‘2024ൽ 335 കൊലപാതക കേസുകൾ, പിടികൂടിയത് 4500 കിലോ കഞ്ചാവ്; അർബൻ മാവോയിസ്റ്റുകൾക്കെതിരെ ജാഗ്രത’

Mail This Article
തിരുവനന്തപുരം∙ അർബൻ മാവോയിസ്റ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്. ദർവേഷ്. നഗര പരിധികളിലുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. നാട്ടിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന എന്തുണ്ടായാലും അതിനെ അടിച്ചമര്‍ത്തണമെന്നും അവ ഏതുഭാഗത്തുനിന്നു വന്നാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ലഹരിമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണം. സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇതിനായി ജില്ലാതലങ്ങളില്‍ ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സുമായി സംയോജിച്ചു പ്രവര്‍ത്തിക്കണം. 2024ല്‍ സംസ്ഥാനത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കൈവശം വച്ചതിനും കടത്തിക്കൊണ്ടുവന്നതിനും 258 കേസുകളില്‍ 239 കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞു. 565 പ്രതികളെ അറസ്റ്റ് ചെയ്തു. പിടികൂടിയവയിൽ 4500 കിലോ കഞ്ചാവും 24 കിലോ എംഡിഎംഎയും ഉള്‍പ്പെടുന്നു.
മറ്റു കുറ്റകൃത്യങ്ങള്‍ അനേഷിക്കുന്നതിലുള്ള അതേ ജാഗ്രത സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലും വേണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്ത ഓരോ കേസുകളും ജില്ലാ പൊലീസ് മേധാവികള്‍ പ്രത്യേകമായി പരിശോധിക്കണം. വ്യാജ പ്രലോഭനങ്ങളിലൂടെയുള്ള നിക്ഷേപത്തട്ടിപ്പുകളിൽ വിദ്യാസമ്പന്നര്‍ പോലും കുടുങ്ങുകയാണ്. ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന പ്രവണത കണ്ടില്ലെന്നു നടിക്കാനാവില്ല. പൊലീസില്‍ ഗുണ്ടകളെ സഹായിക്കുന്ന പ്രവണതയുളളവരുണ്ടെങ്കില്‍ മുളയിലേ നുള്ളണം. കുടുംബ തര്‍ക്കങ്ങളും ബന്ധുജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളിലും കൂട്ടആത്മഹത്യകളിലും എത്തുന്ന പ്രവണത കൂടി വരികയാണ്. ഇത്തരം കേസുകളില്‍ തുടക്കത്തില്‍തന്നെ ശാസ്ത്രീയ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 335 കൊലപാതകക്കേസുകളാണ് കഴിഞ്ഞവർഷമുണ്ടായത്. ഇതിൽ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്തി. 553 പ്രതികള്‍ ഉള്ളതില്‍ 540 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം 48,906 റോഡപകടങ്ങളിലായി 3795 മരണങ്ങളുണ്ടായി. എന്നാല്‍ മരണനിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 285 എണ്ണം കുറവാണെന്നും ഡിജിപി പറഞ്ഞു.