സിഖുകാരെപ്പറ്റി പരാമർശം: രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ പ്രതിഷേധം
Mail This Article
ന്യൂഡൽഹി∙ യുഎസ് സന്ദർശനത്തിനിടെ സിഖ് വിഭാഗവുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കുമുന്നിൽ പ്രതിഷേധം. സിഖ് സമൂഹത്തിന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം.
ബിജെപി അനുകൂല സിഖ് സംഘടനയായ സിഖ് പ്രകോഷ്താണ് പ്രതിഷേധിക്കുന്നത്. പരാമർശം പിൻവലിച്ച് രാഹുൽ മാപ്പു പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ആർ.പി.സിങ്, സിഖ് നേതാക്കൾ തുടങ്ങിയവരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയതായി വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ‘‘രാഹുൽ മാപ്പു പറയണം. സിഖുകാർക്ക് ടർബൻ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുമതിയില്ലെന്ന് പറഞ്ഞ് വിദേശമണ്ണിൽ വച്ച് ഇന്ത്യയെ അപമാനിച്ചിരിക്കുകയാണ്’’– ആർ.പി.സിങ് പറഞ്ഞു.
രാഹുൽ ഗാന്ധി സിഖുകാരെ അപമാനിച്ചുവെന്നും 1984ലെ സിഖ് കലാപത്തിന് കാരണം കോൺഗ്രസാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വാഷിങ്ടനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുലിന്റെ വിവാദ പരാമർശം. ഇന്ത്യയിൽ സിഖുകാരൻ പോരാടുന്നത് ടർബൻ ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ചില മതങ്ങളെയും ഭാഷകളെയും വിഭാഗങ്ങളെയും മറ്റുള്ളവയേക്കാൾ താഴ്ന്നതായി ആർഎസ്എസ് കണക്കാക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.