11 മണിക്കുള്ള കൊച്ചി–ദുബായ് എയർ ഇന്ത്യാ വിമാനം റദ്ദാക്കി, അറിയിച്ചത് 12.30ന്; പ്രതിഷേധിച്ച് യാത്രക്കാർ

Mail This Article
ദുബായ്∙ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള എയർ ഇന്ത്യാ വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 11നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണു റദ്ദാക്കിയത്. എന്നാൽ ഉച്ചയ്ക്ക് 12.30നാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതർ യാത്രക്കാരെ അറിയിച്ചത്. സാങ്കേതിക തകരാർ മൂലം വിമാനം റദ്ദാക്കിയതാണെന്നാണ് അറിയിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഷാർജ, അബുദാബി വഴിയുള്ള വിമാനങ്ങളിൽ ഇവരെ കയറ്റി വിടാമെന്ന് ഉറപ്പ് നൽകി.
ദുബായിലേക്കു പോകേണ്ടവർക്ക് ഡൽഹി വഴിയുള്ള വിമാനം ഏർപ്പാടാക്കാമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിച്ചിട്ടുണ്ട്. അതുവരെ താമസ സൗകര്യം ഏർപ്പെടുത്താമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. താൽപര്യമില്ലാത്തവർക്ക് പണം മടക്കി നൽകുമെന്നും അറിയിച്ചു. അതിനിടെ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയം മാറ്റി. ഉച്ചയ്ക്ക് 1.40നു അബുദാബിയിൽനിന്ന് പോകേണ്ട വിമാനം രാത്രി 8.50ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.