'പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസ് പുറത്ത്; കള്ളവോട്ടിനെതിരെ കര്‍ശന നടപടി'
Mail This Article
തിരുവനന്തപുരം∙ പ്രശ്ന ബാധിത ബൂത്തുകളിൽ കേരള പൊലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കും. കേരള പൊലീസ് ബൂത്തിനു പുറത്തായിരിക്കും. മറ്റുള്ള ബൂത്തുകളിൽ ഇടകലർന്നായിരിക്കും ഡ്യൂട്ടി.
50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. കള്ളവോട്ടിനെതിരെ പോളിങ് ഓഫിസർമാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നു ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ടിനെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. സർക്കാരോ പുതിയ സർക്കാരോ പ്രതികാര നടപടി സ്വീകരിച്ചാൽ ഉദ്യോഗസ്ഥർ നിവേദനം നൽകിയാൽ കർശന നടപടി സ്വീകരിക്കും.
കലാശക്കൊട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായം പറയാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടും. പ്രചാരണത്തിനായി ജാതി, മതപരമായ കാര്യങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. ക്രിമിനൽ കേസുകളുണ്ടെങ്കിൽ നോമിനേഷൻ കൊടുക്കുമ്പോള്‍ സ്ഥാനാര്‍ഥികൾ വെളിപ്പെടുത്തണം. പകരം സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ വിശദീകരണവും പാർട്ടികൾ നൽകണം. ആരെങ്കിലും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കമ്മിഷൻ സുപ്രീം കോടതിയെ അറിയിക്കും. 3 തവണ ഇത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. പൊതുജനങ്ങൾ സ്ഥാനാർഥികളെക്കുറിച്ച് മനസിലാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നയപരമായ കാര്യങ്ങളിൽ സർക്കാരിന് ഉത്തരവിറക്കാൻ കഴിയില്ല. വോട്ടർമാരെ സ്വാധീനിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ല. പിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ നടത്തുന്ന ചർച്ചയെ സംബന്ധിച്ച് പരിശോധിക്കും. പിഎസ്‌സി വിഷയത്തിൽ ഉത്തരവിറക്കണമെങ്കിൽ സർക്കാർ കമ്മിഷന് വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമെങ്കിൽ കമ്മിഷൻ അനുവാദം നൽകും.
തപാൽ ബാലറ്റുകളുടെ അച്ചടി ജില്ലാതലത്തിൽ ആരംഭിച്ചു. 80 വയസ്സു കഴിഞ്ഞവർക്കു പുറമേ ഭിന്നശേഷിക്കാർക്കും, കോവിഡ് ബാധിതർക്കും, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. ഇവരുടെ പട്ടിക തയാറാക്കി കമ്മിഷൻ നേരിട്ട് അപേക്ഷ വീട്ടിലെത്തിക്കും. നാമനിർദേശ പത്രിക പിൻവലിച്ച് 3 ദിവസത്തിനുശേഷം തപാൽ ബാലറ്റ് വിതരണം ചെയ്യും. തപാൽ ബാലറ്റിനു അപേക്ഷിക്കുന്നവരുടെ വിവരം സ്ഥാനാർഥികൾക്കും കൈമാറും. 2 പോളിങ് ഓഫിസർ, സെക്യൂരിറ്റി, വിഡിയോഗ്രാഫർ എന്നിവരുൾപ്പെടുന്ന സംഘം വീട്ടിലെത്തി തപാൽ ബാലറ്റ് കൈമാറും. നടപടികൾ വിഡിയോയിൽ പകർത്തും. ഉദ്യോഗസ്ഥർ തപാൽ ബാലറ്റ് നൽകാൻ പോകുന്ന സമയം സ്ഥാനാർഥിയെയും വോട്ടറെയും അറിയിക്കണം. സ്ഥാനാർഥിക്കു വീടിനുള്ളിൽ കയറാൻ കഴിയില്ല.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതൽ ആളുകൾ വേണ്ടിവരുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 2,30,000 പേരായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ 3,50,000 ആളുകൾ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിനേഷൻ നൽകും. താൽപര്യമില്ലെങ്കിൽ വാക്സീൻ എടുക്കേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
English Sumamry: Webcasting in 50 percent election booths, says Teeka Ram Meena