വീണ്ടും ‘ന്യൂ ഡൽഹിയിൽ’ മമ്മൂട്ടി! ‘ഇടവേള’യിൽ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച, ഒപ്പം ജോൺ ബ്രിട്ടാസും ; മോഹൻലാൽ നാളെ എത്തും

Mail This Article
കൊച്ചി∙ തന്റെ സിനിമ ജീവിതം മാറ്റിമറിച്ച ‘ന്യൂഡൽഹി’ക്കുശേഷം ഷൂട്ടിങ്ങിനായി മമ്മൂട്ടി രാജ്യതലസ്ഥാനത്ത്. ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത് എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറുമായും കൂടിക്കാഴ്ച നടത്തി. ജോൺ ബ്രിട്ടാസ് എംപിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. ഈ മാസം 25 വരെയാണ് ഡൽഹിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങുള്ളത്.
ഷൂട്ടിങ്ങിനായി മോഹൻലാൽ നാളെ ഡൽഹിയിൽ എത്തും. ആദ്യമായാണ് രണ്ടു സൂപ്പർ താരങ്ങളും ഒരു ഷൂട്ടിനായി ഡൽഹിയിൽ ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. അതിനുശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിങ് ആൻഡ് കമ്മിഷണർ ആണ് ഡല്‍ഹിയിൽ ഷൂട്ട് ചെയ്ത മമ്മൂട്ടി ചിത്രം.
മമ്മൂട്ടിയും മോഹൻലാലും ഡൽഹിയിൽ ഒരുമിക്കുന്നു എന്നതിനു പുറമെ 18 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരടക്കം ചിത്രത്തിലുണ്ട്.