സാഹസിക വിനോദ സംരംഭങ്ങൾക്ക് തദ്ദേശ വകുപ്പിന്റെ എൻഒസി വേണ്ട
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സാഹസിക വിനോദ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ എൻഒസി നിരസിക്കുന്നത് പതിവായതോടെയാണ് നിബന്ധന ഒഴിവാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സാഹസിക വിനോദ സംരംഭങ്ങളും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയിൽ (കെഎടിപിസി) റജിസ്റ്റർ ചെയ്യണമെന്നും നിർദേശം നൽകി.
കേരള പഞ്ചായത്ത് രാജ്, നഗരസഭാ നിയമങ്ങളിൽ സാഹസിക ടൂറിസം സംബന്ധിച്ച സംരംഭങ്ങൾക്ക് എൻഒസി നൽകുന്നതിനെക്കുറിച്ച് പരാമർശമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് പല തദ്ദേശ സ്ഥാപനങ്ങളുംഎൻഒസി വൈകിപ്പിക്കുന്നതെന്ന് ടൂറിസം വകുപ്പ് കണ്ടെത്തി. ഈ നിയമങ്ങളിൽ പരാമർശിക്കാത്ത എൻഒസി വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്.
കേരള അഡ്വഞ്ചർ ആൻഡ് ആക്ടിവിറ്റി ബേസ്ഡ് ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡ്‌ലൈൻസ്, കേരള അഡ്വഞ്ചർ ആൻഡ് ആക്ടിവിറ്റി ബേസ്ഡ് ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡ്‌ലൈൻസ് – ക്യാംപിങ് എന്നിവയുടെ മാർഗനിർദേശങ്ങളിൽ നിന്നാണ് തദ്ദേശ ഭരണ വകുപ്പിന്റെ എൻഒസി സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നത്.
റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര സ്ഥാപനങ്ങളുടെ പ്രവർത്തനം വിലക്കും. സംസ്ഥാനത്ത് കര, വായു, ജലം എന്നിവയുമായി ബന്ധപ്പെട്ട 32 സാഹസിക വിനോദ സഞ്ചാര ആക്ടിവിറ്റികളാണ് നിലവിലുള്ളത്. ഏകദേശം 50 സ്ഥാപനങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.