ശശികല ചെന്നൈയിലേക്ക്: ജയ സമാധി അടച്ചു; പൊലീസ് കാവലിൽ പാർട്ടി ആസ്ഥാനം

Mail This Article
ചെന്നൈ ∙ ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ഇന്ന് ചെന്നൈയിൽ എത്തുന്നു. ക്വാറന്റീനിൽ കഴിയുന്ന ബെംഗളുരുവിലെ റിസോർട്ടിൽനിന്ന് അനുയായികള്‍ക്കൊപ്പം റോഡ് ഷോ ആയാണ് ചെന്നൈയിൽ എത്തുന്നത്. ശശികല പേടിയിൽ ജയലളിത, എംജിആർ സമാധികൾ അടച്ചുപൂട്ടിയ അണ്ണാഡിഎംകെ സർക്കാർ പാർട്ടി ആസ്ഥാനം പൊലീസ് കാവലിൽ ആക്കി.
2017 ജയിലിൽ പോകുന്ന സമയത്താണ് ശശികല ജയലളിതയുടെ സമാധിയിൽ കയ്യടിച്ചു ശപഥം ചെയ്യുന്നത്. ജയലളിത കൂടി പ്രതി ആയിരുന്ന അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷ കഴിഞ്ഞാണ് ശശികല എത്തുന്നത്. താൻ വാഴിച്ചവർ തന്നെ ചതിച്ചതിന്റെ അടങ്ങാത്ത ദേഷ്യവുമായാണ് മടക്കം. ജയ സമാധിയിൽ എത്തി പ്രതിജ്ഞ എടുത്താൽ ഉണ്ടാകാൻ പോകുന്ന ചലനങ്ങൾ മുൻകൂട്ടി കണ്ട അണ്ണാഡിഎംകെ നേതൃത്വം ജയ സമാധി അടച്ചു പൂട്ടി. ഇതോടെ നേരെ ടി നഗറിലെ എംജിആറിന്റെ വീട്ടിലെത്തിയാണ് ചിന്നമ്മ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.
വൻ ജനക്കൂട്ടം അനുവദിക്കില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. രാവിലെ ബെംഗളുരുവിൽ നിന്നും പുറപ്പെട്ട റോഡ് ഷോ 32 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയായാണ് ചെന്നൈയിൽ എത്തുക. അതേസമയം ശശികലയ്ക്കെതിരെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കളാണ് ബെനാമി നിയമപ്രകാരം കണ്ടുകെട്ടിയത്.
അതേസമയം കടുത്ത രാഷ്ട്രീയ നീക്കങ്ങൾ ഉടൻ ശശികലയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സീറ്റ് കിട്ടാത്ത അസംതൃപ്തരെ ഒപ്പം നിർത്താനാണ് ആദ്യ നീക്കം. കൂടാതെ അധികാരമില്ലാത്ത അണ്ണാഡിഎംകെ പിടിച്ചെടുക്കാൻ കൂടുതൽ എളുപ്പമാകുമെന്നും ശശികലയും കൂട്ടരും കണക്ക് കൂട്ടുന്നു. അതോടോപ്പം നിലവിൽ അണ്ണാഡിഎംകെയുമായി സഖ്യമുള്ള ബിജെപിയെ പ്രകോപിപ്പിക്കേണ്ട എന്ന ആലോചനയും തീരുമാനത്തിന് പിന്നിൽ ഉണ്ട്. നിലവിൽ കേന്ദ്ര ഏജൻസികൾ എടുത്ത അര ഡസനിൽ അധികം കേസുകൾ ശശികലയ്ക്ക് എതിരെ ഉണ്ട്.കൂടാതെ ബിജെപിയുമായി നീക്കുപോക്കുകൾക്ക് ശശികല തയാറെടുക്കുന്നതായും സൂചനയുണ്ട്.
English Summary: Expelled AIADMK Leader VK Sasikala To Return To Tamil Nadu Today