ADVERTISEMENT

യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തിന് അടുത്താഴ്ച ഒരു വർഷം പൂർത്തിയാകുകയാണ്. അന്തമില്ലാതെ നീളുമെന്നു  നിരീക്ഷകർ കരുതിയ പോരാട്ടം പക്ഷേ, ഇപ്പോൾ യുക്രെയ്നിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ്. സംഘർഷം 350 ദിവസം പിന്നിടുമ്പോൾ തങ്ങളുടെ അതിസാഹസികതയ്ക്ക് റഷ്യ വൻവില കൊടുക്കേണ്ടിവരുന്നതിന്റെ ചിത്രം തെളിയുന്നു. 

റഷ്യൻ സേനയുടെ നഷ്ടം ദിനംപ്രതി പെരുകുന്നു. സ്വന്തം പട്ടാളക്കാരുടെ രക്തച്ചൊരിച്ചിൽ കുറയ്ക്കാൻ റഷ്യ ‘വാഗ്‌നർ ഗ്രൂപ്പ്’  എന്ന കുറ്റവാളികളുടെയും കൂലിപ്പട്ടാളക്കാരുടെയും സമാന്തരസംഘത്തിന് പോരാട്ടം‘ ഔട്സോഴ്സ്’ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. റഷ്യയുടെ വിദേശനയതന്ത്രരംഗത്തു ദുരൂഹമായ പല ഇടപാടുകളും കൈകാര്യം ചെയ്തു നടപ്പാക്കുന്നവരാണ് ഈ സംഘം. എന്നാൽ, ബാഖ്മുത്, ഡോൺ ബാസ് എന്നിവിടങ്ങളിൽ നടന്ന രൂക്ഷപോരാട്ടങ്ങളിൽ സംഭവിച്ച വൻ തിരിച്ചടികൾ ഈ നീക്കവും പരാജയമാണെന്നു തെളിയിക്കുന്നു. പല നിരീക്ഷകരും ഇതു വാഗ്‌നർ ഗ്രൂപ്പിന്റെ ‘വാട്ടർലൂ’ ആണെന്നാണു വിശേഷിപ്പിക്കുന്നത്. 

സെപ്റ്റംബറിൽ മൂന്നു ലക്ഷം സൈനികരെ വിന്യസിക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ യുദ്ധത്തിൽ അഞ്ചു ലക്ഷം പേരെയെങ്കിലും ഇറക്കിയ പറ്റൂ എന്ന നിലയിലാണ് റഷ്യ. യുക്രെയ്ൻ കുരുക്ക് റഷ്യയ്ക്കുമേൽ മുറുകുന്നു എന്നു ചുരുക്കം. ‘പുട്ടിന്റെ യുദ്ധ’ത്തോടുള്ള റഷ്യൻ ജനതയുടെ എതിർപ്പും വർധിച്ചേക്കും. 

യൂറോപ്പിലെ കടുത്ത മഞ്ഞുകാലം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഇടപെടൽ ദുർബലമാക്കുമെന്ന റഷ്യയുടെ പ്രതീക്ഷയും തെറ്റിയ മട്ടാണ്. യുക്രെയ്നിനുള്ള സൈനിക സഹായം ഇരട്ടിയാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. 15,000 സൈനികർക്കുകൂടി അവർ ആധുനിക പരിശീലനം നൽകും. തങ്ങളുടെ പ്രശസ്തമായ ലെപേഡ് ടാങ്കുകൾ ജർമനിയും മിസൈൽ ആക്രമണങ്ങൾ ചെറുക്കാനുള്ള വ്യോമ പ്രതിരോധ സംവിധാനം ഇറ്റലിയും ഫ്രാൻസും യുക്രെയ്നിനു വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. നാറ്റോ രാജ്യങ്ങൾ പൊതുതീരുമാനം എടുക്കുകയാണെങ്കിൽ തങ്ങൾ എഫ് 16 വിമാനങ്ങൾ നൽകാമെന്നു പോളണ്ട് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 

യൂറോപ്യൻ യൂണിയൻ യുക്രെയ്നിനൊപ്പം ഉറച്ചുനിൽക്കുമെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. യുദ്ധവാർഷികമായ ഫെബ്രുവരി 24ന് റഷ്യയ്ക്കെതിരെയുള്ള പത്താം ഉപരോധ പാക്കേജ് പുറത്തുവിടുമെന്നും അവർ അറിയിച്ചു. എന്നാൽ, ഉപരോധങ്ങളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ റഷ്യ ആവിഷ്കരിച്ചിട്ടുണ്ടെന്നതു യാഥാർഥ്യമാണ്. അതിനാൽ, ഈ ഉപരോധങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു കരുതാൻ വയ്യ. മോസ്കോയിൽനിന്നു ക്രിസ്മസ് –പുതുവത്സര അവധിക്കെത്തിയ മലയാളികൾ എന്നോടു പറഞ്ഞത് ഉപരോധങ്ങളൊന്നും റഷ്യയിലെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടില്ലെന്നാണ്. 

