അന്ന് വാൾ, ഇന്ന് വോട്ട്; ഹൽദിഘാട്ടിയിൽ യുദ്ധം

Mail This Article
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയാണ് രാജസ്ഥാൻ രാഷ്ട്രീയം കടന്നുപോയതെന്നു പറഞ്ഞാൽ അതൊരു ബഡായിയാകില്ല. ധൈര്യവും രക്തവും അധികാരക്കൊതിയും ആവോളമൊഴുകിയ ഒട്ടേറെ പടനിലങ്ങളുണ്ടിവിടെ. അതിലൊന്നാണ് ഹൽദിഘാട്ടി. മഞ്ഞൾ (ഹൽദി) നിറമുള്ള ഈ മൺകുന്നുകളിൽവച്ചാണ് 1576ൽ അക്ബറിന്റെ മുഗൾസൈന്യത്തോട് മേവാറിന്റെ രാജാവ് മഹാറാണാ പ്രതാപ് ഏറ്റുമുട്ടിയത്. ഏകദേശം 5 നൂറ്റാണ്ടുകൾക്കിപ്പുറം ഹൽദിഘാട്ടിക്ക് 5 കിലോമീറ്റർ അകലെ ഖമനോർ അങ്ങാടിയിൽ മറ്റൊരു യുദ്ധാരംഭമെന്നോണം ഡോലുകൾ മുഴങ്ങുന്നു. നെഞ്ചിൽ താമരചിഹ്നം കുത്തിയ പടത്തലവന്മാർ തങ്ങളുടെ രാജാവിനെ കാത്തിരിക്കുകയാണ്. പറഞ്ഞസമയത്തിനും രണ്ടുമണിക്കൂർ ശേഷം വെളുത്ത സഫാരി സ്യൂട്ടിൽ കിരീടമെന്നോണമുള്ള തലപ്പാവുമണിഞ്ഞ് വിശ്വരാജ് സിങ് മേവാർ ജനക്കൂട്ടത്തിലേക്ക് എഴുന്നള്ളി. ‘മേവാർ ഏക് ഹി രാജ, വിശ്വരാജ്, വിശ്വരാജ്’ മുദ്രാവാക്യം ഖമനോർ അങ്ങാടിയെ ചെറുതായി പ്രകമ്പനം കൊള്ളിച്ചു.
നാഥ്ദ്വാരാ മണ്ഡലത്തിൽനിന്നു മത്സരിക്കാൻ മഹാറാണാ പ്രതാപിന്റെ പിൻമുറക്കാരിൽനിന്നു ബിജെപി കണ്ടെത്തിയയാളാണ് വിശ്വരാജ് സിങ് മേവാർ. മാല ചാർത്താനും മറ്റും കൂട്ടയിടിയാണ്. ഒപ്പം നിന്ന് സെൽഫിയെടുത്തു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താൽ മോക്ഷം കിട്ടുമെന്ന നിലയ്ക്കാണ് ആരാധകരുടെ നീക്കങ്ങൾ. ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും ആൾക്കൂട്ടത്തിന്റെ വികാരത്തള്ളിച്ചയിൽ വശം കെടുന്നുണ്ടെങ്കിലും ചെറിയൊരു പുഞ്ചിരി വിശ്വരാജ് സിങ് മുഖത്ത് സൂക്ഷിക്കുന്നുണ്ട്.
വിശ്വരാജ് സിങ് മേവാർ എത്തുന്നതിനു മുൻപ്, ഖമനോർ അങ്ങാടിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സോയി കി ബാഗൽ ഗ്രാമത്തിൽ കുറച്ചുപേർ വട്ടംകൂടിയിരുന്നു ചിരിക്കുന്നുണ്ടായിരുന്നു. മൂടുപടംകൊണ്ടു മുഖം മറച്ച സ്ത്രീകളും തലപ്പാവണിഞ്ഞ പുരുഷന്മാരും. ദരിദ്രരിൽ ദരിദ്രരിരാണന്നു തോന്നിക്കുന്ന ഗ്രാമപശ്ചാത്തലവും. നിലത്തിരിക്കുന്ന ഗ്രാമീണരോടൊപ്പം തമാശ പറഞ്ഞു ചിരിക്കുന്നയാളുടെ പേര് സി.പി.ജോഷി. നാഥ്ദ്വാരയിലെ കോൺഗ്രസ് സ്ഥാനാർഥി. കേന്ദ്രമന്ത്രിയായിരുന്നു, അഞ്ചുവട്ടം ഇതേ മണ്ഡലത്തിലെ എംഎൽഎയായിരുന്നു. നിലവിലെ നിയമസഭാ സ്പീക്കറുമാണ്.

പക്ഷേ, ആ പ്രോട്ടോക്കോളൊന്നും സിപിയുടെ സംഭാഷണത്തിലില്ല. ‘എല്ലാ വർഷവും കോൺഗ്രസ് സർക്കാർ 10000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്കിടും. ആ പണം നിങ്ങളെന്തു ചെയ്യും.’ മുൻപിലിരിക്കുന്ന സ്ത്രീകളോടായിരുന്നു സി.പി.ജോഷിയുടെ ചോദ്യം. സി.പി.ജോഷി തന്നെ ഉത്തരവും പറഞ്ഞു. ‘ആ പണം നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുപയോഗിക്കണം. മറ്റൊന്നിനും ചെലവഴിക്കരുത്. മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകാതെ നമുക്കിനി മുന്നോട്ടു പോകാനാകില്ല’. സദസ്യർ അതെയെന്നു തലയാട്ടി. നാഥ്ദ്വാര നിയോജകമണ്ഡലത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികൾ രണ്ടു വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. പക്ഷേ, അവയുടെയെല്ലാം ലക്ഷ്യം ഒന്നാണ്. മേവാർ.
