ADVERTISEMENT

തിരുവനന്തപുരം ∙ അപൂർവരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും ആരോഗ്യരംഗത്തെ കേരള മോഡലിന് എന്തു പറ്റിയെന്നും നിയമസഭയിൽ പി.സി.വിഷ്ണുനാഥ്. കേരള മോഡലിനെ ഇകഴ്ത്താനാണു യുഡിഎഫിന്റെ ശ്രമമെന്നു മന്ത്രി എം.ബി.രാജേഷ്. പണ്ട് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുണ്ടെന്നു പറഞ്ഞിരിക്കാതെ ആരോഗ്യമേഖലയിലെ അപകടങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 

  ആശുപത്രികളിലെ മരുന്നുക്ഷാമം, കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെത്തുടർന്നു രോഗി മരിച്ച സംഭവം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ലാബിലേക്കുള്ള സാംപിളുകൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിലാണു കേരള മോഡൽ ചർച്ചയായത്. വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. മന്ത്രി വീണാ ജോർജിന്റെ അസാന്നിധ്യത്തിൽ മന്ത്രി എം.ബി.രാജേഷാണു മറുപടി നൽകിയത്.

∙ നോട്ടിസ് അവതരിപ്പിച്ചുകൊണ്ടു പി.സി.വിഷ്ണുനാഥ്:  കോഴിക്കോട്ടു മരിച്ച രോഗിക്കു ശസ്ത്രക്രിയയ്ക്കിടെയാണു വയറിൽ മുറിവുണ്ടായത്. യഥാസമയം  ചികിത്സ നൽകിയില്ല. തിരുവനന്തപുരത്തു ലാബിലേക്ക് അയച്ച സാംപിളുകളാണ് ആക്രിക്കാരൻ തട്ടിയെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂറാണ് ഒരാൾ കുടുങ്ങിയത്. നിർമാർജനം ചെയ്ത രോഗങ്ങളെല്ലാം തിരിച്ചുവരികയാണ്. ആശമാരുടെ സമരം തുടരുന്നതിനാൽ പകർച്ചവ്യാധി പ്രതിരോധം പാളുന്നു.

കാരുണ്യ പദ്ധതിയിൽ 1550 കോടി രൂപയാണ് ആശുപത്രികൾക്കു നൽകാനുള്ളത്. മരുന്നുസംഭരണത്തിൽ 700 കോടിയാണു കുടിശിക. ആശുപത്രികളിൽ മരുന്നില്ല. ആവശ്യത്തിനു ഡോക്ടർമാരില്ലെന്നു പറഞ്ഞതു സിഎജി റിപ്പോർട്ടിലാണ്. 

∙ മന്ത്രി എം.ബി.രാജേഷ് :  ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ചാണു പ്രതിപക്ഷം അവതരിപ്പിക്കുന്നത്. കോഴിക്കോട്ടെ രോഗിക്ക് ചികിത്സ നൽകിയിരുന്നു. ഇതിൽ വീഴ്ചയുള്ളതായി കണ്ടെത്തിയിട്ടില്ല. സൂപ്രണ്ട് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പരിശോധനയിലാണ്. ലാബിലേക്കുള്ള സാംപിൾ നഷ്ടപ്പെട്ടതിനു പിന്നാലെ തിരിച്ചെടുത്തിട്ടുണ്ട്. വീഴ്ചവരുത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

853 അവശ്യമരുന്നാണു മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി നൽകുന്നത്. ഈ മരുന്നുകൾക്കു ക്ഷാമമില്ല. ഈ വർഷം മരുന്നുവാങ്ങാൻ 604 കോടി രൂപ വിനിയോഗിച്ചു. കാസ്പ് വഴിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു 978 കോടി അനുവദിച്ചു.  കേന്ദ്രസർക്കാരിന്റെ എല്ലാ സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്.  പ്രതിപക്ഷത്തിന്റെ അസുഖം അധികാരം കണ്ടുള്ള പനിയാണ്. അതിന് ആരോഗ്യമേഖലയിൽ മരുന്നില്ല. 

∙ വി.ഡി.സതീശൻ :  സർക്കാർ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഇറക്കിയ ഉത്തരവുകൾ പുസ്തകമാക്കിയാൽ രണ്ടു വാല്യമുണ്ടാകും. അത്രയേറെ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. ആയുർദൈർഘ്യം കൂടുന്നതറിഞ്ഞാൽ മന്ത്രി സജി ചെറിയാൻ തകർന്നുപോകും. കോവിഡനന്തരം കേരളത്തിലെ മരണനിരക്ക് ഇരട്ടിയോളമായി.

English Summary:

Kerala Healthcare Crisis: Medicine shortages and medical negligence spark assembly walkout

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com