ADVERTISEMENT

തൃക്കുന്നപ്പുഴ ∙ ജോലിക്കായി പുണെയിൽ പോയ ശേഷം സനു മോഹൻ സ്വന്തം നാടായ തൃക്കുന്നപ്പുഴയിൽ വല്ലപ്പോഴുമേ എത്തിയിരുന്നുള്ളുവെന്നു നാട്ടുകാർ പറയുന്നു. നാട്ടിലെത്തിയാലും വേഗം മടങ്ങുകയായിരുന്നു പതിവ്. സ്വന്തം വീട്ടിൽ പോകുന്നത് അപൂർവമായിരുന്നു.

സനു മോഹന്റെ വീടിനു നാനൂറു മീറ്ററോളം അകലെയുള്ള ഭാര്യവീട്ടിലാണു നാട്ടിലെത്തുമ്പോൾ കയറുക. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ പഠനത്തിനു ശേഷം സനു മോഹൻ പുണെയിലേയ്ക്ക് പോയി. അവിടെ കമ്പനിയിൽ ജോലിയിലായ ശേഷം സ്വന്തമായി ബിസിനസ് തുടങ്ങി. 

വാഹനങ്ങളുടെ ബോഡി നിർമാണത്തിനായുള്ള ഷീറ്റുകളുടെയും മറ്റും ബിസിനസ് ആയിരുന്നു. ഇതിനിടയിലാണു വിവാഹം. 3 വർഷം മുൻപു പിതാവ് മരിച്ചപ്പോഴും സനു എത്തിയില്ല.

സനു മോഹന്റെ വീട്ടിൽ അമ്മ മാത്രമേ ഇപ്പോഴുള്ളു. അടുത്തു താമസിക്കുന്ന ബന്ധുക്കളാണു പരിചരിക്കുന്നത്. ഭാര്യ ഇപ്പോൾ സ്വന്തം വീട്ടിലില്ല. വൈഗയുടെ മരണാനന്തര ച‌ടങ്ങുകൾക്കുശേഷം ബന്ധുവീട്ടിലാണ്.

കാർവാറിലെത്തിയത് 3 വാഹനം മാറിക്കയറി

കൊല്ലൂർ ∙ ഏപ്രിൽ 16നു രാവിലെ കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി. അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണു കരുതുന്നത്. രാവിലെ ടൂറിസ്റ്റ് ഹോമിൽ നിന്നിറങ്ങിയ സനു 2 ബസുകൾ മാറിക്കയറിയാണു കുന്താപുരം വഴി ഉഡുപ്പിയിൽ എത്തിയത്. ഉഡുപ്പിയിൽ നിന്നു കാറിൽ തിരികെ കുന്താപുരം വഴി കാർവാറിൽ എത്തി.

ഗോവയിലേക്കു കടക്കാനായിരുന്നു പദ്ധതി എന്നാണു സൂചന. ഹോട്ടലുകളിൽ മുറിയെടുത്താൽ പിടിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാവാം കാർവാറിൽ തൊഴിലാളികളുടെ ഷെഡിൽ കഴിഞ്ഞതെന്നും കരുതുന്നു.

കൊല്ലൂരിൽ സന്ദർശിച്ചതാരെ?

കൊല്ലൂർ ∙ സനു മോഹൻ കൊല്ലൂരിൽ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി വിവരം. നാട്ടുകാരിൽ നിന്നു ലഭിച്ച വിവരമാണിത്.

കൊല്ലൂരിൽ സനു താമസിച്ച ലോഡ്ജിൽനിന്ന് നിന്ന് 200 മീറ്റർ മാറി കുടജാദ്രി റോഡിലെ ജംക്‌ഷനിൽ റോഡരികിൽ ഏറെനേരം ഈ സംഘവുമായി സംസാരിച്ചു നിന്നു. തുടർന്ന് അവിടെ നിന്ന് ഓട്ടോയിൽ കയറി പോയതായും അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയതായും പറയുന്നു. ഏതെങ്കിലും വിധത്തിൽ സനു മോഹനെ സഹായിച്ചിരുന്നവരാണോ ഇവരെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com