മേവാറെന്ന രാജവീഥി
ഡൽഹിയിലേക്കുള്ള രാജപാത പോകുന്നത് അവധിലൂടെ (ലക്നൗ) ആണെന്നു പറയാറുണ്ട്. അവധിന്റെ അതേ സ്ഥാനമാണ് രാജസ്ഥാൻ രാഷ്ട്രീയത്തിൽ മേവാറിനും. 28 നിയമസഭാ മണ്ഡലങ്ങളുള്ള മേവാർ ഭൂപ്രദേശം ആരുപിടിക്കുന്നുവോ അവർക്കായിരിക്കും ഭരണം. തിരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ കഴിഞ്ഞ തവണയാണ് അതിനു വ്യത്യാസമുണ്ടായത്. മേവാറിൽ പിന്നിലായിട്ടും ഭരണം പിടിക്കാൻ 2018ൽ കോൺഗ്രസിനു കഴിഞ്ഞു. വസുന്ധര രാജെയെ ഒതുക്കിയതിലുള്ള രജപുത്ര പ്രതിഷേധം ഇത്തവണ മേവാറിനെ ബാധിക്കാതിരിക്കാൻ ബിജെപി രംഗത്തിറക്കിയതാണ് മഹാറാണാ പ്രതാപിന്റെ വംശപരമ്പരയിൽപെട്ട വിശ്വരാജ് സിങ്ങിനെ. കൂടാതെ പ്രധാന രജപുത്ര നേതാവായ ഗുലാബ്ചന്ദ് കട്ടാരിയ ഈ വർഷം ഫെബ്രുവരിയിൽ അസം ഗവർണറായി പോയതോടെ മേവാറിലുണ്ടായ ശൂന്യത നികത്തുകയും ബിജെപിയുടെ ലക്ഷ്യമാണ്.
ഇക്കഴിഞ്ഞ മേയിൽ രജപുത്ര വോട്ടുകൾ ഉന്നമിട്ട് വീരശിരോമണി മഹാറാണാപ്രതാപ് ബോർഡ് രൂപീകരിക്കുമെന്ന് അശോക് ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന അപകടം മണത്ത ബിജെപി വിശ്വരാജ് സിങ്ങിനെ രംഗത്തിറക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിശ്വരാജ് സിങ് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ പിതാവ് മഹേന്ദ്രസിങ് മേവാർ 1989ൽ ചിത്തോർഗഡിൽ നിന്നുള്ള എംപിയായിരുന്നു. അതേസമയം, നാഥ്ദ്വാരാ മണ്ഡലത്തിൽ ചിരപരിചിതനും രാഷ്ട്രീയന്ത്രങ്ങളുടെ കാര്യത്തിൽ പരിചയസമ്പന്നനുമായ സി.പി. ജോഷിയിലാണ് ഇത്തവണയും കോൺഗ്രസിന്റെ വിശ്വാസം. ബ്രാഹ്മണ സമുദായാംഗമായ ജോഷി 2018ൽ 16,940 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാഥ്ദ്വാര മാണ്ഡലത്തിൽ നിന്നു വിജയിച്ചത്.
ചരിത്രത്തിലെ തിരുത്ത്
ഹൽദിഘാട്ടി യുദ്ധത്തിൽ ആരാണു ജയിച്ചത്. അക്ബർ ചക്രവർത്തിയോ, മഹാറാണാ പ്രതാപോ? ഇപ്പോഴും അവസാനിക്കാത്ത താർക്കിക യുദ്ധമാണ് രാജസ്ഥാനിൽ. 2017ൽ അന്ന് അധികാരത്തിലുണ്ടായിരുന്ന ബിജെപി സർക്കാർ മഹാറാണാ പ്രതാപ് വിജയിച്ചെന്നു സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തിയിരുന്നു. പിന്നീട് കോൺഗ്രസ് ഭരണത്തിലെത്തിയപ്പോൾ നേരെ തിരിച്ചാക്കി. അഞ്ചു പതിറ്റാണ്ടു മുൻപ് ആരു ജയിച്ചെന്നതിനെക്കാൾ പ്രാധാന്യം കോൺഗ്രസിനും ബിജെപിക്കും ഈ തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നതാണ്. അതിനു വേണ്ടിയുള്ള ഉപകരണങ്ങളുടെ കൂട്ടത്തിൽ മഹാറാണാ പ്രതാപിന്റെ ചരിത്രവും ഉൾപ്പെടുന്നുവെന്നു മാത്രം. വാളു കൊണ്ടല്ല, വോട്ടു കൊണ്ടാണ് ഹൽദിഘാട്ടിയിൽ ഇപ്പോൾ യുദ്ധം. ഫലം ഡിസംബർ 3ന് അറിയാം.