വാശി വേണ്ട, ജയം മതി; ചരിത്രത്തിൽ ഏറ്റവും കുറച്ച് സീറ്റിൽ മത്സരിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മത്സരിക്കുന്നതു പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിൽ. ഇതുവരെ 244 സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ്, മുന്നൂറോളം സീറ്റിലായിരിക്കും മത്സരിക്കുക. പഞ്ചാബ്, ഹരിയാന, ഡൽഹി, ഹിമാചൽ, ചണ്ഡിഗഡ്, ലഡാക്ക് എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. യുപിയിലെ അമേഠി, റായ്ബറേലി എന്നിവയടക്കം വിവിധ സംസ്ഥാനങ്ങളിലായി ഏതാനും സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
-
Also Read
നെഹ്റുവിനെ തടഞ്ഞ തോപ്പിൽ ഭാസി
സീറ്റിന്റെ കാര്യത്തിൽ പിടിവാശി വേണ്ടെന്നും ഇന്ത്യാസഖ്യത്തിലെ പ്രാദേശിക കക്ഷികളുമായി പരമാവധി സഹകരിക്കണമെന്നും രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ നിലപാടെടുത്തതു നിർണായകമായി. പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സീറ്റുകൾ അവയ്ക്കു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാവുകയായിരുന്നു.
വിജയസാധ്യതയുള്ള സീറ്റുകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്ന് സമീപകാലത്തു പാർട്ടി നടത്തിയ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 255 സീറ്റാണു സർവേ കണ്ടെത്തിയത്. യുപി, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലാണു കോൺഗ്രസ് കൂടുതൽ സീറ്റ് പ്രാദേശിക കക്ഷികൾക്കു വിട്ടുകൊടുത്തത്. ബിജെപിയെ തടയുന്നതിൽ ഇന്ത്യാസഖ്യത്തിനു നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണു മഹാരാഷ്ട്രയും ബിഹാറും.
കുറഞ്ഞു, സിപിഎം സീറ്റുകളും
ന്യൂഡൽഹി ∙ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ സിപിഎമ്മും താഴേക്ക്. ഇക്കുറി 50ൽ താഴെ സീറ്റുകളിൽ മാത്രമേ പാർട്ടി സ്ഥാനാർഥികളുണ്ടാകൂവെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇന്ത്യാസഖ്യത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്താണ് സീറ്റെണ്ണം പരമാവധി കുറച്ചതെന്നു നേതാക്കൾ അറിയിച്ചു. കോൺഗ്രസുമായി ധാരണയിൽ മത്സരിക്കുന്ന ബംഗാളിലാവും പാർട്ടി ഏറ്റവുമധികം സീറ്റിൽ മത്സരിക്കുക; 20–22 സീറ്റ്.
പ്രകടനപത്രിക: അഭിപ്രായം തേടി രാഹുൽ
ന്യൂഡൽഹി∙ കോൺഗ്രസിന്റെ പ്രകടന പത്രികയെക്കുറിച്ചു ജനങ്ങളിൽ നിന്ന് അഭിപ്രായമാരാഞ്ഞ് രാഹുൽ ഗാന്ധി.കോൺഗ്രസിന്റേത് വിപ്ലവകരമായ പ്രകടന പത്രികയാണെന്നു പറഞ്ഞ അദ്ദേഹം, കഴിഞ്ഞ ദിവസം തെലങ്കാനയിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് അഭിപ്രായങ്ങൾ തേടിയത്.