‘കൊച്ചുമകളുടെ കല്യാണത്തിനുള്ള പണം, പറ്റിക്കപ്പെട്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത്’; ‘ബില്യൻ ബീസിൽ' നൂറോളം ഇരകൾ

Mail This Article
തൃശൂർ ∙ ‘‘കൊച്ചുമകളുടെ കല്യാണത്തിനായി മകൾ കൂട്ടിവച്ചിരുന്ന പണം എന്റെ കയ്യിൽ ഏൽപിച്ചിരുന്നതാണ്. ആ പണമാണ് ഞാൻ ബില്യൻ ബീസിൽ നിക്ഷേപിച്ചത്. ഞങ്ങളിൽനിന്ന് വാങ്ങിയ പണം ഓഹരി ട്രേഡിങ്ങിലിട്ട് മാസാമാസം ലാഭവിഹിതം തരാമെന്നാണ് കമ്പനി ഉടമ ബിബിൻ പറഞ്ഞിരുന്നത്. എന്റെ അയൽക്കാരനായ ഒരാൾ നേരത്തെ അവിടെ പണം ഇട്ടിട്ടുണ്ട്. അയാൾക്ക് രണ്ടു വർഷത്തിലേറെ സ്ഥിരമായി ലാഭവിഹിതം കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ എന്നെയും കൊണ്ടുപോയി ചേർത്തതാണ്. 2023 ഒക്ടോബറിൽ 5 ലക്ഷം രൂപയും ഡിസംബറിൽ 8.5 ലക്ഷം രൂപയും ഇട്ടു. 51,000 രൂപ മാസം തോറും നൽകുമെന്നാണ് പറഞ്ഞത്. പക്ഷേ കുറച്ചുമാസങ്ങൾക്കുശേഷം പണം കിട്ടുന്നത് നിന്നു. പിന്നീടാണ് സ്ഥാപനം പൂട്ടിപ്പോയെന്നും അവർ രാജ്യംവിട്ടെന്നും മനസ്സിലായത്’– ഇരിങ്ങാലക്കുടയിലെ ബില്യൻ ബീസ് ഷെയർ ട്രേഡിങ് സ്ഥാനപത്തിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവരിൽ ഒരാളായ കോട്ടയം പാല അയർക്കുന്നം സ്വദേശിയായ 75കാരി മനോരമ ഓൺലൈനോട് പറഞ്ഞു.
വലിയ ഓഫിസും കാര്യങ്ങളുമൊക്കെയായിരുന്നു അവരുടേത്. ഇരിങ്ങാലക്കുടയിലെ ഓഫിസ് ഒന്നരയേക്കറിലോ മറ്റോ ആണ്. ഒന്നും പേടിക്കാനില്ല. കമ്പനി നഷ്ടത്തിലായാലും പണം നൽകുമെന്നു ബിബിൻ ഞങ്ങളോടൊക്കെ പറഞ്ഞിരുന്നു. അവർ ഒപ്പിട്ട ചെക്ക് ഇപ്പോഴും കൈവശമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 2019 മുതലാണ് ഇരിങ്ങാലക്കുടയിൽ ബില്യൻ ബീസ് പ്രവർത്തനം തുടങ്ങുന്നത്. ആദ്യമെല്ലാം നിക്ഷേപകർക്ക് കൃത്യമായി ലാഭവിഹിതം നൽകി അവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട് 2023ന്റെ പകുതിയോടെ പലർക്കും ലാഭവിഹിതം മുടങ്ങാൻ തുടങ്ങി. ആരോ ചതിച്ചെന്നും ഫണ്ട് എത്തിക്കാൻ അക്കൗണ്ടിൽ പ്രശ്നമുണ്ട് എന്നൊക്കെയാണ് പണം തിരിച്ചുചോദിച്ചു ചെന്ന നിക്ഷേപകരോട് ബിബിനും പങ്കാളികളും പറഞ്ഞിരുന്നത്. അത്യാവശ്യമാണ് പണം വേണമെന്ന് പറഞ്ഞ് വിളിക്കുമ്പോൾ പത്തോ അയ്യായിരമോ അക്കൗണ്ടിൽ ഇട്ടുതരും. പിന്നീട് കമ്പനി പൂട്ടുകയാണെന്നറിഞ്ഞ് ഇരിങ്ങാലക്കുടയിലെത്തിയപ്പോൾ ബിബിൻ അവിടെ ഉണ്ടായിരുന്നില്ല. അയാളുടെ ഭാര്യയാണ് കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നത്.

