ബംഗ്ലദേശുമായി 5 കരാർ ഒപ്പുവച്ച് മോദി
Mail This Article
ധാക്ക ∙ ഊർജം, വ്യാപാരം, ആരോഗ്യം, ഗതാഗതം, വികസനം എന്നീ 5 മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ബംഗ്ലദേശും ധാരണാപത്രം ഒപ്പുവച്ചു. ബംഗ്ലദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്നലെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ. കായികം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലും യോജിച്ച പ്രവർത്തനമുണ്ടാകും.
ബംഗ്ലദേശിന് ഇന്ത്യ നൽകുന്ന 109 ആംബുലൻസുകളുടെയും 12 ലക്ഷം ഡോസ് കോവിഡ് വാക്സീന്റെയും പ്രതീകാത്മക കൈമാറ്റവും ഇതോടനുബന്ധിച്ചു നടന്നു. ബംഗ്ലദേശ് മുൻ പ്രസിഡന്റും ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു പുറത്തിറക്കിയ സ്വർണ, വെള്ളി നാണയങ്ങൾ ഷെയ്ഖ് ഹസീന, നരേന്ദ്ര മോദിക്കു സമ്മാനിച്ചു.
2 ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി, മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷത്തിലും സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിലും പങ്കെടുത്തു. മുജീബിന്റെ കബറിടം സന്ദർശിച്ച മോദി ആദരാഞ്ജലി അർപ്പിച്ചശേഷം ഇലഞ്ഞിത്തൈ നട്ടു. ഇവിടെ ആദരാഞ്ജലി അർപ്പിക്കുന്ന ആദ്യ വിദേശരാഷ്ട്രത്തലവനാണു മോദി.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപുർ ഗ്രാമത്തിലുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ മോദി പ്രാർഥന നടത്തി കിരീടം സമർപ്പിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് ഇന്ത്യ കമ്യൂണിറ്റി ഹാളും അഭയകേന്ദ്രവും നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു.
സന്യാസിയും മാതുവ സമുദായത്തിന്റെ ആത്മീയ ഗുരുവുമായ ഹരിചന്ദ് താക്കൂറിന്റെ ജന്മസ്ഥലമായ ഗോപാൽഗഞ്ചിലെ ക്ഷേത്രത്തിലും മോദി പൂജ നടത്തി.
English Summary: Prime Minister Narendra Modi meets Sheikh Hasina