പാതിവില തട്ടിപ്പ്: പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്; ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും വീടുകളിൽ പരിശോധന

Mail This Article
തിരുവനന്തപുരം ∙ പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റെയ്ഡ്. സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ വീട്ടിലും കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ്. അനന്തു കൃഷ്ണന്റെ വീട്ടിലും എൻജിഒ കൊൺഫെഡറേഷന്റെ ഓഫിസിലും പരിശോധനയുണ്ട്. ആനന്ദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥരെത്തി. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് റെയ്ഡ് നടത്തുന്നത്.
ആനന്ദ കുമാറിനു തട്ടിപ്പിൽ മുഖ്യപങ്കെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കിയ ഏജൻസികളുടെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥരെത്തിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ റെയ്ഡ്.
പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിന്റെ പ്രതികരണം. പാതിവിലക്ക് ഉൽപന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.