വാഹന റജിസ്ട്രേഷൻ തട്ടിപ്പ്: അമലാ പോളിനും ഫഹദിനുമെതിരായ കേസ് ഒഴിവാക്കും

Mail This Article
കൊച്ചി ∙ വാഹന റജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. അമലാ പോളിനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അമലയ്ക്കെതിരായ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതാണ് ഇതിനു കാരണം.
പുതുച്ചേരിയിലെ തിലാസപ്പെട്ടിൽ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമലാ പോൾ തന്റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. റജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു. റജിസ്ട്രേഷൻ സംബന്ധിച്ച കേസിൽ ഫഹദ് ഫാസിൽ പിഴയടച്ചിട്ടുണ്ട്. അതേസമയം, വാഹന റജിസ്ട്രേഷൻ സംബന്ധമായി നടൻ സുരേഷ് ഗോപിക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ നടപടി തുടരും.
പുതുച്ചേരിയിൽ നിന്ന് വാങ്ങിയ വാഹനം അമല പോൾ കേരളത്തിൽ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. 1.12 കോടി രൂപ വില വരുന്ന ബെൻസ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് റജിസ്റ്റർ ചെയ്തത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്താൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാൽ പുതുച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയായി നൽകേണ്ടതായി വന്നത്.
പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്യണമെങ്കിൽ അവിടെ സ്ഥിരം താമസമുണ്ടാകണം എന്നാണ് വ്യവസ്ഥ. എന്നാൽ നടിക്കു നേരിട്ടറിയാത്ത ഒരു എൻജിനീയറിങ് വിദ്യാർഥിയുടെ വിലാസത്തിലാണ് കാർ റജിസ്റ്റർ ചെയ്തത്. വ്യാജ റജിസ്ട്രേഷൻ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫഹദും അമലാ പോളും ഓരോ കാർ റജിസ്റ്റർ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
നടന്മാരായ സുരേഷ്ഗോപിയെയും ഫഹദ് ഫാസിലിനെയും നേരത്തേ സമാനകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. നികുതി സംബന്ധമായ കാര്യങ്ങൾ അറിയില്ലായിരുന്നെന്നും ഡീലർമാരാണ് കാറുകൾ റജിസ്റ്റർ ചെ്യത് ഇവിടെയെത്തിച്ചതെന്നും ഫഹദ് 2017 ൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്ന് 19 ലക്ഷം രൂപ നികുതിയടച്ച് സർക്കാരിനുണ്ടായ നഷ്ടം നികത്തിയെന്നു ഫഹദിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു.