അസമിലെ പ്രളയത്തിൽ നിന്നു രക്ഷ തേടി കടുവ കടയിലെ കട്ടിലിൽ

Mail This Article
ഗുവാഹത്തി ∙ പ്രളയജലത്തിൽ നിന്ന് രക്ഷതേടി കടയ്ക്കുള്ളിൽ കയറി കട്ടിലിൽ വിശ്രമിക്കുന്ന കടുവ സമൂഹമാധ്യമങ്ങളിൽ കൗതുകമായി.
പ്രളയത്തിൽ മുക്കാൽ ഭാഗവും മുങ്ങിയ കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് ബഗോറി റേഞ്ചിനു സമീപമുള്ള ഹർമോട്ടിയിലെ കടയിൽ അഭയം കണ്ടെത്തിയത്. കടുവയെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത സ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നു വനം വകുപ്പ് അധികൃതർ അറിയിച്ചു.
അതിരൂക്ഷമായ പ്രളയത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 100 കടന്നു. അസമിൽ ഇതിനകം 29 പേർ മരിച്ചു. സംസ്ഥാനത്തെ 33 ൽ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.
കാസിരംഗയിലെ കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വന്യജീവികൾ ചത്തു. മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും ഏതാണ്ട് പൂർണമായി വെള്ളത്തിനടിയിലാണ്.
വടക്കൻ ബിഹാറിലെ പ്രളയത്തിൽ മരണം 67 ആയി. നദികളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത് രക്ഷാപ്രവർത്തനത്തിന് സഹായമാകുന്നുണ്ട്. പകർച്ചവ്യാധികൾ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. 12 ജില്ലകളിലായി 47 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.