ഭരണഘടന കയ്യിലേന്തി കോൺഗ്രസിന്റെ യുവതാരം

Mail This Article
സർക്കാരുമായി ഉടക്കി കഴിഞ്ഞ ജൂണിലാണ് നിഷ ബൻഗരെ (32) ഡപ്യൂട്ടി കലക്ടർ സ്ഥാനം രാജിവച്ചത്. സ്വന്തം നാടായ അംലയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിക്കാനും ധാരണയായി. എന്നാൽ, സർക്കാർ രാജി സ്വീകരിച്ചില്ല. നിയമപോരാട്ടത്തിനൊടുവിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു തലേ ദിവസം രാജി സ്വീകരിച്ചു. അപ്പോഴേക്കും കോൺഗ്രസ് മറ്റൊരാളെ രംഗത്തിറക്കിയിരുന്നു. സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട നിഷ താരപ്രചാരകരിലൊരാളാണ്.
എൻജിനീയറിങ് ബിരുദധാരിയായ നിഷ മധ്യപ്രദേശ് സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ആദ്യം പൊലീസിൽ കയറി. പിന്നീട് ഡപ്യൂട്ടി കലക്ടറായി. അംലയിലെ വീടിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് സർവമത സമാധാന സമ്മേളനം സംഘടിപ്പിക്കാൻ അവധിക്ക് അപേക്ഷിച്ചങ്കിലും സർക്കാർ അനുവദിച്ചില്ല. ബെതുലിൽ നടന്ന ബുദ്ധമതവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷയും നിരസിക്കപ്പെട്ടു. ഇതോടെ, സർക്കാരുമായി ഇടഞ്ഞ നിഷ ജൂണിൽ രാജിക്കത്ത് അയച്ചു. സർക്കാർ രാജി സ്വീകരിക്കാതെ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
സർക്കാരിൽ സമ്മർദം ചെലുത്താനായി നിഷ ബെതുലിൽ നിന്ന് ഭോപാലിലേക്കുള്ള 300 കിലോമീറ്റർ ദൂരം പദയാത്ര നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി ഒരു രാത്രി ജയിലിൽ കിടന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ തീരുമാനപ്രകാരം രാജി സ്വീകരിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. ബഹുരാഷ്ട്രകമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ചാണ് നിഷ സർക്കാർ സർവീസിൽ കയറിയത്.
തീപ്പൊരി പ്രാസംഗിക കൂടിയായ നിഷ സുഹൃത്ത് സുരേഷ് അഗർവാളിനെ വിവാഹം കഴിച്ചത് ഭരണഘടനയെ സാക്ഷിയാക്കിയാണ്. കോൺഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ പാർട്ടി പ്രകടന പത്രികയ്ക്കൊപ്പം ഭരണഘടന കൂടി നിഷ കയ്യിൽ കരുതുന്നുണ്ട്. ബിജെപി സർക്കാരിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചശേഷം ഭരണഘടന ഉയർത്തിക്കാട്ടി എല്ലായിടത്തും പ്രസംഗം അവസാനിപ്പിക്കുന്നത് ഒരേ വാചകത്തിലാണ്. ‘ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിനു വോട്ടു ചെയ്യൂ’. നിഷ മനോരമയോട് സംസാരിക്കുന്നു.
∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരികയെന്ന ലക്ഷ്യത്തോടെയാണോ ജോലി രാജിവച്ചത്?
അല്ല. എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എതിരായ നിലപാട് മേലധികാരികളിൽ നിന്നുണ്ടായപ്പോഴാണ് രാജിവയ്ക്കേണ്ടി വന്നത്.
∙ മത്സരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടോ?
കോൺഗ്രസ് എനിക്ക് ടിക്കറ്റ് നൽകാൻ തീരുമാനിച്ചതാണ്. എന്റെ രാജി നീട്ടിക്കൊണ്ടുപോയി സർക്കാർ അതിനു തുരങ്കംവച്ചു.
∙ പൊതുവേ യുവജനത രാഷ്ട്രീയത്തോട് വിമുഖതയുള്ളവരായിരിക്കുമ്പോഴാണ് നിഷ ഉയർന്ന ഉദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത് ?
രാഷ്ട്രീയം ഒരു മോശം വാക്കല്ല. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിൽ രാഷ്ട്രീയത്തിന് പങ്കുണ്ട്. മാറിയിരുന്ന് അത് ശരിയല്ല, ഇത് ശരിയല്ല എന്നു പറയുന്നതിൽ അർഥമില്ല. രാഷ്ട്രീയത്തിന്റെ ഭാഗമായി അതിനെ പോസിറ്റീവായി മാറ്റാനാണ് യുവതലമുറ ശ്രമിക്കേണ്ടത്.