കോൺഗ്രസ് വിട്ട് ഗുലാം നബി ആസാദ്; രാജിക്കത്തിൽ രാഹുലിനെതിരെ രൂക്ഷവിമർശനം

Mail This Article
ന്യൂഡൽഹി ∙ ഭാരത പദയാത്രയ്ക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കോൺഗ്രസിനു കനത്ത പ്രഹരമേൽപിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് ആസാദ് സോണിയ ഗാന്ധിക്കയച്ച 5 പേജ് കത്തിൽ രാഹുൽ ഗാന്ധിയെ കാര്യഗൗവമില്ലാത്ത നേതാവെന്നു വിളിച്ച് രൂക്ഷഭാഷയിൽ കടന്നാക്രമിച്ചു; പുതുതായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന പ്രസിഡന്റ് നൂലിൽ കെട്ടിയാടുന്ന പാവയായിരിക്കുമെന്നു തുറന്നടിച്ചു.
സംഘടനാ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരാനിരിക്കെയാണ്, ആ സമിതിയിലെ മുതിർന്ന അംഗവും മുൻ കേന്ദ്രമന്ത്രിയും കശ്മീർ മുൻ മുഖ്യമന്ത്രിയും ഏറ്റവും അനുഭവസമ്പനായ നേതാക്കളിലൊരാളുമായ ആസാദ് പാർട്ടിയുമായുള്ള അര നൂറ്റാണ്ട് നീണ്ട ബന്ധം വിച്ഛേദിച്ചത്. പിന്നാലെ മുൻ മന്ത്രി ജി.എം.സരൂരി ഉൾപ്പെടെ കശ്മീരിലെ 5 നേതാക്കളും രാജിവച്ചു. കശ്മീരിൽ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആസാദ് സ്വന്തം പാർട്ടി രൂപീകരിക്കുമെന്നാണു സൂചന.
കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിയിൽ അതൃപ്തി രേഖപ്പെടുത്തി 2020 ഓഗസ്റ്റിൽ രംഗത്തുവന്ന വിമത ജി23 സംഘത്തിലെ നേതാവാണ് ആസാദ്. സംഘാംഗമായ കപിൽ സിബൽ മേയിൽ രാജിവച്ചിരുന്നു. സംഘത്തിലുൾപ്പെട്ട ആനന്ദ് ശർമയും രാജിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. കശ്മീരിലെ പാർട്ടി സമിതികളിൽനിന്ന് ആസാദും ഹിമാചൽപ്രദേശിലെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ആനന്ദ് ശർമയും കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

ഇനിയൊരു തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്കു കോൺഗ്രസ് വീണുവെന്നും തിരുത്താനാവാത്ത വിധം പാർട്ടി തകർന്നുവെന്നും ആസാദ് കുറ്റപ്പെടുത്തി. കാര്യഗൗരവമില്ലാത്ത രാഹുലിനെ തലപ്പത്തു പ്രതിഷ്ഠിക്കാൻ കഴിഞ്ഞ 8 വർഷമായി പാർട്ടി നടത്തിയ പ്രവൃത്തികളാണ് അതിനു വഴിയൊരുക്കിയത്. യുപിഎ സർക്കാരിനെ തകർത്ത റിമോട്ട് കൺട്രോൾ ഭരണം കോൺഗ്രസിലേക്കും വ്യാപിച്ചുവെന്ന് ആസാദ് ആരോപിച്ചു. ഇടക്കാല പ്രസിഡന്റായി സോണിയയെ മുന്നിൽ നിർത്തി രാഹുലാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന സൂചനയാണിത്.

സോണിയ പേരിനു മാത്രമുള്ള പ്രസിഡന്റാണെന്നും പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും രാഹുലോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാരോ പഴ്സനൽ അസിസ്റ്റന്റുമാരോ ആണ് എടുക്കുന്നതെന്നുമുള്ള ഗുരുതര ആരോപണവും ഉന്നയിച്ചു. 1973 മുതൽ പാർട്ടിക്കായി വഹിച്ച പദവികളും നൽകിയ സേവനങ്ങളും ഒന്നര പേജിൽ വിശദീകരിച്ച ആസാദ്, സ്വന്തം ആരോഗ്യവും കുടുംബവും മറന്നാണു താൻ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചതെന്ന് അവകാശപ്പെട്ടു.
ബിജെപിയുമായി സഖ്യസാധ്യത
കശ്മീർ കേന്ദ്രീകരിച്ച് സ്വന്തം പാർട്ടി രൂപീകരിക്കുന്നതിനായി ആസാദ് അടുത്തമാസമാദ്യം ശ്രീനഗറിലെത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെപ്പോലെ കശ്മീരിൽ ആസാദിന്റെ പാർട്ടിയും ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന സൂചന ശക്തമാണ്.
∙ ‘കോൺഗ്രസ് നേതൃത്വം ഇത്രയധികം പദവികൾ നൽകി ആദരിച്ച ആസാദ്, വ്യക്തിപരമായ അധിക്ഷേപത്തിലൂടെ അദ്ദേഹത്തിന്റെ തനിനിറം കാട്ടി.’ – ജയറാം രമേശ് (കോൺഗ്രസ് ജനറൽ സെക്രട്ടറി)
English Summary: Ghulam Nabi Azad quits Congress