എന്നാൽ, മറ്റു സംഭവവികാസങ്ങളൊന്നും റഷ്യയ്ക്കു ശുഭസൂചന നൽകുന്നവയല്ല. യുക്രെയ്നിനെ യൂറോപ്യൻ യൂണിയനിൽ ചേർക്കുന്നതു സംബന്ധിച്ചു മാർഗരേഖ തയാറാക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. നാറ്റോ അംഗത്വം നൽകുന്നതിനെപ്പറ്റിയുള്ള ചർച്ചകളും ചൂടുപിടിച്ചു കഴിഞ്ഞു. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള രാജ്യാന്തര കോടതി ഹേഗിൽ സജ്ജമാക്കാനുള്ള തീരുമാനം യൂറോപ്യൻ യൂണിയൻ നേതാക്കളും പ്രഖ്യാപിച്ചു. എല്ലാം ക്ഷമിച്ചും മറന്നുമുള്ള ഒരു സമാധാനസന്ധി ഉണ്ടാക്കാനുള്ള സാധ്യത റഷ്യയ്ക്കു മുന്നോട്ടുവയ്ക്കാനാവില്ല എന്നതാണു സ്ഥിതി. 

ശശി തരൂർ
ശശി തരൂർ

യുക്രെയ്നിനെ നാറ്റോയിൽ സ്വീകരിക്കാം എന്ന യുഎസ് മുൻ ആഭ്യന്തര സെക്രട്ടറിയും മുതിർന്ന നയതന്ത്രജ്ഞനുമായ ഹെൻറി കിസിൻജറുടെ ഇപ്പോഴത്തെ നിലപാട് റഷ്യയ്ക്കെതിരെ കാര്യങ്ങൾ മാറിമറിയുന്നു എന്നതിന്റെ സൂചനയാണ്. യുദ്ധത്തിന്റെ ആരംഭവേളയിൽ റഷ്യയ്ക്കുകൂടി സ്വീകാര്യമായ പരിഹാരമാർഗമാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയ്ക്കു ചില പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ടും യുക്രെയ്ൻ അതിർത്തി പുനർനിർണയിച്ചുകൊണ്ടുമുള്ള പരിഹാര നിർദേശമാണ് കിസിൻ‌ജർ അന്ന് അവതരിപ്പിച്ചത്. ഇപ്പോഴതു യുക്രെയ്ൻ നിലപാടുകൾ പൂർണമായി അംഗീകരിക്കുന്ന സ്ഥിതിയിലേക്കു മാറി. യുദ്ധം ആരംഭിച്ച കാലത്തുണ്ടായ അനുരഞ്ജന പ്രതീക്ഷപോലും ഇപ്പോഴില്ല എന്നർഥം.  

യുദ്ധവാർഷികദിനം അടുക്കുമ്പോഴേക്കും ഇരുപക്ഷവും അപ്രതീക്ഷിത നീക്കങ്ങൾ നടത്താനുള്ള സാധ്യതയുണ്ട്. അതുവഴി സ്ഥിതി നിയന്ത്രണം വിട്ടുപോകുമോ എന്ന ആശങ്ക ലോകത്തിനു മുന്നിലുണ്ട്. 

യുക്രെയ്നിനുള്ള പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ സൈനികസഹായത്തെ തങ്ങൾ നേരിടുക സേനാവാഹനങ്ങൾ തകർത്തുകൊണ്ടു മാത്രമായിരിക്കില്ലെന്നു റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഈയിടെ ഭീഷണി മുഴക്കിയിരുന്നു. ‘‘യുദ്ധഭൂമിയിൽ ജയിക്കാമെന്നു സ്വപ്നം കാണുന്നവർ റഷ്യയുടെ ആധുനിക യുദ്ധമുറകൾ അവർ പ്രതീക്ഷിക്കുന്ന തരത്തിലായിരിക്കില്ല എന്ന് ഓർക്കുന്നതു നന്ന്’’ എന്നായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്. ആണവ ആവനാഴി തുറക്കും എന്നാണോ പുട്ടിൻ ഭീഷണിപ്പെടുത്തുന്നത്? അതോ, യുദ്ധവാർഷികത്തിൽ പരീക്ഷിക്കാൻ അദ്ദേഹത്തിന്റെ സർക്കാർ പുതിയ ആക്രമണ പദ്ധതികൾ കരുതിവച്ചിട്ടുണ്ടെന്നോ? 

