എസ്എഫ്ഐ സമ്മേളനം തുടങ്ങി; പുതു നേതൃനിര വന്നേക്കും

Mail This Article
തിരുവനന്തപുരം ∙ എസ്എഫ് ഐയുടെ നേതൃനിരയാകെ മാറണമെന്നാണു പൊതുധാരണയെങ്കിലും, സെക്രട്ടറിയായി നിലവിലെ പ്രസിഡന്റ് കെ.അനുശ്രീയെ നിയോഗിക്കണമെന്ന നിർദേശവും സിപിഎം ചർച്ച ചെയ്യുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിൽ ഇതുവരെ സംസ്ഥാന സെക്രട്ടറിയായി വനിത വന്നിട്ടില്ലെന്ന ന്യൂനതയാണു ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സെക്രട്ടറി പി.എം.ആർഷോ പ്രായപരിധിയെത്തുടർന്ന് ഒഴിവാകും.ആർഷോയ്ക്കൊപ്പം അനുശ്രീയും മാറേണ്ടിവന്നാൽ ആലപ്പുഴ ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ്, കണ്ണൂർ ജില്ലാ സെക്രട്ടറി പി.എസ്.സജ്ജീവ് എന്നിവർ പകരക്കാരാകാനാണു സാധ്യത. കണ്ണൂരിൽ നിന്നുള്ള അനുശ്രീയെ ഭാരവാഹിത്വത്തിൽ നിലനിർത്തിയാൽ ശിവപ്രസാദിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും.
എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതുവരെ രണ്ടു വനിതകൾ മാത്രമേ എത്തിയിട്ടുള്ളൂ. സിന്ധു ജോയിയും അനുശ്രീയും. സ്ഥാനമൊഴിയുന്ന കമ്മിറ്റി ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടതിനാൽ കമ്മിറ്റിയെ ഒന്നാകെ മാറ്റണമെന്ന ചർച്ചയുമുണ്ട്. കായംകുളത്തു നിഖിൽ തോമസും കൊച്ചിയിൽ കെ.വിദ്യയുമുണ്ടാക്കിയ വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ ഈ കമ്മിറ്റിയുടെ കാലത്താണ്. ആൾക്കൂട്ട വിചാരണയെത്തുടർന്നുള്ള സിദ്ധാർഥന്റെ മരണം സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. സിദ്ധാർഥന്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിനു സിദ്ധാർഥന്റെ ജില്ലയായ തിരുവനന്തപുരത്ത് ഇന്നലെ കൊടിയേറിയതെന്ന പ്രത്യേകതയുണ്ട്.