ചാലക്കുടി വ്യാജ ലഹരിക്കേസ്: മുൻകൂർ ജാമ്യം തേടി ഷീല സണ്ണിയുടെ ബന്ധു

Mail This Article
കൊച്ചി ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ബന്ധുവായ കാലടി സ്വദേശിനി ലിവിയ ജോസ് ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇന്നു ഹർജി പരിഗണിച്ചേക്കും.
സംഭവവുമായി തനിക്കു ബന്ധമില്ലെന്നും, തന്നെ അറസ്റ്റ് ചെയ്യുമെന്നും ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ അറിയിച്ചു. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. ഫെബ്രുവരി 27ന് വൈകിട്ട് ഷീലയുടെ സ്കൂട്ടറിൽ നിന്ന് എക്സൈസ് സംഘം 12 രാസലഹരി സ്റ്റാംപുകൾ പിടികൂടിയിരുന്നു. തുടർന്ന് ഷീല 72 ദിവസം ജയിലിലായി. എന്നാൽ പിടിച്ചെടുത്തതു ലഹരിവസ്തുവല്ലെന്നാണു കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്മെന്റിന്റെ പരിശോധനാഫലം വന്നത്.
തുടർന്ന് ഷീല സണ്ണി നൽകിയ ഹർജിയിൽ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. ലഹരിമരുന്നു പിടികൂടുന്നതിന് തലേദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നെന്നും ഷീല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്. കേസിൽ എക്സൈസ് സംഘം തന്റെ പിതാവിനെയും സഹോദരിയെയും ചോദ്യം ചെയ്തെന്നും, അവരെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും ഹർജിക്കാരി ആരോപിച്ചു.
English Summary : Sheela Sunny's relative seeks anticipatory bail for Chalakudy fake intoxication case