംഗീതവും കേൾക്കണം. അതായിരുന്നു വലിയ ജോലി. വെള്ളത്തിന്റെ ശബ്ദം ഫ്രീക്വൻസി കട്ട് ചെയ്താൽ മാത്രമേ സംഗീതം പുറത്ത് കേൾക്കൂ. അതായിരുന്നു ചലഞ്ച്. ആദ്യം കാണിക്കുന്ന കടലിന്റെ സ്കോർ ആണ് ആദ്യം ചെയ്തത്. അത് ജൂഡിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു സംശയം. പക്ഷേ അത് കേട്ടപ്പോഴേ ജൂഡ് എന്നെ കെട്ടിപ്പിടിച്ച് ഒകെ പറഞ്ഞു. അതോടെ എനിക്ക് ആത്മവിശ്വാസമായി. ഓർക്കസ്ട്ര സംഗീതം മാത്രമേ അതിൽ ചെയ്തിട്ടു കാര്യമുള്ളൂ. ഞങ്ങളുടെ ആദ്യത്തെ പ്ലാൻ, സംഗീതം ചെയ്ത് ഇന്ത്യക്ക് പുറത്ത് അയച്ചുകൊടുത്തത് ഓർക്കസ്ട്ര മ്യൂസിക് ചെയ്യിക്കുകയായിരുന്നു. പക്ഷേ അതിനുള്ള സമയം ഇല്ലാത്തതുകൊണ്ട് പ്ലാൻ മാറ്റി. പിന്നീട് ഇവിടെയുള്ള കലാകാരന്മാരെ വച്ച് ലൈവ് സംഗീത ഉപകരണങ്ങളും പ്രോഗ്രാം മ്യൂസിക്കും ചേർന്നുള്ള മിക്സ് ഉപയോഗിച്ച് സംഗീതം ചെയ്തു. രാപകൽ ഇരുന്നാണ് ഞങ്ങൾ റെക്കോർഡ് ചെയ്തത് എല്ലാവരും കട്ടയ്ക്കു കൂടെ നിന്നു. സിനിമയുടെ രണ്ടാം പകുതിയുടെ സൗണ്ട് സാമ്പിൾ ആദ്യം തന്നിരുന്നു. ആ സൗണ്ട് വച്ചാണ് ഞാൻ സംഗീതം ചെയ്തത്. സിനിമയുടെ അവസാനം ആളുകളെ കരയിപ്പിച്ച ഒരു സോളോ വയലിൻ ഉണ്ട്. അത് വായിച്ചതു തിരുവനന്തപുരത്തുള്ള ശ്രാവൺ ആണ്. സംഗീതം മിക്സ് ചെയ്തതിനെപ്പറ്റി എടുത്തു പറയേണ്ടതുണ്ട്. ദേശീയ അവാർഡ് ജേതാവായ വിഷ്ണു ഗോവിന്ദ് ആണ് മിക്സ് ചെയ്തത്. വിഷ്ണുവിന്റെ കഴിവ് കൂടിയാണ് ഈ സംഗീതം ഇത്ര ഭംഗിയായി പുറത്തു കേൾക്കാൻ കാരണമായത്. സംവിധായകൻ മുതൽ എല്ലാ കലാകാരന്മാരും നല്ല സഹകരണം ആയിരുന്നു. ജൂഡിനെപ്പോലെ ഒരു സംവിധായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്.
കരയിക്കുന്ന സംഗീതം
ജൂഡ് ആവശ്യപ്പെട്ടത് ത്രില്ലിങ് ആയിട്ടുള്ള ആളുകളെ കരയിക്കുന്ന സംഗീതമായിരുന്നു. മറ്റുള്ളവരെ കരയിക്കുന്നതു നല്ല കാര്യമല്ലെങ്കിലും മനസ്സിൽ തൊടുന്ന പാട്ടുകൾ കേട്ട് മറ്റുള്ളവരുടെ കണ്ണുകൾ ഈറനണിയുമ്പോഴാണ് ആ സംഗീതം ചെയ്ത നമുക്ക് സംതൃപ്തി ഉണ്ടാകുന്നത്. തിയറ്ററിൽ സിനിമ കാണുന്നവരുടെ കണ്ണ് നനയുമ്പോൾ എനിക്ക് സന്തോഷമാണു തോന്നുന്നത്. അത്തരത്തിൽ സിനിമ കണ്ടിറങ്ങിയാലും സംഗീതം നമ്മെ പിന്തുടരും എന്നുള്ള പ്രതികരണങ്ങൾ കേൾക്കുമ്പോൾ സന്തോഷമുണ്ട്.
ഞാൻ ഹാപ്പി
എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമയിൽ ഉള്ളവരും സംഗീത പ്രേമികളും എല്ലാവരും വിളിച്ച് മികച്ച പ്രതികരണങ്ങൾ അറിയിക്കുന്നു. സാധാരണക്കാർ പോലും സംഗീതത്തെക്കുറിച്ചു നല്ല വാക്കുകൾ പറയുന്നതു കേൾക്കുമ്പോൾ മനസ്സു നിറയുകയാണ്. കേരളത്തിൽ മാത്രമല്ല എല്ലായിടത്തും തിയറ്ററുകൾ ഹൗസ്ഫുൾ ആണ്. ചിത്രം സൂപ്പർ ഹിറ്റ് ആകുമ്പോൾ ഞങ്ങൾക്കും സന്തോഷമാണ്, സന്തോഷം എന്ന് മാത്രം പറഞ്ഞാൽ പോരാ സന്തോഷത്തിന്റെ കൊടുമുടിയിൽ ആണ്.
പുതിയ ചിത്രങ്ങൾ
അടുത്തതായി ചെയ്യാൻ പോകുന്നത് വീണ്ടും ചാർളിയുടെ സംവിധായകൻ കിരണിനോടൊപ്പം ഒരു സിനിമയാണ്. അത് കന്നടയിലും മലയാളത്തിലും ഉണ്ടാകും. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മലയാളം സിനിമാമേഖലയിൽ നിന്ന് ഒരുപാടു പേര്‍ 2018 കണ്ടിട്ട് വിളിക്കുന്നുണ്ട്. പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.