ഉടനെത്തുന്നു, ‘മീനൂസ് കിച്ചൺ’; ഹൃദയങ്ങളിൽ ചേക്കേറി പ്രമോ ഗാനം
Mail This Article
മാറ്റത്തിന്റെ മുദ്രകളുമായി എത്തുന്ന മഴവിൽ സീരിയലുകളിൽ പുതിയ തരംഗമായി മാറുകയാണ് ‘മീനൂസ് കിച്ചൺ’ എന്ന സീരിയലിന്റെ പ്രമോഷനൽ ഗാനം. ജനപ്രിയ ഗായിക സിത്താര കൃഷ്ണകുമാർ ആണ് പാട്ടിനു സ്വരമേകിയത്. രഞ്ജിത്ത് കീഴാറ്റൂരിന്റെ വരികൾക്ക് ദീപക് വേണുഗോപാൽ ഈണമൊരുക്കി.
നടി മാളവിക വെയിൽസ് ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. മഴവിൽ മനോരമയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറങ്ങിയ പാട്ട് ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൈറലായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
ഫോർട്ട് കൊച്ചിയുടെ മനോഹരക്കാഴ്ചകൾ ഒപ്പിയെടുത്ത് ചിത്രീകരിച്ച ഗാനം സംവിധാനമികവു കൊണ്ടും ഛായാഗ്രഹണ സവിശേഷത കൊണ്ടും പുതുതലമുറയുടെ ശ്രദ്ധ ആകർഷിക്കുന്നു. നിരവധി പേർ പാട്ട് ഷെയർ ചെയ്തിട്ടുമുണ്ട്. ‘മീനൂസ് കിച്ചൺ’ ഉടൻ പ്രേക്ഷകർക്കു മുന്നിലെത്തും.