ചിന്തയുടെ പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ഗൈഡ്
Mail This Article
തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം കേരള സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധം താൻ പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും വീഴ്ച ഇല്ലെന്നും ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ വൈസ് ചാൻസലർക്കു വിശദീകരണം നൽകി.
‘വാഴക്കുല’യുടെ രചയിതാവിന്റെ പേരു മാറിയതു നോട്ടപ്പിശക് മൂലം ആണെന്നും അതു തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കും എന്നുമുള്ള ചിന്തയുടെ വിശദീകരണം അജയകുമാർ ആവർത്തിച്ചു. മറ്റു പ്രസിദ്ധീകരണങ്ങളുമായി പ്രബന്ധത്തിനു 10 ശതമാനത്തിൽ താഴെ സാമ്യമേ ഉള്ളൂ എന്നും യുജിസി വ്യവസ്ഥ പ്രകാരം പകർത്തൽ പരിശോധന നടത്തിയെന്നും ഗൈഡ് പറയുന്നു. ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണ് പ്രബന്ധത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രബന്ധത്തിലെ പലഭാഗവും പലയിടത്തു നിന്നു പകർത്തിയതാണെന്നും അക്ഷരത്തെറ്റും വ്യാകരണപ്പിശകും ഉള്ളതിനാൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി നൽകിയതിനെ തുടർന്നാണ് ഗവർണർ വിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ചിന്തയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ, പ്രബന്ധത്തിന്റെ ഒറിജിനൽ, മൂല്യനിർണയം നടത്തിയ തമിഴ്നാട്ടിലെയും ബനാറസിലെയും പ്രഫസർമാരുടെ റിപ്പോർട്ടുകൾ, ഓപ്പൺ ഡിഫൻസിന്റെ രേഖകൾ എന്നിവ വിസിക്കു റജിസ്ട്രാർ സമർപ്പിച്ചിരുന്നു. ഗൈഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിസി ഇനി ഗവർണർക്കു റിപ്പോർട്ട് നൽകണം. ആരോഗ്യ സർവകലാശാല വിസി ഡോ.മോഹൻ കുന്നുമ്മലിനാണ് വിസിയുടെ ചുമതല.
English Summary : Chintha Jerome dissertation read and was convinced says guide