വേഗ റെയിൽപാത പദ്ധതി നടക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഇ. ശ്രീധരൻ

Mail This Article
കൊച്ചി ∙ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വേഗ റെയിൽപാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ലെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. ചെലവു കുറയ്ക്കാൻ വേണ്ടിയാണു സർക്കാർ ഹൈ സ്പീഡ് റെയിൽവേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. ഇതുകൊണ്ടു െചലവിൽ കാര്യമായ കുറവുണ്ടാകും എന്നു കരുതുന്നില്ലെന്ന്് അദ്ദേഹം മനോരമയോട് പറഞ്ഞു.
വേഗപ്പാതാ പദ്ധതിയിൽ പാളത്തിന് ഇരുവശത്തും ഉയരത്തിൽ മതിൽ വേണ്ടിവരും. പദ്ധതിക്കു റെയിൽവേ തത്വത്തിൽ അംഗീകാരം നൽകി എന്നതും ശരിയല്ല. പദ്ധതിയുടെ സർവേ നടത്താൻ മാത്രമാണ് അനുമതി. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകിയാലേ പദ്ധതിക്ക് അനുമതി തേടാൻ കഴിയൂ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് – സെമി ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ കേരളത്തിന്റെ പദ്ധതി ഉൾപ്പെട്ടിട്ടില്ല.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ യാത്രാ ട്രെയിനുകൾ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റർ വേഗത്തിൽ ഗുഡ്സ് ട്രെയിൻ ഓടിക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യത്തിനു നിരക്കുന്നതല്ല – അദ്ദേഹം പറഞ്ഞു. ഗുഡ്സ് ട്രെയിനുകൾ ഓടിക്കണമെങ്കിൽ പാളത്തിന്റെ ആക്സിൽ ലോഡ് കുറഞ്ഞത് 25 ടൺ ആയിരിക്കണം. ഗുഡ്സ് ട്രെയിനുകൾ ഉദ്ദേശിക്കാത്ത ഹൈസ്പീഡ് ലൈനിൽ ഇത് 17 ടൺ മതി.
ഹൈ സ്പീഡ് റെയിൽവേ ലൈൻ തൂണുകളിൽ ഉറപ്പിച്ചോ ഭൂമിക്ക് അടിയിലൂടെയോ ആണു നിർദേശിച്ചത്. എന്നാൽ സെമി ഹൈസ്പീഡ് പദ്ധതിയിൽ ഭൂനിരപ്പിൽ പാളമിടുകയാണ്. ഇതിനു കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ഹൈസ്പീഡ് പദ്ധതിയിൽ 6000 കുടുംബങ്ങളെ പുനരധിവസിപ്പിച്ചാൽ മതിയായിരുന്നു. പുതിയ പദ്ധതിയിൽ 20,000 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
English summary: No hope for Vega rail in Kerala; E.Sreedharan