ADVERTISEMENT

ന്യൂഡൽഹി∙ ബാഹുബലിയെ പിന്നിൽനിന്നു കുത്തിവീഴ്‌ത്തുന്ന കട്ടപ്പയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചർച്ചാവിഷയം. എൻസിപിയെ പിളർത്തിയ അജിത് പവാറിനെ ഒറ്റുകാരനായി ചിത്രീകരിച്ച് ബാഹുബലിയെ പിന്നിൽനിന്നു കട്ടപ്പ കുത്തിവീഴ്‌ത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് എൻസിപിയുടെ വിദ്യാർഥി വിഭാഗം രാഷ്ട്രവാദി വിദ്യാർഥി കോൺഗ്രസ്. എൻസിപിയുടെ ഡൽഹി ഓഫിസിന് മുന്നിലാണ് വിദ്യാർഥി വിഭാഗം പോസ്റ്റർ പതിച്ചത്. 

‘‘ഒളിച്ചിരിക്കുന്ന ഒറ്റുകാരെ രാജ്യം മുഴുവൻ കാണുന്നുണ്ട്. ഇവർക്ക് ജനങ്ങൾ മാപ്പു തരില്ല’’– എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ.  തർക്കങ്ങൾ‌ക്കിടെ എൻസിപിയുടെ ആസ്ഥാനത്തുനിന്നും അജിത് പവാറിന്റെയും പ്രഫൂൽ പട്ടേലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡുകൾ നീക്കം ചെയ്തു. 

അതിനിടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്‌ചിതത്വങ്ങൾക്കിടെ പിന്തുണ നൽകുന്ന എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റി അജിത് പവാർ. എൻസിപി പിളർന്നശേഷം അജിത് പവാറിനൊപ്പം ബിജെപിയുമായി സഹകരിക്കാൻ തയാറായ എംഎൽഎമാരെയാണു ഹോട്ടലിലേക്കു മാറ്റിയത്. അജിത് പവാറിനു പിന്തുണ നൽകിക്കൊണ്ട് ഒപ്പിട്ട സത്യവാങ്മൂലം ഇവർ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചു. പാർട്ടി ചിഹ്നവും പതാകയും തങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിത് വിഭാഗം ജൂൺ 30 തീയതി വച്ച് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകി. ദേശീയ അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തതായി പറയുന്ന പ്രമേയവും ഒപ്പമുണ്ടെങ്കിലും ഇതിൽ തീയതിയില്ല. തന്റെ ഭാഗം കേള്‍ക്കാതെ നടപടിയെടുക്കരുതെന്നും ശരദ് പവാർ തിങ്കളാഴ്ച കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ 53 എൻസിപി എംഎൽഎമാരിൽ 31 പേരെ അണിനിരത്തി അജിത് പവാർ കരുത്തു തെളിയിച്ചു. 14 എംഎൽഎമാർ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 8 പേർ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നിരുന്നു.

English Summary: With Kattappa-Bahubali poster, NCP takes gaddar jibe at Ajit Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com