കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ച് പി.സി.ചാക്കോ, കമൽ ഹാസന് രാജ്യസഭാ സീറ്റ്, പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Mail This Article
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ച് പി.സി.ചാക്കോ തുടങ്ങി നിരവധി വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കമൽ ഹാസന് രാജ്യസഭാ സീറ്റ്, കിഫ്ബി റോഡില്‍നിന്നു ടോള്‍ പിരിക്കുമെന്നു മുഖ്യമന്ത്രി, നീതി നടപ്പാകുംവരെ പോരാടുമെന്ന് ജോളിയുടെ കുടുംബം തുടങ്ങിയവയായിരുന്നു മറ്റു ചില വാർത്തകൾ. ഈ വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെവരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.
യാചിച്ചിട്ടും കുറച്ചു സമയം കൂടി ജോളി മധുവിന് ലഭിച്ചില്ല. ഇന്ന് രാവിലെ 11.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ആ ജീവിതത്തിന് അന്ത്യവിശ്രമമായി. കുടുംബാംഗങ്ങളും കയർ ബോർഡിലെ സഹപ്രവർത്തകരും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് ആദ്യം വീട്ടിലും പിന്നീട് പള്ളിയിലും അവർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. അതിനിടെ, ജോളിയുടെ മരണത്തിൽ നീതി നടപ്പാക്കുന്നതുവരെ പോരാടുമെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതിന് അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടികളെന്നും കുടുംബം വ്യക്തമാക്കി.
കിഫ്ബി റോഡുകളില്‍നിന്നു ടോള്‍ പിരിക്കുമെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണു യൂസര്‍ ഫീസ് പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കാരണം. യൂസര്‍ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരും. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം.
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലൻ (26) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിൽ ബാലന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിനു സമീപത്തായാണ് മൃതദേഹം.