അടുത്ത തവണ വരുമ്പോൾ പണം നൽകുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. പിന്നീട് വൈദ്യുതിയുടെ ബിൽ രണ്ടുലക്ഷത്തോളം രൂപ അടയ്ക്കാതെ ഇവരുടെ ഓഫിസിലെ ഫ്യൂസ് ഊരിയെന്നറിഞ്ഞു. അതോടെ കംപ്യൂട്ടറൊന്നും പ്രവർത്തിപ്പിക്കാൻ കഴിയാതെ സ്ഥാപനം പൂട്ടുകയാണെന്നറിഞ്ഞ് ചെന്നപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു പൂർണ ബോധ്യമായത്. ഇവരുടെ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ പ്രായമായ അമ്മയും അച്ഛനും മാത്രമാണുണ്ടായിരുന്നത്. മകനെ ഒരാൾ ചതിച്ചെന്നും നിങ്ങൾ പേടിക്കേണ്ട പണം തിരിച്ചുതരും എന്നും അവർ പറഞ്ഞു. പിന്നീട് ഈ മാതാപിതാക്കളെയും ബിബിനും ഭാര്യയും സഹോദരങ്ങളും ദുബായിൽ എത്തിച്ചു. അതിനുശേഷം ആരും ഫോണെടുക്കുന്നില്ല, മെസേജും അയയ്ക്കുന്നില്ല–പരാതിക്കാരി പറഞ്ഞു.
2021ൽ പാലായിൽ ഇവർ ഓഫിസ് തുറന്നപ്പോഴാണ് അവിടെ നിക്ഷേപം നടത്തിയതെന്ന് തട്ടിപ്പിനിരയായ മറ്റൊരു വ്യക്തി പറഞ്ഞു. ‘പത്തുപതിനാല് വർഷം ഞാൻ പ്രവാസിയായിരുന്നു. അവിടെനിന്ന് അവസാനിപ്പിച്ച് നാട്ടിലേക്കു പോകുമ്പോൾ കൈയിലുണ്ടായിരുന്ന സമ്പാദ്യമായ 20 ലക്ഷം രൂപയാണ് ബില്യൻ ബീസിലിട്ടത്.

എന്റെ ഒരു ബന്ധു കുറച്ചുനാൾ ഇവരുടെ പാലാ ഓഫിസിൽ ജോലി ചെയ്തിരുന്നു. അയാൾ മുഖേനെയാണ് ഇതിനെക്കുറിച്ചറിഞ്ഞതും പണമിട്ടതും. ആദ്യം കുറച്ചു പണം ഇട്ടതിനുശേഷം നാലഞ്ച് മാസത്തിനുള്ളിൽ പിൻവലിച്ചു. അന്ന് പണം ബുദ്ധിമുട്ടില്ലാതെ തിരിച്ചുതന്നു, ലാഭവിഹിതവും കൃത്യമായി നൽകി. പിന്നീട് കുറേനാൾ പണമൊന്നും ഇട്ടില്ല. 2023 മാർച്ചിലാണ് 20 ലക്ഷം കൊടുത്തത്. ഒക്ടോബറിനുശേഷം പിന്നീട് പണം കിട്ടാതെയായി. ചോദിക്കുമ്പോൾ ദുബായിൽനിന്ന് വന്ന ഫണ്ട് നിയമപ്രശ്നങ്ങൾ കാരണം അക്കൗണ്ടിലേക്ക് മാറ്റാനാവുന്നില്ലെന്നും പുതിയ അക്കൗണ്ട് തുടങ്ങണം എന്നെല്ലാം പറഞ്ഞു. അവസാനം പറഞ്ഞത് 2024 മാർച്ചുമുതൽ എല്ലാവരുടെയും പണം ആറു ഗഡുക്കളായി തന്നുതീർക്കുമെന്നാണ്. അതും വിശ്വസിച്ച് കുറേനാൾ കാത്തിരുന്നു. പിന്നീട് സ്ഥാപനം പൂട്ടി ഇവർ വിദേശത്തേക്ക് കടന്നപ്പോഴാണ് പണം കിട്ടില്ലെന്ന് മനസ്സിലായത്.’–പരാതിക്കാരൻ പറഞ്ഞു.
നൂറോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. രണ്ടു കോടിയിലേറെ രൂപ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽപ്പെടുന്നു. നാണക്കേട് ഭയന്നും പരാതി കൊടുത്താൽ ഒരിക്കലും ഇനി പൈസ കിട്ടില്ലെന്ന് കരുതിയും ഒട്ടേറെപ്പേർ ഇനിയും പരാതി കൊടുക്കാൻ തയ്യാറായിട്ടില്ല.