ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: യന്ത്രത്തിനുമാത്രം 10,000 കോടി; നടപ്പിലാക്കാൻ സാധിക്കുക 2029 ൽ മാത്രം

Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 15 വർഷത്തിലൊരിക്കൽ പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) വാങ്ങാൻ ഏകദേശം 10,000 കോടി രൂപ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലയിരുത്തൽ.
പുതിയ മെഷീനുകൾ നിർമിച്ച് എല്ലായിടത്തുമെത്തിച്ച് 2029 ൽ മാത്രമേ ഇത്തരത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നും ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംബന്ധിച്ചു കേന്ദ്രസർക്കാരിനു നൽകിയ മറുപടിയിൽ പറയുന്നു.
ഒരുമിച്ചുള്ള ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഒരു പോളിങ് ബൂത്തിൽ 2 വോട്ടിങ് യന്ത്രം വീതം വേണം. 15 വർഷമാണ് ഒരു വോട്ടിങ് മെഷീന്റെ കാലാവധി. ഫലത്തിൽ 3 തിരഞ്ഞെടുപ്പുകൾക്ക് ഇവ ഉപയോഗിക്കാനാകും. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് മെഷീൻ എന്നിവയുടെ കഴിഞ്ഞവർഷത്തെ വില വച്ചാണ് ചെലവു കണക്കാക്കിയിരിക്കുന്നത്. യന്ത്രങ്ങളുടെ എണ്ണം കൂടുമെന്നതിനാൽ ഇവ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും.
‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പി’നായി മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഈയിടെ പൊതുജനാഭിപ്രായം തേടിയിരുന്നു. ഭരണഘടനയിലും ബന്ധപ്പെട്ട തിരഞ്ഞെടുപ്പു നിയമങ്ങളിലും ആവശ്യമായ പരിഷ്കാരം കണ്ടെത്തുക, പൊതുവോട്ടർപട്ടിക, വിവിപാറ്റ് എത്തിക്കൽ എന്നിവ സംബന്ധിച്ച പൊതുചട്ടക്കൂട് തയാറാക്കുക എന്നിവയാണ് സമിതിയുടെ ചുമതല.
ഭേദഗതി വേണം, 356–ാം വകുപ്പിലും കൂറുമാറ്റ വ്യവസ്ഥകളിലും|
356–ാം വകുപ്പ് ഉൾപ്പെടെ ഭരണഘടനയിലെ 5 വകുപ്പുകളിലും കൂറുമാറ്റത്തിനുള്ള അയോഗ്യത സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളിലും ഭേദഗതി വേണ്ടിവരുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. വകുപ്പുകൾ ഇവ:
83: ലോക്സഭയുടെ കാലാവധി
85: ലോക്സഭ പിരിച്ചുവിടൽ
172: നിയമസഭയുടെ കാലാവധി
174: നിയമസഭ പിരിച്ചുവിടൽ
356: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം