വോട്ടിങ് ക്രമക്കേട്: കമ്മിഷനുമായി കോൺഗ്രസ് ചർച്ച നടത്തി
Mail This Article
ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ വോട്ടിങ് ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനുമായി കോൺഗ്രസ് പ്രതിനിധി സംഘം ചർച്ച ചെയ്തു. അഭിഷേക് സിങ്‌വി, മുകുൾ വാസ്നിക്, പവൻ ഖേര, നാന പഠോളെ, പ്രവീൺ ചക്രവർത്തി, ഗുർദീപ് സപ്പൽ എന്നിവരാണു കോൺഗ്രസ് സംഘത്തിലുണ്ടായിരുന്നത്. ചർച്ചയെ പറ്റി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചിട്ടില്ല.
-
Also Read
അദാനി അഴിമതി വീണ്ടും ഉയർത്തി കോൺഗ്രസ്
വിഷയത്തിൽ വിശദമായ ചർച്ച നടന്നെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. ‘ഗുരുതരമായ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനു വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ നിന്നു ലക്ഷക്കണക്കിനാളുകൾ എങ്ങനെ പുറത്തായെന്ന കാര്യം ഉന്നയിച്ചു. ഓരോ മണ്ഡലത്തിലെയും ബൂത്ത് തല കണക്കുകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം 47 ലക്ഷത്തിൽ പരം വോട്ടർമാരെ ചേർത്തതും ഉന്നയിച്ചു. പോളിങ് ശതമാനം അവസാന നിമിഷത്തിലും രാത്രിയിലും ക്രമാതീതമായി ഉയരുന്നതും ചർച്ച ചെയ്തു. 118 നിയമസഭാ മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 25,000ലേറെ വോട്ട് കൂടുതൽ ചെയ്തിട്ടുണ്ട്. ഈ വർധന അത്ഭുതാവഹമാണ്. ഇതിൽ, 102 മണ്ഡലങ്ങളിലും മഹായുതി സഖ്യമാണു ജയിച്ചതെന്നതു ഗൗരവമേറിയ സംശയത്തിനിടയാക്കുന്നു’ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.