എന്തായാലും അത്തരം സാധ്യതകൾ ലോകത്തിന് അശുഭസൂചനയാണ്. ആണവയുദ്ധ ഭീഷണിയെക്കാൾ, ഇരുപക്ഷവും സമനിലയിൽ പിരിയുന്ന സന്ധിചെയ്യലായിരിക്കും മറ്റു രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. 

പ്രതിസന്ധിക്ക് നടുവിൽ പാക്കിസ്ഥാൻ

പാക്കിസ്ഥാന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കു കൈത്താങ്ങുകൊടുത്തു സഹായിക്കാൻ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) രംഗപ്രവേശം ചെയ്തതാണു മറ്റൊരു സുപ്രധാന രാജ്യാന്തര സംഭവം. ഇറക്കുമതിക്കുള്ള വിദേശനിക്ഷേപം ഇല്ലാതെയും വലിയ പണപ്പെരുപ്പത്തിൽപെട്ടും ഇന്ധന– സാധന വിലവർധനയിൽ വലഞ്ഞും പാക്കിസ്ഥാൻ ദേശീയ ദുരന്തത്തിന്റെ വക്കിലാണ്. ഇമ്രാൻ ഖാന്റെ തലയിലിരിക്കേണ്ട ഉത്തരവാദിത്തമാണ് രാഷ്ട്രീയ അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി അധികാരത്തിൽ വന്ന ഷഹബാസ് ഷരീഫിനുമേൽ വന്നിരിക്കുന്നത്. 

   ഐഎംഎഫ് ആജ്ഞയനുസരിച്ചുള്ള കടുത്ത ചെലവുചുരുക്കലുകളും ഉയർന്ന ഊർജനിരക്കും വെട്ടിക്കുറച്ച സബ്സിഡികളും ഏറിക്കൊണ്ടിരിക്കുന്ന നികുതിയുമെല്ലാം ജനങ്ങളിൽ വലിയപ്രതിഷേധവും അതൃപ്തിയും സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ ഐഎംഎഫിന്റെ കയ്പുനീർ കുടിച്ചില്ലെങ്കിൽ ഇറക്കുമതി നടക്കാതെ വരും, ടൊയോട്ടയും സുസുക്കിയും ഇതിനകം ചെയ്തതുപോലെ വ്യവസായ സംരംഭങ്ങൾക്കു താഴിടേണ്ടി വരും. തൊഴിലില്ലാത്ത, ക്രുദ്ധരായ, വിശക്കുന്ന ജനങ്ങൾ തെരുവിലിറങ്ങും. 

തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ എന്ന ഭീകര സംഘടനയുടെ ഭീഷണി അഫ്ഗാൻ അതിർത്തിയിൽ രൂക്ഷമാകുകയും തിരഞ്ഞെടുപ്പു നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ സമരങ്ങൾ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റു പ്രതിസന്ധികളും. ഇരുപത്തിനാലാം തവണയും ഐഎംഎഫിനു മുന്നിൽപ്പോയി നിൽക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിൽ ഒട്ടും അതിശയമില്ല. 

ഐഎംഎഫിന്റെ ചില നിബന്ധനകളോട് ഇസ്‌ലാമാബാദ് എതിർപ്പു പ്രകടിപ്പിച്ചെങ്കിലും മറ്റു രക്ഷാമാർഗങ്ങൾ ഇല്ലാത്ത ഈ സാഹചര്യത്തിൽ സഹായം പിടിവള്ളി തന്നെയാണ്. സ്ഥിരം സുഹൃത്തുക്കളായ സൗദി അറേബ്യയും ചൈനയും യുഎസും പാക്കിസ്ഥാനെ പൂർണമായും ചുമക്കാൻ ആഗ്രഹിക്കുന്നില്ല. തകർന്നടിഞ്ഞ ഒരു അയൽരാജ്യത്തെ ഇന്ത്യയും ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാൻ ഉയിർത്തെഴുന്നേൽക്കും. വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അതൃപ്തിയും നിരാശയും ഇമ്രാനെ വീണ്ടും അധികാരത്തിൽ എത്തിക്കാനാണു കൂടുതൽ സാധ്യത. മറ്റൊന്ന്, പാക്കിസ്ഥാന്റെ പാരമ്പര്യം പിന്തുടർന്നുകൊണ്ടുള്ള ഒരു പട്ടാളഭരണ നീക്കമാണ്. എന്നാൽ, സർക്കാർ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്ന കുഴപ്പങ്ങൾ തലയിലേറ്റാൻ പട്ടാളം താൽപര്യം കാണിക്കുമെന്നു കരുതാൻ വയ്യ.

English Summary : Russia - Ukraine war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com