‘എന്റെ അവകാശം, അവർ നിഷേധിച്ചു’: ഗാസിപുരിൽ ഭരണഘടനയുടെ മാതൃക ഉയർത്തി രാഹുൽ, ഡൽഹിയിലേക്ക് മടങ്ങി
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പൊലീസ് തടഞ്ഞു. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിൽ രാഹുൽഗാന്ധിയും നേതാക്കളും ഡൽഹിയിലേക്ക് മടങ്ങി.
-
Also Read
ഒരുമയില്ലാതെ ഉലഞ്ഞ്, ഇന്ത്യാസഖ്യം
ഗാസിപുരിൽ ഭരണഘടനയുടെ മാതൃക ഉയർത്തി രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. സംഭലിലേക്ക് പോകുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.‘‘ സംഭലിലേക്ക് പോവുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ അവകാശമാണ്. അങ്ങോട്ട് പോകണമെന്നാണ് ആഗ്രഹം. എന്നാൽ പൊലീസ് യാത്ര തടയുകയാണ്. പൊലീസിന് ഒപ്പം പോകാൻ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു’’– രാഹുൽ ഗാന്ധി പ്രവർത്തകരോട് പറഞ്ഞു. സംഭലിൽ നടന്നത് വലിയ തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംഭലിലേക്ക് പോകാനായി യുപി അതിർത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും 11 മണിക്കാണ് പുറപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തിയതോടെ ഡൽഹി–മീററ്റ് റോഡ് ഭാഗികമായി അടച്ചു. ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനങ്ങൾ റോഡിനു കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി. നൂറുകണക്കിന് പ്രവർത്തകരാണ് യുപി അതിർത്തിയിലേക്ക് എത്തിയത്.
റോഡുകൾ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോൺഗ്രസിനെതിരെ ജനരോഷം ഉയർത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നു പ്രവർത്തകർ ആരോപിച്ചു. ഗാസിപുരിലെത്തിയ രാഹുലിനെ സംഭലിലേക്ക് കടത്തി വിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും യുപി പൊലീസ് വഴങ്ങിയില്ല. പൊലീസിനൊപ്പം പോകാമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. പൊലീസ് അനുമതി കാത്ത് ഏറെനേരം രാഹുൽ വാഹനത്തിലിരുന്നു. അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷം രാഹുൽ മടങ്ങി.
രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിയിരുന്നില്ല. യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിച്ചിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് പുറത്തു നിന്നുള്ളവർ സംഭലിലേക്ക് എത്തുന്നതിനെ നേരത്തേ തന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. ഇതു 10 വരെ തുടരും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനൽ കമ്മിഷണറുടെ വാദം.