ഗുരു മറഞ്ഞു; അവൻ അറിഞ്ഞില്ല...

Mail This Article
തിരുവനന്തപുരം ∙ ഗുരുവിന്റെ മരണം ആബേൽ അറിയാതിരിക്കാൻ എല്ലാവരും അത്രമേൽ ശ്രദ്ധിച്ചിരുന്നു. ഫോൺ നോക്കാൻ പോലും അനുവദിച്ചിരുന്നില്ല. എച്ച്എസ്എസ് വിഭാഗം ഗിറ്റാർ മത്സരം കഴിഞ്ഞു മടങ്ങുമ്പോഴാണ് ആബേൽ, പ്രിയഗുരുവിന്റെ വേർപാട് അറിയുന്നത്. കൊല്ലം അയത്തിൽ സ്വദേശി ജി.കെ.രാജുവാണ് ശിഷ്യന്റെ മത്സരത്തിനു തൊട്ടു തലേന്നു രാത്രി ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്.
-
Also Read
ബെയ്ലി പാലം കടന്ന് വേദിയിലേക്ക്...
പ്രയാർ ആർവിഎസ്എം എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിയായ ആബേൽ വി.ജോൺ ഇന്നലെ ആലപ്പുഴയിൽ നിന്ന് അമ്മയ്ക്കും അമ്മാവനുമൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഗുരുവിനെ അന്വേഷിച്ചിരുന്നു. അദ്ദേഹം അവിടെ എത്തിക്കോളുമെന്നായിരുന്നു സഹപരിശീലകനായ ലിവിനാഥ് സാരംഗയുടെ മറുപടി.
മത്സരം കഴിഞ്ഞ് ബി ഗ്രേഡും നേടി രാത്രിയോടെ നാട്ടിലേക്കു മടങ്ങിയ ശേഷമാണ് സങ്കടവാർത്ത അറിയിച്ചത്. കണ്ണീരോടെ ആബേലിന്റെ കൂപ്പുകൈ. അവസാനമായി ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ജി.കെ.രാജുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ടു തന്നെ കഴിഞ്ഞിരുന്നു.
കായംകുളം കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് അഴകത്ത് പീസ് കോട്ടേജിൽ വിമുക്തഭടൻ വിനോദ് ജോണിന്റെയും അധ്യാപിക സെലിന്റെയും മകനാണ് ആബേൽ. കൊല്ലം ഓച്ചിറയിലെ സാരംഗ സ്കൂൾ ഓഫ് മ്യൂസിക്കിലെ ജി.കെ.രാജുവിനു കീഴിലാണു വർഷങ്ങളായി പരിശീലിക്കുന്നത്.
ട്രാക്ക് മ്യൂസിക് ബാൻഡിന്റെ ഗിറ്റാറിസ്റ്റായ രാജു ഇന്നലെ തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ ഏറ്റിരുന്നതുമാണ്. കഴിഞ്ഞ ദിവസവും പരിശീലനകേന്ദ്രത്തിലെത്തി ആബേലിനു നിർദേശങ്ങൾ നൽകിയിരുന്നു.