വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; 8 മണിക്കൂർ ചർച്ച

Mail This Article
ന്യൂഡൽഹി ∙ പരിഷ്കരിച്ച വഖഫ് ഭേദഗതി ബിൽ ഇന്ന് ഉച്ചയ്ക്കു 12നു ലോക്സഭയിൽ അവതരിപ്പിക്കും. 12 മണിക്കൂർ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. 8 മണിക്കൂർ ചർച്ച കഴിഞ്ഞ് വേണമെങ്കിൽ നീട്ടാമെന്നു പാർലമെന്ററി, ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ലോക്സഭാ കാര്യോപദേശക സമിതി യോഗത്തിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ച ബിൽ ഇന്നു ലോക്സഭയിലും നാളെ രാജ്യസഭയിലും ചർച്ച ചെയ്ത് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാനാണു സർക്കാരിന്റെ നീക്കം. ബില്ലിനെ ശക്തമായി എതിർക്കാനും ചർച്ചയിൽ സജീവമായി പങ്കെടുക്കാനും പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. ഇന്നു ലോക്സഭയിലുണ്ടായിരിക്കണമെന്നു ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ എംപിമാരോടു ഡൽഹിയിലേക്കു മടങ്ങാൻ സിപിഎമ്മും നിർദേശിച്ചു.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ ഇരുസഭകളിലും ബിൽ പാസാക്കാൻ തടസ്സമില്ല. എങ്കിലും ജെഡിയു, എൽജെപി (ബിഹാർ), ടിഡിപി (ആന്ധ്ര) എന്നീ എൻഡിഎ ഘടകകക്ഷികളുടെയും ഇരുസഖ്യത്തിലുമില്ലാത്ത വൈഎസ്ആർ കോൺഗ്രസിന്റെയും (ആന്ധ്ര) നിലപാടുകൾ ശ്രദ്ധിക്കപ്പെടും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയുമാണ്.